ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാൻ കേന്ദ്രം? സർഗാത്മകതയുടെ പേരിൽ എന്തും അനുവദിക്കാനാകില്ലെന്ന്  അനുരാഗ് ഠാക്കൂർ

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാൻ കേന്ദ്രം? സർഗാത്മകതയുടെ പേരിൽ എന്തും അനുവദിക്കാനാകില്ലെന്ന് അനുരാഗ് ഠാക്കൂർ

ആവശ്യമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി

ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. സർഗാത്മകതയുടെ പേരിലുള്ള അശ്ലീലവും ദുരുപയോഗവും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നാൽ മന്ത്രാലയം പിന്നോട്ട് പോകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

''അധിക്ഷേപകരമായ ഭാഷയും മോശം പെരുമാറ്റവും സർഗാത്മകതയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കാനാകില്ല. അശ്ലീല ഉള്ളടക്കം വർധിച്ചു വരുന്നു എന്ന പരാതിയെ സർക്കാർ ഗൗരവമായി കാണുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടത് ഉണ്ടെങ്കിൽ അതിനും തയ്യാറാണ്. അശ്ലീലവും ദുരുപയോഗവും തടയാനുള്ള എല്ലാ കർശന നടപടികളും ഇതിനായി സ്വീകരിക്കും.'' അനുരാഗ് താക്കൂർ പറഞ്ഞു. ''ആദ്യ തലത്തിൽ നിർമാതാക്കളാണ് ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കേണ്ടത്. ഏകദേശം 90 ശതമാനം പരാതികളും ആദ്യ തലത്തിൽ തന്നെ പരിഹരിക്കാനാകും. എല്ലാം പൂർണമായും പരിഹരിക്കാൻ സാധിക്കുന്നതാണ് രണ്ടാം ഘട്ടം. സർക്കാരിലേക്ക് എത്തുന്ന പരാതികൾക്ക് കർശന നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. എന്നാലും കഴിഞ്ഞ കുറച്ചു കാലമായി ഒടിടി സംബന്ധിച്ച പരാതികൾ വർധിച്ചു വരികയാണ്'' അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടിടിയിൽ അശ്ലീലതയ്ക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ടിവിഎഫ് ഒടിടി പ്ലാറ്റ്ഫോമിനെതിരെയും അഭിനേതാക്കൾക്കെതിരെയും കേസെടുത്ത കോടതി, ഒടിടിയിലെ ഉള്ളടക്കവും ഭാഷാ പ്രയോഗവും നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഈ വർഷം ജനുവരിയിൽ അനുരാഗ് താക്കൂർ പറഞ്ഞിരുന്നു. 'സർഗാത്മകതയെ നിയന്ത്രിക്കരുത്, അതിന് സ്വന്തനിയന്ത്രണം ഉണ്ടായിരിക്കണം. എന്നാൽ എന്തും കാണിക്കുന്ന തരത്തിൽ അത് അതിരുകടക്കരുത്' ഇതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ. എന്നാൽ ഇന്ന് നിലപാട് കർശനമാക്കാനൊരുങ്ങുകയാണ് സർക്കാരെന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയുടെ ഇന്നത്തെ വാക്കുകൾ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in