'രാഷ്ട്രപത്‌നി' അധിര്‍ രഞ്ജന്‍ ചൗധരിയുടെ നാക്കുപിഴ സോണിയക്കെതിരെ ആയുധമാക്കി ബിജെപി

'രാഷ്ട്രപത്‌നി' അധിര്‍ രഞ്ജന്‍ ചൗധരിയുടെ നാക്കുപിഴ സോണിയക്കെതിരെ ആയുധമാക്കി ബിജെപി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് മാപ്പുപറയുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വിവാദം. രാഷ്ട്രപതിയെ 'രാഷ്ട്ര പത്‌നി' എന്ന് വിശേഷിപ്പിച്ച അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം സോണിയാ ഗാന്ധിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. വിവാദത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് മാപ്പുപറയുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

'ആദിവാസി - ദലിത് - സ്ത്രീ വിരുദ്ധ'യെന്നാണ് സോണിയ ഗാന്ധിയെ സ്മൃതി ഇറാനി സഭയില്‍ വിശേഷിപ്പിച്ചത്.

രാജ്യത്തെ ഭരണഘടനാ പദവികളില്‍ ഉന്നതിയിലുള്ള വനിതയെ അവഹേളിക്കാന്‍ പാര്‍ട്ടി നേതാവിന് അനുമതി നല്‍കിയത് സോണിയ ഗാന്ധിയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. 'ആദിവാസി - ദലിത് - സ്ത്രീ വിരുദ്ധ'യെന്നാണ് സോണിയ ഗാന്ധിയെ സ്മൃതി ഇറാനി സഭയില്‍ വിശേഷിപ്പിച്ചത്. ബിജെപി വനിതാ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേതൃത്വം നല്‍കി. മനപൂര്‍വമായ ലൈംഗിക അധിക്ഷേപമാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസിന് വേണ്ടി സോണിയ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന ആവശ്യം സഭയിലും നിര്‍മല സീതാരാമന്‍ ഉന്നയിച്ചു.

തന്റെ പരാമര്‍ശം നാക്കുപിഴ മാത്രമാണെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്. അബദ്ധം ബിജെപി പര്‍വതീകരിക്കുകയാണ്. വിലക്കയറ്റം, ജിഎസ്ടി, അഗ്നപഥ്, തൊഴിലില്ലായ്മ തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്‌നങ്ങളെ മറയ്ക്കാനായി ബിജെപി തന്റെ വാക്കുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാക്കുപിഴയ്ക്ക് എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. പക്ഷെ സോണിയ ഗാന്ധിയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? - അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

ഇ ഡി നടപടികള്‍ക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചത്. രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നിയെന്ന് പറയുകയായിരുന്നു. 'ബ്രാഹ്‌മണനോ, ദലിതനോ ആര് പ്രസിഡന്റായാലും രാജ്യത്തിന്റെ പ്രസിഡന്റായാണ് കണക്കാക്കുന്നത്. ആ പദവിയോട് ബഹുമാനം. എനിക്കൊരു നാക്കുപിഴ പറ്റിയതാണ്. ആ പരാമര്‍ശം സംപ്രേഷണം ചെയ്യാത്തതാകും നല്ലത് എന്ന് റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു'' - അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in