കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം 
പങ്കിട്ട് എഎപി പ്രവർത്തകർ

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം പങ്കിട്ട് എഎപി പ്രവർത്തകർ

നാലാം നമ്പർ ഗേറ്റ് വഴി തിഹാർ ജയിലിനു പുറത്തിറങ്ങിയ കെജ്‌രിവാൾ തുടർന്ന് കാറിനു മുകളിൽ കയറി പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തു

മദ്യനയക്കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനുപിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽമോചിതനായി. തിഹാർ ജയിലിൽനിന്ന് 50 ദിവസത്തിനുശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.

കെജ്‌രിവാളിന്റെ മോചനം പാട്ടും നൃത്തവുമായി ആം ആദ്മി പ്രവർത്തകർ ആഘോഷമാക്കി. അദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് ജയിലിനു മുന്നിലെത്തിയത്. നാലാം നമ്പർ ഗേറ്റ് വഴി പുറത്തിറങ്ങിയ കെജ്‌രിവാൾ തുടർന്ന് കാറിനു മുകളിൽ കയറി പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തു.

ഡൽഹിയിലെ എല്ലാ എംഎൽഎമാരോടും മുൻസിപ്പൽ കൗൺസിലർമാരോടും തിഹാറിലേക്കെത്താൻ പാർട്ടി നിർദേശം നൽകിയിരുന്നു. പ്രവർത്തകർ തടിച്ചുകൂടാൻ സാധ്യതയുള്ളതിനാൽ തിഹാർ ജയിലിനു പുറത്ത് നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. കെജ്‌രിവാൾ റോഡ് ഷോ ആയാണ് തിഹാറിൽനിന്ന് എഎപി ആസ്ഥാനത്തേക്കു പോകുകയെന്നാണ് റിപ്പോർട്ട്. കെജ്‌രിവാളിന്റെ ഭാര്യ സുനിത നേരത്തെ ജയിലിനു മുന്നിലെത്തിയിരുന്നു.

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം 
പങ്കിട്ട് എഎപി പ്രവർത്തകർ
'മദ്യനയക്കേസിലെ പങ്കിനെക്കുറിച്ച് സംസാരിക്കരുത്'; കെജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതി

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജൂൺ ഒന്നു വരെയാണ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് ഒരു നേതാവിന് ജാമ്യം നൽകുന്ന സാഹചര്യം നേരത്തെ ഉണ്ടായിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൗലികാവകാശമല്ലാത്തതിനാൽ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകരുതെന്നും ഇ ഡി വാദിച്ചിരുന്നെങ്കിലും കോടതി കണക്കിലെടുത്തില്ല.

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ''തിരഞ്ഞെടുപ്പ് നടക്കുകയാണ്. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല,'' കോടതി വ്യക്തമാക്കി.

ജാമ്യം ലഭിച്ചതിനെ തുടർന്ന് സന്തോഷവും ആത്മവിശ്വാസവും പങ്കുവച്ച് ആം ആദ്മി നേതാക്കൾ രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതു മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനത്തിലൂടെ സത്യം വിജയിക്കുകയായിരുന്നെന്നും ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി പറഞ്ഞു.

''ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചതിന് സുപ്രീം കോടതിയോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം നന്ദിയുണ്ട്. അസാധാരണ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം ലഭിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള അവസാന അവസരമാണിത്,'' ആം ആദ്മി പാർട്ടി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം 
പങ്കിട്ട് എഎപി പ്രവർത്തകർ
രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

കെജ്‌രിവാളിന്റെ ജാമ്യത്തിൽ ആവേശത്തിലാണ് പ്രതിപക്ഷ പാർട്ടികളും ഇന്ത്യ സഖ്യവും. കെജ്‌രിവാളിന് ജാമ്യം ലഭിച്ചതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനം വളരെ സഹായകരമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു.

''കോടതി തീരുമാനം ശരിയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് അരവിന്ദ് കെജ്‌രിവാളിനെ മാറ്റിനിര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടയ്ക്കുകയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നു മാറ്റിനിര്‍ത്തുകയുമാണ് ബിജെപി നയം. ബിജെപി തുടങ്ങി വച്ച ഏകാധിപത്യത്തിനുള്ള അവസാനമാണിത്,''എഐസിസിയുടെ ഡല്‍ഹിയുടെയും ഹരിയാനയുടെയും ചുമതലയുള്ള ദീപക് ബബരിയ പ്രതികരിച്ചു.

മദ്യനയ കേസിലെ തന്റെ പങ്കിനെ കുറിച്ച് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കരുത് എന്നും മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രെട്ടറിയേറ്റിലോ പോകാൻ പാടില്ലെന്നും, ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ആവശ്യമുള്ള അത്യാവശ്യ ഫയലുകളൊഴികെ മറ്റൊന്നിലും ഒപ്പിടരുത് എന്നും ജാമ്യവ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം 
പങ്കിട്ട് എഎപി പ്രവർത്തകർ
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്. വിശദമായ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും കേസിൽ അടുത്തയാഴ്ചയോടെ വാദം കേൾക്കൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി.

ജൂൺ ഒന്നിനാണ് ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്നത്. അതു കഴിഞ്ഞ് രണ്ടാം തീയതി കെജ്‌രിവാൾ തിരിച്ച് ജയിലിൽ ഹാജരാകണം.

logo
The Fourth
www.thefourthnews.in