രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ

രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ

തമിഴ്‌നാട്ടിൽ നല്ല നേതാക്കൾ വേണമെന്നും രാഷ്ട്രീയം ഭാവിയിൽ കരിയർ ഓപ്ഷനായി മാറണമെന്നും വിജയ് അഭിപ്രായപ്പെട്ടു

''അടുത്ത കാലത്തായി തമിഴ്‌നാട്ടില്‍ മയക്കുമരുന്ന് യുവാക്കള്‍ക്കിടയില്‍ സുലഭമാണ്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും രക്ഷിതാവെന്ന നിലയിലും എനിക്ക് പോലും ഭയമാണ്. ലഹരിയുടെ ഈ അതിപ്രസരം തടയേണ്ടതും യുവാക്കളെ രക്ഷിക്കുകയെന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു.'' തമിഴ് സൂപ്പര്‍ താരം വിജയ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെ ആയിരുന്നു.

ഇതാദ്യമായാണ് വിജയ് ഏതെങ്കിലും ഒരു സര്‍ക്കാരിനെതിരെ സിനിമയ്ക്ക് അപ്പുറത്ത് പരോക്ഷമായെങ്കിലും പ്രതികരിക്കുന്നത്

തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുവെന്ന് വ്യക്തമാക്കുകയാണ് വിജയ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രതികരണങ്ങളിലൂടെ. ഇതില്‍ ഏറ്റവും ഒടുവിലേതാണ് ഡിഎംകെ സര്‍ക്കാരിനെതിരായ പരാമര്‍ശം. ഇതാദ്യമായാണ് വിജയ് ഏതെങ്കിലും ഒരു സര്‍ക്കാരിനെതിരെ സിനിമയ്ക്ക് അപ്പുറത്ത് പരോക്ഷമായെങ്കിലും പ്രതികരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ
വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലേക്ക്;റിലീസ് ചെയ്യുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം

''രാഷ്ട്രീയവും ഒരു കരിയറായി കാണാന്‍ പുതുതലമുറ തയ്യാറാകണം. മികച്ച ഡോക്ടര്‍മാരും എൻജിനീയര്‍മാരും അഭിഭാഷകരും ഉള്ളതുപോലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകണം. രാഷ്ട്രീയവും ഒരു കരിയര്‍ ഓപ്ഷന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ല നേതാക്കളെയാണ് നാടിനു വേണ്ടത്. നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലെത്തണം. വിദ്യാര്‍ഥികള്‍ ഓരോ വിവരങ്ങളും ക്രോസ് ചെക്ക് ചെയ്യണം. സോഷ്യല്‍ മീഡിയ മുതല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ പലവിധ വിവരങ്ങള്‍ നമുക്ക് മുന്നിലെത്തിക്കുന്നു. എല്ലാം കാണുക, എന്നാല്‍ ശരിയും തെറ്റും വിശകലനം ചെയ്യുക, അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സാമൂഹിക തിന്മകള്‍ മനസ്സിലാക്കാനും കഴിയൂ,'' എന്നും വിജയ് പറഞ്ഞു.

രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഫഹദ് ഫാസിലിന്റെ 'പൈങ്കിളി'യുടെ വിളയാട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

ലഹരി വിഷയം ഉയര്‍ത്തി പരോക്ഷമായെങ്കിലും തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിജയ് പരസ്യമായി രംഗത്തെത്തുന്നതിലൂടെ തന്റെ രാഷ്ട്രീയ നിലപാട് കൂടിയാണ് പറഞ്ഞുവെയ്ക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് നിയന്ത്രിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നല്ല വിദ്യാഭ്യാസമുള്ള നേതാക്കള്‍ രാഷ്ട്രീയത്തിലേക്കു വരണമെന്നും വിജയ് പറഞ്ഞുവയ്ക്കുമ്പോള്‍ സംസ്ഥാനത്തെ പരമ്പരാഗത രാഷ്ട്രീയക്കാരെ കൂടി ലക്ഷ്യമിടുകയാണ് അദ്ദേഹം. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനായ 'സര്‍ക്കാര്‍' എന്ന സിനിമയിലെ കഥാപാത്രം സംസാരിച്ചതും ഇതേ ഭാഷയായിരുന്നു. സമൂഹത്തിലെ വിദ്യാസമ്പന്നരായ യുവാക്കളെ കൂടെക്കൂട്ടുകയെന്ന ഉദ്ദേശ്യവും പരാമര്‍ശങ്ങളില്‍നിന്നു വായിച്ചെടുക്കാം.

രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ
കാത്തിരിപ്പുകൾക്കും ട്രോളുകൾക്കും വിരാമം; ഒടുവിൽ ആ അപ്ഡേറ്റ് എത്തി, കങ്കുവ റിലീസ് ഡേറ്റ് പുറത്ത്

അടുത്തിടെ തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിലെ ഇരകളെ സന്ദര്‍ശിക്കാന്‍ വിജയ് നേരിട്ടെത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്റെ 50-ാം പിറന്നാള്‍ ദിനാഘോഷം പോലും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ഒഴിവാക്കി. ഇതിനുശേഷമാണ് ഇപ്പോള്‍ രാഷ്ട്രീയച്ചുവയുള്ള പ്രസ്താവനകളിലേക്കു വിജയ് തിരിയുന്നത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് വിജയ് നടത്തിയ പ്രതികരണവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാനാകട്ടെയെന്നായിരുന്നു വിജയ് ആശംസാ സന്ദേശത്തില്‍ പറഞ്ഞത്.

രാഷ്ട്രീയ എന്‍ട്രിയില്‍ 'ലഹരി പിടിച്ച്' വിജയ്; ആദ്യ 'ആക്ഷന്‍' സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ
റൊമാൻ്റിക് ഹീറോ, ആക്ഷന്‍ ഹീറോ, പൊളിറ്റിക്കല്‍ ഹീറോ: One And Only വിജയ്

ഏതാനു മാസം മുൻപാണ് രാഷ്ട്രീയത്തിലേക്കു ഇറങ്ങുകയാണെന്നും കമ്മിറ്റ് ചെയ്ത സിനിമകൾ കഴിഞ്ഞാൽ താനിനി സിനിമയിൽ അഭിനയിക്കില്ലെന്നും മുഴുവൻ സമയ രാഷ്ട്രീയക്കാരനാവുകയാണെന്നും വിജയ് പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയാർ, കാമരാജ്, അംബേദ്കർ, എ പി ജെ അബ്ദുൾകലാം എന്നിവരെയാണ് വിജയ് തന്റെ രാഷ്ട്രീയ മാതൃകയാക്കി ഉയർത്തിക്കാണിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ദിനത്തില്‍ തമിഴക വെട്രി കഴകം വിജയ് എന്ന എക്‌സ് ഹാന്‍ഡിലൂടെ വിജയ് നടത്തിയ പ്രതികരണങ്ങളും തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലേയും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നു എന്നതായിരുന്നു ട്വീറ്റുകളില്‍ ഒന്ന്. എന്നാല്‍ ലിബറേഷന്‍ ടൈഗേഴ്സ് പാര്‍ട്ടി, നാം തമിഴര്‍ പാര്‍ട്ടി എന്നിവയെ പേരെടുത്ത് പറഞ്ഞ് ആശംസകള്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും സംസ്ഥാന പാര്‍ട്ടികളായി അംഗീകാരം നേടുകയും ചെയ്ത വിഷയം ഉന്നയിച്ചായിരുന്നു വിജയ് ഈ ചെറുപാര്‍ട്ടികളെ പരാമര്‍ശിച്ചത്.

തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെയ്‌ക്കെതിരായ ശക്തിയായി മാറുകയെന്നതാണ് വിജയിയുടെ പാര്‍ട്ടിയുടെ ആദ്യ വെല്ലുവിളി. അതിനുള്ള നീക്കമാണ് പ്രതികരണങ്ങളിലൂടെ വിജയ് നടത്തുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in