അപമാനിച്ച് ഇറക്കിവിട്ട കമല്‍നാഥിന് കിട്ടിയ അടി; അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങള്‍

അപമാനിച്ച് ഇറക്കിവിട്ട കമല്‍നാഥിന് കിട്ടിയ അടി; അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങള്‍

എന്താണ് ചരിത്ര ശിലകള്‍ തലപൊക്കി നില്‍ക്കുന്ന ഖജുരാഹോയില്‍ അഖിലേഷ് യാദവിനെ ഭ്രമിപ്പിച്ചിട്ടുണ്ടാവുക?

വാരാണസി നല്‍കിയാല്‍ പകരമായി എസ്പി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത് യുപിയിലെ മറ്റൊരു സീറ്റായിരുന്നില്ല. അയല്‍പക്ക സംസ്ഥാനമായ മധ്യപ്രദേശിലെ ഖജുരാഹോ സീറ്റ് തങ്ങള്‍ക്ക് തന്നാല്‍, വാരാണസി കോണ്‍ഗ്രസിന് നല്‍കാം എന്നായിരുന്നു അഖിലേഷ് യാദവിന്റെ നിലപാട്. ഇത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയും ചെയ്തു. മധ്യപ്രദേശിലെ പ്രാദേശിക നേതൃത്വവുമായി വലിയ കൂടിയാലോചനയ്‌ക്കൊന്നും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതുമില്ല. കാരണം, വാരാണസിയും ബാക്കിയുള്ള പതിനാറു സീറ്റുകളും കോണ്‍ഗ്രസിന് അത്രയും നിര്‍ണായകമാണ്. എന്തുകൊണ്ടാണ് യുപിയില്‍ ഒരു സീറ്റ് പകരം വാങ്ങാതെ അഖിലേഷ് യാദവ് മധ്യപ്രദേശിലേക്ക് തിരിഞ്ഞത്? എന്താണ് ചരിത്ര ശിലകള്‍ തലപൊക്കി നില്‍ക്കുന്ന ഖജുരാഹോയില്‍ അഖിലേഷ് യാദവിനെ ഭ്രമിപ്പിച്ചിട്ടുണ്ടാവുക?

മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയില്‍ ഝാന്‍സിക്ക് 175 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഖജുരാഹോ. ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളാല്‍, ഇന്ത്യയെമ്പാടും പ്രസിദ്ധമായ സ്ഥലനാമം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. ഈ മണ്ണിലേക്ക് അഖിലേഷ് യാദവിന്റെ ശ്രദ്ധ തിരിയാന്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ആദ്യത്തേത്, ഒരു പകവീട്ടലിന്റെ കഥയാണ്.

PARTH SANYAL

കമല്‍നാഥിനോടുള്ള പകവീട്ടല്‍

മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച സമയം. ഇന്ത്യ മുന്നണിക്ക് പ്രതീക്ഷകളേറെയുണ്ടായിരുന്നു. മധ്യപ്രദേശില്‍ സീറ്റ് വേണമെന്ന് എസ്പിയും ആം ആദ്മി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷ ഐക്യത്തിനായി നേതാക്കള്‍ കഠിനശ്രമം നടത്തുന്ന സമയമായതിനാല്‍, കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, സഖ്യകക്ഷികള്‍ക്ക് വേണ്ടി, ഒരടി പിന്നോട്ടു പോകാന്‍ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തയാറായില്ല. എന്നുമാത്രവുമല്ല, കമല്‍നാഥിന്റെ ഭാഗത്തുനിന്ന് അഖിലേഷിനെ ചൊടിപ്പിക്കുന്ന ഒരു പ്രസ്താവനയുമുണ്ടായി. ''അരേ ഭായ്, അഖിലേഷ് വഖിലേഷ് ചോദ്യങ്ങള്‍ ഒഴിവാക്കൂ...'' എസ്പിയുടെ വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കമല്‍നാഥിന്റെ മറുപടി ഇതായിരുന്നു.

ഇത് എസ്പിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍, കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആരോപിച്ച് എസ്പി മധ്യപ്രദേശിലെ 71 സീറ്റില്‍ മത്സരിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 163 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. ഒരുമിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളെ തച്ചുടച്ച കമല്‍നാഥിനും കോണ്‍ഗ്രസിനും നിറയെ പഴികേള്‍ക്കേണ്ടിവന്നു. ഇന്ന് അതേ, കമല്‍നാഥ് ബിജെപിയില്‍ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടില്‍ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുമ്പോള്‍, അഖിലേഷ് ഖജുരാഹോയിലേക്ക് കാലെടുത്തു വെക്കുന്നു.

കമല്‍നാഥ്
കമല്‍നാഥ്

അഖിലേഷിനെ പ്രലോഭിപ്പിക്കുന്ന ഖജുരാഹോ

എന്താണ് ഇത്രമേല്‍ തീവ്രമായി ഖജുരാഹോ ആഗ്രഹിക്കാന്‍ എസ്പിയെ പ്രേരിപ്പിക്കുന്ന ഘടകം? അതിലേക്ക് കടക്കുന്നതിന് മുന്‍പ്, മധ്യപ്രദേശിലേക്കുള്ള എസ്പിയുടെ വരവിനെ ബിജെപി എന്തിനു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു എന്നുകൂടി അറിയണം. മധ്യപ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം യുപിയിലെ അസംഘഡിലെത്തിയ മോഹന്‍ യാദവ് വളരെ വൈകാരികമായാണ് സംസാരിച്ചത്. തന്റെ കുടുംബത്തിന് 400 വര്‍ഷത്തിന് മുകളില്‍ നീണ്ടുനില്‍ക്കുന്ന വൈകാരിക ആത്മബന്ധമാണ് അസംഘഡിനോടുള്ളത് എന്നായിരുന്നു മോഹന്‍ യാദവിന്റെ പ്രസംഗം.

അപമാനിച്ച് ഇറക്കിവിട്ട കമല്‍നാഥിന് കിട്ടിയ അടി; അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങള്‍
'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?

യുപിയില്‍ നിന്ന് അഖിലേഷ് യാദവ് മധ്യപ്രദേശിലെത്തിയാല്‍, ജാതി സമവാക്യങ്ങളില്‍ വിള്ളല്‍ വീണേക്കാമെന്ന് ബിജെപി സംശയിക്കുന്നുണ്ട്. മധ്യപ്രദേശില്‍ പതിനാല് ശതനമാണ് യാദവ വിഭാഗം. ബിജെപിയുടെ വോട്ടു ബാങ്കില്‍ പ്രധാനികള്‍. ഇവരെ കൂടെനിര്‍ത്താനാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയതുതന്നെ. ബ്രാഹ്‌മണ, ദളിത് വിഭാഗത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരേയും തിരഞ്ഞെടുത്തു. ഇത്തരത്തില്‍ സോഷ്യല്‍ എന്‍ജിനിറയിങ് നടത്തി ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി.

രാഹുല്‍ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവ്
രാഹുല്‍ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവ്

അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങളിലേക്ക് തന്നെ തിരിച്ചു വരാം. യുപിക്ക് പുറത്തേക്ക് വളര്‍ന്നു പന്തലിക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നം എസ്പിക്കുണ്ട്. യുപിയില്‍ മാത്രം ഒതുങ്ങിപ്പോയതാണ് അഖിലേഷിന്റെ 'ഡല്‍ഹി സ്വപ്‌നങ്ങള്‍ക്ക്' മങ്ങലേല്‍പ്പിച്ചതും. ഈ പ്രതിസന്ധി മറികടക്കാനും ദേശീയ പാര്‍ട്ടിയായി വളരാനും എസ്പി നോട്ടമിട്ടിരിക്കുന്ന സംസ്ഥാനം മധ്യപ്രദേശാണ്. പല തിരഞ്ഞെടുപ്പുകളിലും എസ്പി മധ്യപ്രദേശില്‍ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടുകയും ചെയ്തു. ഖജുരാഹോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. നേരത്തെ, ഇവിടെ ഓഫീസ് തുറക്കാനുള്ള ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ലോക്‌സഭ മണ്ഡലം കിട്ടിയ സാഹചര്യത്തില്‍, ഓഫീസ് സംവിധാനം ഉള്‍പ്പെടെ ആരംഭിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് എസ്പിയുടെ തീരുമാനം.

അപമാനിച്ച് ഇറക്കിവിട്ട കമല്‍നാഥിന് കിട്ടിയ അടി; അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങള്‍
'ക്ഷേത്രവരുമാനത്തിന്റെ പങ്കുപറ്റാൻ നിയമഭേദഗതിയുമായി കർണാടക സർക്കാർ'; ബിജെപി പ്രചാരണത്തിന്റ വാസ്തവമെന്ത്?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഖജുരാഹോ ലോക്‌സഭ മണ്ഡലത്തിന് കീഴിലെ ഛണ്ട്‌ല, ബഹോരിബാദ് നിയമസഭ മണ്ഡലങ്ങളില്‍ യഥാക്രമം 15.47ശതമാനം, 10.79 ശതമാനം വോട്ട് നേടാന്‍ എസ്പിക്ക് സാധിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന മുഖമായ മുന്‍ ബിജെപി എംഎല്‍എ ആര്‍ പ്രജാപതി എസ്പിയില്‍ ചേരുകയും ചെയ്തു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിക്ക് കിട്ടിയ് 40,77 വോട്ടാണ്. ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും എസ്പി മൂന്നാം സ്ഥാനത്തുമെത്തി. ഖജുരാഹോ ലോക്‌സഭ മണ്ഡലത്തില്‍ ബിഎസ്പിയും ഒരു പ്രധാന ശക്തിയാണ്. 1989-ല്‍ മണ്ഡലത്തില്‍ പടയോട്ടം ആരംഭിച്ച ബിജെപിക്ക് 1999-ല്‍ മാത്രമാണ് കാലിടിറയിത്. അന്ന് വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു. ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ, തങ്ങള്‍ക്ക് വിജയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് എസ്പി.

logo
The Fourth
www.thefourthnews.in