കുശ്ബു
കുശ്ബു

ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തു

നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായാണ് ഖുശ്ബു സുന്ദര്‍, മമത കുമാരി, ഡെലീന ഖോങ്ഡപ്പ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളാക്കി നിയമിച്ചിരിക്കുന്നത്. വനിതാ കമ്മീഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച ഖുശ്ബു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയറിയിച്ചു. വലിയ ഉത്തരവാദിത്തങ്ങളുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത് എന്നും ഖുശ്ബു ട്വിറ്ററില്‍ പ്രതികരിച്ചു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനവും ഖുശ്ബു ട്വിറ്ററിൽ പങ്കുവച്ചു.

'നിങ്ങളുടെ നേതൃത്വത്തില്‍ കുതിച്ചുയരുകയും വളരുകയും ചെയ്യുന്ന സ്ത്രീ ശക്തിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഠിനമായി പരിശ്രമിക്കും. ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്നാണ് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ട് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഖുശ്ബുവിന്റെ സ്ഥാനലബ്ധിയെന്നു തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ പ്രതികരിച്ചു.

ഡിഎംകെയിലൂടെ ആയിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. 2010 മെയ് പതിനാലിന് ചെന്നൈയില്‍ കരുണാനിധിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു ഖുശ്ബു ഡിഎംകെ യില്‍ ചേര്‍ന്നത്. പിന്നീട് ,കോണ്‍ഗ്‌സിലേക്ക് മാറിയ ശേഷമാണ് ഇപ്പോള്‍ ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഡിഎംകെ പ്രതിനിധിയോട് പരാജയപ്പെട്ടിരുന്നു.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഖുശ്ബു 1980ല്‍ ബേണിങ് ട്രെയ്ന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in