നാല് മാസത്തേയ്ക്ക് പറക്കേണ്ട;
ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിലക്ക്

നാല് മാസത്തേയ്ക്ക് പറക്കേണ്ട; ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിലക്ക്

വ്യോമയാന മന്ത്രാലയവുമായി കൂടിയാലോചിക്കുന്നതിന് മുൻപ് 30 ദിവസത്തേക്ക് മാത്രമേ യാത്ര വിലക്കാൻ സാധിക്കൂവെന്നാണ് നേരത്തെ എയർലൈൻ വ്യക്തമാക്കിയിരുന്നത്

സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് നാല് മാസത്തെ വിലക്ക്. നേരത്തെ, എയർ ഇന്ത്യ ഇയാള്‍ക്ക് 30 ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വ്യോമയാന മന്ത്രാലയവുമായി കൂടിയാലോചിക്കുന്നതിന് മുൻപ് 30 ദിവസത്തേക്ക് മാത്രമേ യാത്ര വിലക്കാൻ സാധിക്കൂ എന്നാണ് നേരത്തെ എയർലൈൻ വ്യക്തമാക്കിയിരുന്നത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശങ്കര്‍ മിശ്ര സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

വിമാനത്തിലെ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് വിഷയം കൂടുതൽ ഗൗരവതരമാക്കിയത്. പ്രതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. യാത്രക്കാരി ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയർ ഇന്ത്യ പോലീസിൽ പരാതി പോലും നല്‍കിയത്. ഇതിനുപിന്നാലെ ജനുവരി ഏഴിനാണ് ബെംഗളൂരുവില്‍ നിന്ന് മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കോടതിയിൽ വാദം കേൾക്കുന്നതിനിടെ പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതായി മിശ്രയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 (പൊതുസ്ഥലത്ത് വെച്ച് അശ്ലീലം കാണിക്കൽ), 354, 509, 510 (പൊതുസ്ഥലത്ത് മദ്യപിച്ച വ്യക്തിയുടെ മോശം പെരുമാറ്റം) ഇന്ത്യൻ എയർക്രാഫ്റ്റ് സെക്ഷൻ 23 എന്നിവ പ്രകാരമാണ് ശങ്കർ മിശ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ വയോധികയ്ക്ക് നഷ്ടപരിഹാരം നൽകിയെന്നും പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്നും ആണ് മിശ്ര പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കോടതിയിൽ വാദം കേൾക്കുന്നതിനിടെ പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതായി മിശ്രയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

നാല് മാസത്തേയ്ക്ക് പറക്കേണ്ട;
ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിലക്ക്
'പ്രതികരണം വേഗത്തിലാകാമായിരുന്നു, എയർ ഇന്ത്യക്ക് വീഴ്ചപറ്റി' - ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ

കോടതി ഇതുവരെ ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല. എന്നാൽ, തനിക്കെതിരെ ക്രിമിനൽ കേസുകൾ ഇല്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ തനിക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശങ്കർ മിശ്ര ജാമ്യാപേക്ഷ സമർപ്പിച്ചത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും മിശ്ര കോടതിയിൽ ആരോപിച്ചിരുന്നു.

സംഭവത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ക്ഷമാപണം നടത്തിയിരുന്നു. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും രണ്ട് പൈലറ്റുമാരിൽ ഒരാൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in