രാജ് കുമാര്‍ ആനന്ദ്
രാജ് കുമാര്‍ ആനന്ദ്

ഡല്‍ഹിയില്‍ രാജ് കുമാര്‍ ആനന്ദ് പുതിയ സാമൂഹ്യക്ഷേമ മന്ത്രി

മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജി വെച്ച ഒഴിവിലേക്കാണ് രാജ് കുമാര്‍ ആനന്ദ് എത്തുന്നത്

ഡല്‍ഹിയില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാജ് കുമാര്‍ ആനന്ദ് ചുമതലയേറ്റു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ രാജ് നിവാസില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മതപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് വിവാദത്തിലായ രാജേന്ദ്ര പാലിന് പകരമാണ് രാജ് കുമാര്‍ ചുമതലയേറ്റത്. മന്ത്രിയായി ചുമതലയേറ്റ രാജ് കുമാര്‍ ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ സക്‌സേന ട്വീറ്റ് ചെയ്തു. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത രാജ് കുമാറിന് ആശംസ നേരുന്നുവെന്നും സത്യസന്ധതയോടെ ജനങ്ങളെ സേവിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ചുമതലയേറ്റെടുത്ത ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രാജ് കുമാര്‍ നന്ദി അറിയിച്ചു. ഡല്‍ഹി പട്ടേല്‍ നഗര്‍ എംഎല്‍എ ആയ രാജ് കുമാര്‍ മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന ബിജെപിയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പാല്‍ ഒക്ടോബര്‍ 9ന് രാജി വെച്ചത്. രാജേന്ദ്ര പാല്‍ ഒരു ബുദ്ധമത ചടങ്ങില്‍ പങ്കെടുക്കുകയും ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ലെന്ന സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തതാണ് വിവാദമായത്.

രാജ് കുമാര്‍ ആനന്ദ്
മതപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് വിവാദത്തിലായ ഡൽഹി മന്ത്രി രാജിവെച്ചു; ചങ്ങലകളിൽ നിന്ന് മുക്തനായെന്ന് രാജേന്ദ്ര പാൽ

അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ 66ാം വാര്‍ഷികത്തോടനുബന്ധിച്ച് 7000ത്തോളം ആളുകളെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ഒക്ടോബര്‍ 5ന് ഡല്‍ഹി അംബേദ്കര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഹിന്ദു ദൈവങ്ങളായ ശിവന്‍, ബ്രഹ്‌മാവ്, വിഷ്ണു എന്നിവരെ ഇനിമുതല്‍ ദൈവമായി അംഗീകരിക്കില്ല എന്ന വാചകമാണ് രാജേന്ദ്ര പാല്‍ ചൊല്ലിക്കൊടുത്തത്.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ ബിജെപി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയുമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറിവോടെയാണ് ചടങ്ങില്‍ മന്ത്രി പങ്കെടുത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് രാജേന്ദ്ര പാൽ രാജി വെക്കുകയും താൻ നിരവധി ചങ്ങലകളിൽ നിന്ന് മോചിതനായെന്നും പുതു ജന്മം ലഭിച്ചുവെന്നും രാജിക്ക് ശേഷം ട്വീറ്റ് ചെയ്യുകയും ചെയ്തു. സമൂഹത്തിലുള്ള അതിക്രമങ്ങൾക്കെതിരെയും അവകാശങ്ങൾക്ക് വേണ്ടിയും അനീതിക്കെതിരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in