ആംആദ്മി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ആംആദ്മി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

അഞ്ച് എം പിമാരുടെ ഒപ്പ് വ്യാജമായി ചേർത്തുവെന്ന പരാതിയിൽ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെയാണ് സസ്‌പെന്‍ഷൻ

ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് എം പിമാരുടെ ഒപ്പ് വ്യാജമായി ചേർത്തുവെന്ന പരാതിയിൽ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെയാണ് സസ്‌പെന്‍ഷൻ. ഡൽഹി ഭരണ നിയന്ത്രണ പരിശോധിക്കാനുള്ള സമിതിയിലേക്ക് എം പിമാരുടെ പേര് അവരുടെ സമ്മതമില്ലാതെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

അവകാശലംഘന പരാതിയിൽ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് സമര്‍പ്പിക്കുന്നതുവരെ രാഘവ് ഛദ്ദയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സഭാ നേതാവ് പിയൂഷ് ഗോയല്‍ കൊണ്ടുവന്ന പ്രമേയം രാജ്യസഭ പാസാക്കുകയായിരുന്നു. ഡൽഹി ഭരണ നിയന്ത്രണ ബിൽ പരിശോധിക്കാൻ സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എംപിമാരായ സസ്മിത് പത്ര, എസ് ഫാങ്‌നോൺ കൊന്യാക് , നർഹരി അമിൻ , സുധാംശു ത്രിവേദി , എം തമ്പിദുരൈ എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്.

എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എംപിമാർ ആരോപിക്കുകയായിരുന്നു. തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ എംപിമാരുടെ പരാതി പരിശോധിക്കാനും അന്വേഷിക്കാനുമായി പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

അതേസമയം, മറ്റൊരു ആംആദ്മി എംപി സഞ്ജയ് സിങ്ങിന്റെ സസ്പെന്‍ഷന്‍ കാലാവധിയും നീട്ടി. അദ്ദേഹത്തിനെതിരായ പരാതികളില്‍ പ്രിവിലേജ് കമ്മിറ്റി തീരുമാനമെടുക്കുന്നത് വരെയാണ് സസ്പെൻഷൻ നീട്ടിയത്.

ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ പാർലമെന്റിൽനിന്ന് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്. 'ആവർത്തിച്ചുള്ള മോശം പെരുമാറ്റം' എന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയാണ് അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്തത്.

ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പ്രതിയായി നിലവിൽ യുകെയിൽ കഴിയുന്ന നീരവ് മോദിയുമായി പ്രധാനമന്ത്രിയെ അധിർ രഞ്ജൻ ചൗധരി ഉപമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന ഉറച്ച നിലപാടിലാണ് അധിർ രഞ്ജൻ ചൗധരി. സസ്‌പെൻഡ് ചെയ്ത നടപടി ഭൂരിപക്ഷമുള്ളതിന്റെ അഹന്തയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ 'നീരവ്' എന്ന വാക്കിന്റെ അർഥം 'മൗനം' എന്നാണ്. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും ലോക്‌സഭാ നേതാവ് പറഞ്ഞു. നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം .

logo
The Fourth
www.thefourthnews.in