ജെഎന്‍യുവില്‍ സംഘര്‍ഷം; എബിവിപി പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി, ആറ് പേര്‍ക്ക് പരിക്ക്

ജെഎന്‍യുവില്‍ സംഘര്‍ഷം; എബിവിപി പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി, ആറ് പേര്‍ക്ക് പരിക്ക്

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ആക്രമിക്കുകയായിരുന്നെന്ന് ആക്ഷേപം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരും സുരക്ഷാ ഗാര്‍ഡുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. രണ്ട് വര്‍ഷത്തിലേറെയായി തടഞ്ഞുവച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ യൂണിഫോം ധരിച്ച ഒരു കൂട്ടം സുരക്ഷാ ഗാര്‍ഡുകള്‍ തടയാന്‍ ശ്രമിക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോ പുറത്തുവന്നു

സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ രാവിലെ 11 മണിയോടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ് വകുപ്പില്‍ എത്തിയിരുന്നു, എന്നാല്‍ ഗാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി എബിവിപി ജെഎന്‍യു പ്രസിഡന്റ് രോഹിത് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ അഭാവമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സേവനം ലഭിക്കാതിരിക്കാന്‍ കാരണം എന്നും രോഹിത് കുമാര്‍ പറഞ്ഞു

'നേരത്തെ 17 ജീവനക്കാര്‍ ഉണ്ടായിരുന്ന വകുപ്പില്‍ ഇപ്പോള്‍ വെറും നാല് ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. രണ്ട് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുന്നു. അവര്‍ക്ക് എംസിഎം (മെറിറ്റ്-കം- മീന്‍സ്), ജെആര്‍എഫ് ഉള്‍പ്പടെയുള്ള നെറ്റ് ഇതര സ്‌കോളര്‍ഷിപ്പുകള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ യൂണിഫോം ധരിച്ച ഒരു കൂട്ടം സുരക്ഷാ ഗാര്‍ഡുകള്‍ തടയാന്‍ ശ്രമിക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തറയില്‍ രക്തക്കറയും, ചവറ്റുകുട്ടകളില്‍ രക്തം പുരണ്ട വസ്ത്രങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നെന്നും ഡല്‍ഹി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

വേണ്ടത്ര സമയം നല്‍കിയിട്ടും പരാതികള്‍ പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും, വിവരം അന്വേഷിക്കാനെത്തിയ തങ്ങളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയുമായിരുന്നു എന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതുവരെ ഓഫീസില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് സര്‍വ്വകലാശാല ഇതുവരെയും ഒരു പ്രതികരിച്ചിട്ടില്ല.

ക്യാമ്പസില്‍ ഇന്നുണ്ടായ അക്രമ സംഭവങ്ങള്‍ എബിവിപി മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും ജെഎന്‍യുഎസ്‌യു ആരോപിച്ചു. ക്യാമ്പസില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ക്രമരഹിതമായ ഫെലോഷിപ്പ് വിതരണം, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, കാമ്പസിനുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക പീഡന കേസുകള്‍ എന്നിവ സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി ആശങ്കകള്‍ ഉണ്ട്. ഈ വിഷയങ്ങളില്‍ നിരവധി പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in