''2023 അവസാനത്തോടെ സംസ്ഥാനത്ത് നിന്ന് അഫ്‌സ്പ പൂർണമായും പിൻവലിക്കും'': അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

''2023 അവസാനത്തോടെ സംസ്ഥാനത്ത് നിന്ന് അഫ്‌സ്പ പൂർണമായും പിൻവലിക്കും'': അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം പൂർണമായി പിൻവലിക്കാൻ ലക്ഷ്യമിടുന്നത്

ഈ വർഷം നവംബർ അവസാനത്തോടെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) സംസ്ഥാനത്ത് നിന്ന് പൂർണമായും പിൻവലിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം പൂർണമായി പിൻവലിക്കാൻ ലക്ഷ്യമിടുന്നത്. അസമിലെ പോലീസ് സേനയ്ക്ക് പരിശീലനം നൽകുന്നതിന് വിരമിച്ച സൈനികരെ അഡീഷണൽ പോലീസ് സൂപ്രണ്ടുമാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബറോടെ സംസ്ഥാനത്തുടനീളം അഫ്സ്പ പിൻവലിക്കും. കേന്ദ്ര സായുധ പോലീസ് സേനയെയോ സിഎപിഎഫിനെയോ മാറ്റി അസം പോലീസ് ബറ്റാലിയനുകളെ നിയമിക്കാൻ ഈ നീക്കം സഹായിക്കുമെന്നും കമാൻഡന്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സേനകളുടെ ചിന്താഗതിയിൽ ഗുണപരമായ മാറ്റമുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മികച്ച പോലീസ് ഉദ്യോഗസ്ഥരെ കമാൻഡന്റുകളായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിനായി അസം പോലീസ് ബറ്റാലിയനുകളെ ശാക്തീകരിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളും. മാരകായുധങ്ങൾ ഉപയോഗിക്കാതെയോ അല്ലെങ്കിൽ സാധ്യമായ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അവരെ പുനഃക്രമീകരിക്കും. ബറ്റാലിയനുകളുടെ റാങ്കിലും ഫയലിലും ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതിനും സംസ്ഥാനത്തിന് കൂടുതൽ ഫലാധിഷ്‌ഠിത പോലീസ് സേനയെ നൽകുന്നതിനുമായി എല്ലാ ആറ് മാസത്തിലും കമാൻഡന്റ്‌സ് കോൺഫറൻസ് സംഘടിപ്പിക്കുമെന്നും ശർമ പറഞ്ഞു.

ആസാമിലെ എട്ട് ജില്ലകൾ ഇപ്പോഴും സായുധസേനാ പ്രത്യേകാധികാര നിയമത്തിന് കീഴിലാണ്. 23 ജില്ലകളിൽ നിന്ന് പൂർണമായും നീക്കം ചെയ്തു. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ. 1990 മുതൽ അസമിൽ നിലവിലുള്ള നിയമം ഓരോ ആറ് മാസം കൂടുമ്പോഴും സാഹചര്യങ്ങൾ വിലയിരുത്തി ഇത് ബാധകമാകുന്ന മേഖലകളുടെ കാര്യത്തിൽ ഭേദഗതികൾ വരുത്താറുണ്ട്. കഴിഞ്ഞ മാർച്ച് 30 ന് അസം സർക്കാർ എട്ട് ജില്ലകളിൽ അഫ്‌സ്പയുടെ പരിധി ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിരുന്നു. അഫ്‌സ്‌പയ്ക്ക് കീഴിലുള്ള മേഖലകൾ കുറയ്ക്കുമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പലതവണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. കഴിഞ്ഞ വർഷം ഏപ്രിലിൽ 8 ജില്ലകളിൽ നിന്നും ഒക്ടോബറിൽ ഒരു ജില്ലയിൽ നിന്നും അസം സർക്കാർ അഫ്‌സ്പ പിൻവലിച്ചിരുന്നു.

നിലവിൽ, അസം, നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ അഫ്സ്പ നിലവിലുണ്ട്. നേരത്തെ, ത്രിപുരയും മേഘാലയയും പട്ടികയിലുണ്ടായിരുന്നുവെങ്കിലും 2015 ൽ ത്രിപുരയിൽ നിന്നും 2018 ൽ മേഘാലയയിൽ നിന്നും നിയമം പിൻവലിച്ചു. 2021ൽ, നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവയ്പ്പിലും തുടർന്നുണ്ടായ സംഘർഷത്തിലും 14 ഗ്രാമീണർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് അഫ്‌സ്പ പിൻവലിക്കണമെന്ന് ശക്തമായ ആവശ്യമുയരുകയും പിന്നാലെ വിഷയം പഠിക്കാനായി സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാഗാലാൻഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിലാണ് പ്രത്യേക സായുധ സേനാ നിയമത്തിന്റെ പരിധി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് നിന്ന് അഫ്‌സ്പ ഉടൻ പിൻവലിക്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in