ഗൗതം അദാനി
ഗൗതം അദാനി

'എൻഡിടിവി അന്താരാഷ്ട്ര തലത്തിലുള്ള ബ്രാൻഡ് ആകണം, ഉടമകൾക്കും എഡിറ്റോറിയലിനും ഇടയിൽ ലക്ഷ്മണ രേഖയുണ്ടാകും' - ഗൗതം അദാനി

ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് എടുത്ത വായ്പകളിലുണ്ടായ വൻ വർധനയെ അടിസ്ഥാന സൗകര്യത്തിന് വമ്പൻ നിക്ഷേപങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അദാനി ന്യായീകരിക്കുന്നത്

എൻഡിടിവി അന്താരാഷ്ട്ര തലത്തിലുള്ള ഒരു ബ്രാൻഡ് ആയി വളരണമെന്നാണ് ആഗ്രഹമെന്നും ചാനലിന്റെ കാര്യത്തിൽ ഉടമകൾക്കും എഡിറ്റോറിയലിനും ഇടയിൽ വ്യക്തമായ ഒരു ലക്ഷ്മണ രേഖ ഉണ്ടായിരിക്കുമെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

“കോർപറേറ്റുകളുടെ മാധ്യമങ്ങളിലേക്കുള്ള കടന്നുവരവും, മറ്റ് ബിസിനസുകളിലേക്കുള്ള മാധ്യമങ്ങളുടെ വ്യാപനവും വർഷങ്ങളായി നടക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും. എന്നാൽ ഗൗതം അദാനി അത് ചെയ്യുന്നതിനാൽ ബഹളമുണ്ടാകും. ലാഭം കൊയ്യാനല്ല, സാമൂഹിക ഉത്തരവാദിത്വമായാണ് എൻഡിടിവിയെ ഏറ്റെടുത്തതെന്ന് ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എൻഡിടിവി വളരെ നല്ല ബ്രാൻഡാണ്, ഒരു നല്ല ബ്രാൻഡിന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. വേണ്ടത് ശരിയായ ചിന്തയും തന്ത്രവും സാങ്കേതികവും സാമ്പത്തികവും മാനവ വിഭവശേഷിയുമാണ്,” ഇന്ന് ഹിന്ദി ദിനപത്രം ദൈനിക് ജാഗരൺ ​പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദാനി വ്യക്തമാക്കി.

ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് എടുത്ത വായ്പകളിൽ ഉണ്ടായ വൻ വർധനയെ അടിസ്ഥാന സൗകര്യത്തിന് വമ്പൻ നിക്ഷേപങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അദാനി ന്യായീകരിക്കുന്നത്. “നമ്മൾ കുടിശ്ശിക വരുത്തിയിട്ടില്ല എന്ന് മാത്രമല്ല, അദാനി ഗ്രൂപ്പ് ഒരു ദിവസം പോലും വായ്പ തിരിച്ചടവ് വൈകിപ്പിച്ചിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ഇപ്പോൾ ലോൺ ദീർഘകാലത്തേക്കുള്ളതാണെങ്കിൽ, നല്ല വ്യവസ്ഥകളിൽ ലഭ്യമാണെങ്കിൽ, ആ പണം കൊണ്ട് നിങ്ങൾക്ക് വളരെ വേഗത്തിൽ വളരാൻ കഴിയുമെങ്കിൽ, ഇതൊരു നല്ല തന്ത്രമാണ്. കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ, ഞങ്ങളുടെ ഗ്രൂപ്പിലെ കടം 11% നിരക്കിൽ വളർന്നു, വരുമാനം 22% നിരക്കിൽ ഇരട്ടിയായി. അപ്പോൾ പറയൂ, ഇതൊരു വലിയ തന്ത്രമല്ലേ? ഈ ഒൻപത് വർഷത്തിനുള്ളിൽ എന്റെ കമ്പനികളുടെ ഓഹരി വിലകൾ വളരെ വേഗത്തിൽ വർധിക്കുന്നതിനും നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും വലിയ ലാഭം ലഭിക്കുന്നതിനും ഇത് കാരണമാണ്,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ കടത്തിന്റെ അനുപാതം - EBIDTA എന്ന് വിളിക്കപ്പെടുന്ന ഡെബ്റ്റ് ടു ഡെബ്റ്റ് സർവീസിങ് വരുമാനം -- ഏകദേശം 50% കുറഞ്ഞു. ഇതേ കാലയളവിൽ സർക്കാർ, സ്വകാര്യ ബാങ്കുകൾ വായ്പ നൽകുന്നതിന്റെ വിഹിതം 84% ൽ നിന്ന് വെറും 33% ആയി കുറഞ്ഞു. അതായത് ഏകദേശം 60% കുറഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു, അദാനി പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നില്‍ മോദിയാണെന്ന വിമർശനം ഞാൻ ഗുജറാത്തിൽ നിന്നുള്ള ആളായതിനാലും നരേന്ദ്ര മോദിജി 12 വർഷം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നതിനാലും ആയിരിക്കാം

ഗൗതം അദാനി

കമ്പനികളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിൽ റേറ്റിങ് ഏജൻസികൾക്ക് പ്രധാന പങ്കുണ്ട്. ഞങ്ങളുടെ മിക്കവാറും എല്ലാ അദാനി കമ്പനികൾക്കും ഏറ്റവും മുന്തിയ സോവറിൻ റേറ്റിങ്ങുകൾ ലഭിച്ച വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട് - ഇത് ഇന്ത്യാ ഗവൺമെന്റിന്റെ റേറ്റിങ്ങുകൾക്ക് തുല്യമാണ്. ഞങ്ങളുടേത് ഒഴികെ, ഇന്ത്യയിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും ഇത്രയധികം കമ്പനികൾക്ക് ഈ റേറ്റിങ് ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കടം ഒരു പ്രശ്നമേയല്ല. ഞങ്ങളുടെ കമ്പനികളുടെ കടത്തെക്കുറിച്ച് ഇത്രയധികം എടുത്തുകാണിക്കുന്നത് ആശ്ചര്യകരമാണ്, എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾക്ക് ഏകദേശം 1,30,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. അതും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരിൽ നിന്ന്.

നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. “ഇങ്ങനെ വിമർശിക്കുന്നവർക്ക് മോദിജിയെയോ അദ്ദേഹത്തിന്റെ കഴിവുകളെയോ അറിയില്ല. ഞാൻ ഗുജറാത്തിൽ നിന്നുള്ള ആളായതിനാലും നരേന്ദ്ര മോദിജി 12 വർഷം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നതിനാലും ആയിരിക്കും അവരുടെ വിമർശനം. അദ്ദേഹം തികച്ചും നീതിമാനും സത്യസന്ധനുമാണെന്ന് മറ്റുള്ളവരെപ്പോലെ എനിക്കും അറിയാം. അദ്ദേഹത്തിന്റെ നയങ്ങൾ കാരണം ആദ്യം ഗുജറാത്തിലും ഇപ്പോൾ രാജ്യത്തും ബിസിനസ് ചെയ്യാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു, എല്ലാ വ്യവസായ മേഖലകൾക്കും അതിന്റെ പ്രയോജനം ലഭിച്ചു എന്നതാണ് സത്യം. രാജ്യത്തിനും സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടായി. വ്യക്തിപരമായ നേട്ടത്തെ സംബന്ധിച്ചിടത്തോളം, എന്റെ ഗ്രൂപ്പിന്റെ പ്രവർത്തനം രാജസ്ഥാൻ പോലുള്ള ബിജെപി ഇതര ഭരിക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്നു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് മറ്റു പാർട്ടികളാണ്. ആ സർക്കാരുകളുമായും ഞങ്ങൾ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നു,” അദാനി പറഞ്ഞു.

ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കായി ഇപ്പോഴും താപവൈദ്യുത പദ്ധതികൾ ആവശ്യമാണ് എന്നതാണ് അടിസ്ഥാന യാഥാർത്ഥ്യം

ഗൗതം അദാനി

ഏറ്റവും വലിയ ഗ്രീൻ എനർജി കമ്പനി ഉണ്ടാക്കുന്നതായി അവകാശപ്പെടുമ്പോഴും കൽക്കരി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, വ്യക്തിപരമായി താൻ ഹരിത ഊർജത്തിന്റെ അടിയുറച്ച പിന്തുണക്കാരനാണെന്നായിരുന്നു മറുപടി. “എന്നാൽ ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കായി നമുക്ക് ഇപ്പോഴും താപവൈദ്യുത പദ്ധതികൾ ആവശ്യമാണ് എന്നതാണ് അടിസ്ഥാന യാഥാർത്ഥ്യം. എന്നാൽ ക്രമേണ ഫോസിൽ ഇന്ധന അധിഷ്ഠിത ഊർജം ഹരിത ഊർജം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. താമസിയാതെ, ഹരിതവും ശുദ്ധവുമായ ഊർജം രാജ്യത്തെ ഊർജ സുരക്ഷയുടെ പ്രാഥമിക ഉറവിടമായി മാറും. അതുവരെ, ഈ പരിവർത്തന കാലഘട്ടത്തിൽ ഫോസിൽ ഇന്ധനങ്ങൾക്കും ഒരു പങ്കുണ്ട്. അതിനാൽ, ഞങ്ങളുടെ ദീർഘകാല ബിസിനസ് ശുദ്ധവും ഹരിതവുമായ ഊർജത്തിന് വേണ്ടിയാണ്,” അദാനി പറഞ്ഞു.

ശ്രീകൃഷ്ണനാണ് മാതൃകാ പുരുഷൻ എന്ന് പറയുന്ന അദാനി ആർ കെ ലക്ഷ്മണിന്റെ കോമൺ മാൻ കാർട്ടൂണിനോടുള്ള ഇഷ്ടവും അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in