പ്രവീൺ സൂദ് പുതിയ സിബിഐ മേധാവി; നിയമനം രണ്ട് വർഷത്തേക്ക്

പ്രവീൺ സൂദ് പുതിയ സിബിഐ മേധാവി; നിയമനം രണ്ട് വർഷത്തേക്ക്

സി ബി ഐ ഡയരക്ടർ സെലക്ഷൻ പ്രക്രിയ സംബന്ധിച്ച് കോൺ​ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉന്നതാധികാര സെലക്ഷൻ കമ്മിറ്റി യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു

കർണാടക ഡി ജി പി പ്രവീൺ സൂദിനെ സി ബി ഐ ഡയരക്ടറായി നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിലവിലെ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കുന്നതോടെ പ്രവീൺ സൂദ് ചുമതലയേൽക്കും.1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2020 ജനുവരിയിലാണ് കർണാടക ഡി ജി പിയായി നിയമിക്കപ്പെട്ടത്.

സിബിഐ മേധാവി സ്ഥാനത്തേക്ക്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതാധികാര സെലക്ഷൻ കമ്മിറ്റി ഷോർട്ട് ലിസ്റ്റ് ചെയ്ത മൂന്നു പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രവീൺ സൂദിന്റേതായിരുന്നു.

മധ്യപ്രദേശ് ഡിജിപി സുധീർ കുമാർ സക്‌സേന, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറൽ താജ് ഹസൻ എന്നിവരുടേതായിരുന്നു മറ്റു പേരുകൾ. ഈ പേരുകൾ മന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയിലേക്ക് അയച്ചിരുന്നു.

സെലക്ഷൻ പ്രക്രിയയിൽ കോൺ​ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എതിർപ്പുയർത്തിയതായി വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പ്രവീൺ സൂദിന്റെ നിയമനം. ചുരുക്കപ്പട്ടിക പ്രക്രിയ തയാറാക്കുന്ന പ്രക്രിയ വീണ്ടും നടത്തണമെന്ന് ചൗധരി സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടതായതാണ് വിവരം.

പ്രധാനമന്ത്രിയെയും ലോക്സഭാ പ്രതിപക്ഷ നേതാവിനെയും കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം.

കേന്ദ്ര ചീഫ് വിജിലൻസ് കമ്മിഷണർ (സി വി സി), അംഗം എന്നീ സ്ഥാനങ്ങളിലേക്കുള്ള നിർദേശത്തിലും അധീർ രഞ്ജൻ ചൗധരി വിയോജിപ്പ് പ്രകടിപ്പിച്ചു. ആക്ടിങ് സിവിസി പി കെ ശ്രീവാസ്തവ, എക്സിം ബാങ്ക് മുൻ മാനേജിങ് ഡയറക്ടർ ഡേവിഡ് റാസ്‌ക്വിൻഹ എന്നിവരുടെ പേരുകളാണ് സിവിസിയുടെ നിയമനത്തിനായി പാനലിന് സർക്കാർ മുന്നിൽ വച്ചത്.

സി വി സി സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിയെയും ലോക്സഭാ പ്രതിപക്ഷ നേതാവിനെയും കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അംഗമാണ്.

സിബിഐ മേധാവി സ്ഥാനത്തേക്ക്, എം പാനൽ ചെയ്യാത്ത ചില ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ 115 പേരുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് (DoPT) നേരത്തെ അയച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എംപാനൽ ചെയ്യാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ വിവരം ചൗധരി ചൂണ്ടിക്കാണിച്ചിരുന്നു. പട്ടികയിലെ ഉദ്യോഗസ്ഥരുടെ സേവന രേഖകളും വ്യക്തിഗത വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അനുഭവപരിചയവും സീനിയോറിറ്റിയും അടിസ്ഥാനമാക്കി പട്ടിക മാറ്റി തയ്യാറാക്കാൻ സിജെഐ നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് പട്ടികയിൽനിന്ന് പല പേരുകളും ഒഴിവാക്കിയിരുന്നു.

ലിസ്റ്റ് തയ്യാറാക്കുന്നതിൽ അപാകതയുണ്ടെന്നും വനിതാ ഉദ്യോഗസ്ഥരെയും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെയും സർക്കാർ പരിഗണിക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. തുടർന്നാണ് താജ് ഹസന്റെ പേര് ഉൾപ്പെടുത്തുന്നതും മൂന്ന് ഉദ്യോഗസ്ഥരുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിക്ക് അയക്കുന്നതും.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അഷിത് മോഹൻ പ്രസാദിനെ മറികടന്നാണ് 1986 ബാച്ച് ഐപിഎസ് ഓഫീസറായ സൂദ് 2020 ജനുവരിയിൽ കർണാടക ഡിജിപിയായി നിയമിതനായത്. സംസ്ഥാനത്തെ ബിജെപി സർക്കാരിനെ സൂദ് സംരക്ഷിക്കുകയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആരോപിച്ചതിനെ തുടർന്ന് സൂദ് വാർത്തകളിൽ ഇടം നേടിയിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന ഡി ജി പിയെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

1987 ബാച്ച് ഐപിഎസ് ഓഫീസറായ സക്സേന 2022 മാർച്ചിൽ മധ്യപ്രദേശ് ഡിജിപിയായി ചുമതലയേറ്റു. എജിഎംയുടി കേഡറിലെ 1987 ബാച്ച് ഐപിഎസ് ഓഫീസറായ ഹസ്സൻ 2021 ജൂലൈ മുതൽ ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് മേധാവിയായി സേവനമനുഷ്ഠിക്കുകയാണ്.

അസം-മേഘാലയ കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ 2002 ജൂലൈയിലാണ് ആക്ടിങ് വിജിലൻസ് കമ്മിഷണറായി നിയമിതനായത്. അന്നത്തെ സിവിസിയായിരുന്ന സുരേഷ് എൻ പട്ടേലിന്റെ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഡിസംബറിൽ ആക്ടിങ് സിവിസിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു.

സിവിസി, വിജിലൻസ് കമ്മിഷണർ തസ്തികകളിലേക്ക് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവിടങ്ങളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാരിന് നിയോ​ഗിക്കാം.

വിജിലൻസിലും അന്വേഷണത്തിലും വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള നിരവധി യോഗ്യരായ വ്യക്തികൾ പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടെന്ന് ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമേഖലയെ അവഗണിക്കരുതെന്നും അദ്ദേഹം സമിതിയെ അറിയിച്ചു. നേരത്തെ പാനൽ അംഗങ്ങൾക്ക് സമർപ്പിച്ച ചുരുക്കപ്പട്ടികയിൽ റാസ്‌ക്വിൻഹയുടെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in