മാധ്യമരംഗത്ത്  കൂടുതൽ നിക്ഷേപവുമായി അദാനി ; ബ്ലൂംബെർഗ് മീഡിയ 
ഏറ്റെടുക്കല്‍ പൂർത്തിയായി

മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി അദാനി ; ബ്ലൂംബെർഗ് മീഡിയ ഏറ്റെടുക്കല്‍ പൂർത്തിയായി

കഴിഞ്ഞ വർഷം മേയിൽ എഎംജി മീഡിയ നെറ്റ്‌വർക്ക് ക്വിന്റില്യൺ മീഡിയ ലിമിറ്റഡുമായും ക്യുബിഎംഎല്ലുമായും കരാർ ഒപ്പുവച്ചിരുന്നു

എൻഡിടിവിക്ക് പിന്നാലെ മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി. രാഘവ് ബഹ്‌ലിന്റെ ഡിജിറ്റൽ ബിസിനസ് ന്യൂസ് പ്ലാറ്റ്‌ഫോമായ ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആണ് അദാനി സ്വന്തമാക്കിയത്. അദാനിയുടെ എഎംജി മീഡിയ നെറ്റ്‌വർക്ക്‌സിന്റെ കീഴിലാണ് ഇടപാട് നടത്തിയത്. അദാനി എന്റർപ്രൈസസിൻെറ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം 48 കോടി രൂപക്ക് ആണ് കമ്പനി ഏറ്റെടുക്കുന്നത്. ഇടപാട് സംബന്ധിച്ച പ്രഖ്യാപനങ്ങൾ കഴിഞ്ഞ വർഷം മെയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഏറ്റെടുക്കൽ പൂർത്തിയായതെന്ന് കമ്പനി വ്യക്തമാക്കി.

ഡിജിറ്റൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ക്വൻറില്യൻ .ന്യൂസ് പ്ലാറ്റ്ഫോം ആയ ബ്ലൂംബെർഗ് ക്വിന്റ് പ്രവർത്തിക്കുന്നത് ഈ കമ്പനിക്ക് കീഴിലാണ്. ഇപ്പോൾ ഇത് ബിക്യു പ്രൈം എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം മേയിൽ എഎംജി മീഡിയ നെറ്റ്‌വർക്ക് ക്വിന്റില്യൺ മീഡിയ ലിമിറ്റഡുമായും ക്യുബിഎംഎല്ലുമായും കരാർ ഒപ്പുവച്ചിരുന്നു.

വിവിധ തരം മീഡിയ നെറ്റ്‌വർക്കുകളിലൂടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കൽ, പരസ്യം, സംപ്രേഷണം തുടങ്ങിയ ബിസിനസുകളിലേക്കും കടക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് എഎംജി മീഡിയ നെറ്റ്‌വർക്ക്‌സ് സ്ഥാപിച്ചത്. 2021 സെപ്റ്റംബറിൽ, കമ്പനിയെ നയിക്കാൻ മുതിർന്ന പത്രപ്രവർത്തകൻ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (എൻഡിടിവി) 64.71 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും 27.26 ശതമാനം ഇക്വിറ്റി ഓഹരിയും ഉൾപ്പടെയായിരുന്നു ഇത്.

എൻഡിടിവിയുടെ പൂർണ നിയന്ത്രണവും ഇപ്പോള്‍ അദാനി ഗ്രൂപ്പിനാണ്. ഔദ്യോഗികമായി അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുത്തതോടെ രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വാർത്താ ചാനലായ എൻഡിടിവിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജി വെച്ചിരുന്നു.

നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് വാൻ തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടിൽ സുപ്രീംകോടതി ഇടപെടുകയും ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in