'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

വിഷയത്തില്‍ ഗൗരവ അന്വേഷണം നടത്താനും കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കാനും കെജ്‌രിവാള്‍ നിര്‍ദേശിച്ചതായി സഞ്ജയ് സിങ് പറഞ്ഞു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ആക്രമിച്ചെന്ന എംപി സ്വാതി മലിവാളിനെ മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്. വിഷയത്തില്‍ ഗൗരവ അന്വേഷണം നടത്താനും കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കാനും കെജ്‌രിവാള്‍ നിര്‍ദേശിച്ചതായി സഞ്ജയ് സിങ് പറഞ്ഞു.

വളരെ നിന്ദ്യമായ സംഭവമാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഉണ്ടായതെന്നും അരവിന്ദ് കെജ്‌രിവാള്‍ ക്ഷണിച്ചതനുസരിച്ച് കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗിക വസതിയില്‍ എത്തിയ സ്വാതി മലിവാളിനെ സ്വീകരണ മുറിയില്‍ കാത്തിരിക്കവെ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായ വൈഭവ് കുമാര്‍ ആക്രമിക്കുകയായിരുന്നെന്നും സഞ്ജയ് സിങ് പറഞ്ഞു. ഉടന്‍ തന്നെ സ്വാതി മലിവാള്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാഫംഗത്തിന്റെ പ്രവൃത്തിയെ അപലപിച്ച സഞ്ജയ് സിങ് സ്വാതി മലിവാളിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ''രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് സ്വാതി മലിവാള്‍. ആം ആദ്മി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അവര്‍. കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി ഒറ്റക്കെട്ടായി സ്വാതി മലിവാളിനൊപ്പം നില്‍ക്കുകയാണ്. ഇത്തരം പ്രവൃത്തികളെ പാര്‍ട്ട് പിന്തുണയ്ക്കില്ല. കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കും''- സഞ്ജയ് സിങ് പറഞ്ഞു.

ഇന്നലെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരേ പരാതിയുമായി സ്വാതി മലിവാള്‍ രംഗത്തു വന്നത്. ഇതിനു പിന്നാലെ പഞ്ചാബിക്കേുള്ള എഎപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് സ്വാതിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. സ്വാതിക്കെതിരായ ആക്രമണത്തില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ മകെജ്‌രിവാളിന് കഴിയില്ലെന്നു ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in