അക്ഷയ്കുമാറിന്റെ എയര്‍ബാഗ് പരസ്യം വിവാദത്തില്‍; സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആക്ഷേപം

അക്ഷയ്കുമാറിന്റെ എയര്‍ബാഗ് പരസ്യം വിവാദത്തില്‍; സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആക്ഷേപം

സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിനെതിരെ പ്രതിഷേധം ശക്തം

അക്ഷയ്കുമാര്‍ അഭിനയിച്ച കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ പരസ്യം വിവാദത്തില്‍. 'റോഡ് സുരക്ഷയ്ക്കായി എയര്‍ബാഗ്' എന്ന ആശയത്തില്‍ പുറത്തിറക്കിയ പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പങ്കുവച്ചത്.

പരസ്യത്തില്‍ പോലീസ് കഥാപാത്രമായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. വിവാഹം കഴിഞ്ഞു പോകുന്ന മകളേയും നവവരനേയും അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കാറില്‍ കയറ്റി യാത്ര അയക്കുന്നതാണ് രംഗം. പ്രിയപ്പെട്ട മകള്‍ക്ക് അച്ഛന്‍ സമ്മാനമായി നല്‍കിയ കാറിലാണ് യാത്ര ചെയ്യാനൊരുങ്ങുന്നത്. ഈ സമയത്ത് അക്ഷയ് കുമാറിന്റെ കഥാപാത്രം രംഗപ്രവേശം ചെയ്ത് നവവധുവിന്റെ അച്ഛനോട് പരിഹാസത്തോടെ സംസാരിക്കുന്നു. ഇത്രയും മോശം കാറിലാണോ മകളെ അയക്കുന്നത് എന്നാണ് ചോദ്യം. അപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കാറിന്റെ സവിശേഷതകളെ കുറിച്ച് വാതോരാതെ പറയുന്നു. എന്തെല്ലാം സവിശേഷതകളുള്ള കാറാണെങ്കിലും രണ്ട് എയര്‍ബാഗ് മാത്രമല്ലെയുള്ളൂവെന്നാണ് പോലീസുകാരന്റെ അടുത്ത ചോദ്യം. തുടര്‍ന്ന് അതുണ്ടാക്കാവുന്ന അപകട സാധ്യതയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഇതോടെ അച്ഛന്‍ സമ്മാനമായി നല്‍കിയ കാറില്‍ നിന്നും ഇറങ്ങി ആറ് എയര്‍ബാഗുകളുള്ള കാറിലേക്ക് നവവധൂവരന്മാര്‍ കയറുന്നു. മകളുടെ സുരക്ഷിത ഭാവിക്ക് അതാണ് നല്ലതെന്ന് പോലീസ് കഥാപാത്രം അച്ഛനോട് പറയുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.

പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഗുരുതര വിമര്‍ശനങ്ങളാണ് ഉയരുന്നത്. മകള്‍ക്ക് സ്ത്രീധനം നല്‍കണമെന്ന സന്ദേശമാണോ റോഡ് സുരക്ഷയുടെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. സര്‍ക്കാര്‍ പണം ചിലവാക്കിയത് കാര്‍ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണത്തിനാണോ, മറിച്ച് സ്ത്രീധന കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണോ എന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ആറ് എയര്‍ബാഗുകള്‍ ചേര്‍ത്താല്‍ ബഡ്ജറ്റ് കാറുകള്‍ക്ക് വില കൂടുമെന്നും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയാകുമെന്നുമാണ് കാര്‍ നിര്‍മാതാക്കളുടെ വാദം. ഇതിനായി നിയമനിര്‍മാണത്തിനുള്ള നീക്കത്തിലാണ് കേന്ദ്രം.

logo
The Fourth
www.thefourthnews.in