അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം; ആദ്യം പൊതുപ്രവേശന പരീക്ഷ

അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം; ആദ്യം പൊതുപ്രവേശന പരീക്ഷ

2023-24 വർഷത്തിലെ റിക്രൂട്ട്മെന്റ് മുതൽ പൊതു പ്രവേശന പരീക്ഷയാണ് ആദ്യ പടി

സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന. റിക്രൂട്ട്മെന്റിന്റെ ആദ്യ പടിയായി ഓൺലൈനായി പൊതുപ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. തുടർന്നായിരിക്കും ശാരീരിക ക്ഷമതാ പരിശോധനയും മെഡിക്കൽ ടെസ്റ്റും. റിക്രൂട്ട്മെന്റിനുള്ള മൂന്ന് ഘട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് കരസേന പുറത്തുവിട്ടത്. നേരത്തെ പറഞ്ഞിരുന്ന ക്രമം അനുസരിച്ച് ശാരീരിക ക്ഷമതാ പരിശോധനയ്ക്കും മെഡിക്കൽ പരിശോധനയ്ക്കും ശേഷമായിരുന്നു പൊതുപ്രവേശന പരീക്ഷ.

ആയിരക്കണക്കിന് ഉദ്യോഗാർഥികൾ റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുക്കുമ്പോള്‍ ഒരുക്കേണ്ട ക്രമീകരണങ്ങളും ചെലവുകളും കണക്കിലെടുത്താണ് റിക്രൂട്ട്മെന്റ് പ്രക്രിയയിൽ മാറ്റം വരുത്തിയത്. പുതിയ മാറ്റത്തിലൂടെ ഭാവിയില്‍ റിക്രൂട്ട്മെന്റിൽ റാലികൾ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് കുറയുകയും ക്രമീകരണങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇതുവരെ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് വഴി 19,000 പേരാണ് കരസേനയുടെ ഭാഗമായിരിക്കുന്നത്. മാർച്ച് ആദ്യവാരം 21,000 പേരാണ് സേനയിൽ ചേരാൻ തയ്യാറെടുക്കുന്നത്. 2023-24 വർഷം സേനയിൽ ചേരാനിരിക്കുന്ന 40,000 പേർക്ക് പുതിയ മാറ്റം അനുസരിച്ച് ആദ്യം പരീക്ഷ എഴുതേണ്ടി വരും.

logo
The Fourth
www.thefourthnews.in