'അമൃത് ഭാരത് എക്‌സ്പ്രസ്' ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി: സവിശേഷതകൾ എന്തൊക്കെ

'അമൃത് ഭാരത് എക്‌സ്പ്രസ്' ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി: സവിശേഷതകൾ എന്തൊക്കെ

വന്ദേഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ തന്നെയാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രെസുകളും അവതരിപ്പിച്ചിട്ടുള്ളത്.

'അതിവേഗ വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ എഡിഷൻ' എന്നറിയപ്പെടുന്ന 'അമൃത് ഭാരത് എക്‌സ്പ്രസ്' ട്രെയിനുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തിരിക്കുകയാണ്. വന്ദേഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ തന്നെയാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസുകളും അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ ഈ ട്രെയിനുകളിൽ സെക്കന്റ് ക്ലാസ് സ്ലീപ്പർ ക്ലാസ് കമ്പാർട്ട്മെന്റുകൾ മാത്രമാണുള്ളത്. ഈ ട്രെയിന്‍ പൂർണമായും സാധാരണക്കാരന്റേതാണ്‌ എന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം.

എന്താണ് അമൃത് ഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകതകൾ :

ഇന്റീരിയർ : 22 കോച്ചുകളുള്ള അമൃത് ഭാരത് എക്‌സ്പ്രസിൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും പന്ത്രണ്ട് സെക്കൻഡ് ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളും ഉൾപ്പെടുന്നു. ഭിന്നശേഷിയുള്ള യാത്രക്കാർക്കും പ്രത്യേക ഇടം നൽകും.

ലോക്കോമോട്ടീവ് : ഈ ട്രെയിനുകളിൽ എയറോഡൈനാമിക് ആയി രൂപകൽപ്പന ചെയ്ത ലോക്കോമോട്ടീവുകളാണുള്ളത്. ഓരോ അറ്റത്തും ഒരു ലോക്കോമോട്ടീവുണ്ട്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്‌സ് നിർമ്മിച്ച ഈ WAP5 ലോക്കോമോട്ടീവിന് 6,000 എച്ച്പി ആണ് കരുത്ത്‌.

അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ : രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ലോക്കോമോട്ടീവുകൾ ഒരുമിച്ച് തീവണ്ടിയുടെ പുഷ് പുൾ പ്രവർത്തനം സാധ്യമാക്കുന്നു. പുഷ് പുൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ട്രെയിനിന്റെ മുൻവശത്തുള്ള എഞ്ചിൻ ട്രെയിനിനെ വലിക്കുകയും പുറകിലുള്ളത് തള്ളുകയും ചെയ്യുന്നു.

കുഷ്യൻ ലഗേജ് റാക്കുകൾ : കുഷ്യൻ ലഗേജ് റാക്കുകളുകൾ അമൃത് ഭാരത് ട്രെയിനുകളുടെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. ഇരിപ്പിടങ്ങൾ കൂടുതൽ സൗകര്യപ്രദമായി നിർമ്മിച്ചവയാണ്.

മറ്റ് സവിശേഷതകൾ : അമൃത് ഭാരത് ട്രെയിനുകൾക്ക് മെട്രോ ട്രെയിനുകൾക്ക് സമാനമായി സീൽ ചെയ്ത ഗാംഗ്‌വേകൾ ഉണ്ടായിരിക്കും. ഈ സീൽഡ് ഗാംഗ്‌വേകൾ കോച്ചുകൾക്കിടയിൽ സുഗമമായ ഗതാഗതം അനുവദിക്കുകയും മഴവെള്ളം ഉള്ളിൽ വീഴുന്നത് തടയുകയും ചെയ്യും.

മോഡുലാർ ടോയ്‌ലറ്റുകൾ : അമൃത് ഭാരത് ട്രെയിനുകളിൽ സീറോ ഡിസ്ചാർജ് എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ ഉണ്ട്. വന്ദേഭാരത്തിന് സമാനമാണിത്.

മൊബൈൽ ചാർജിംഗ് പോയിന്റുകളും ഹോൾഡറുകളും : യാത്രക്കാർക്ക് വലിയ സൗകര്യമായി, അമൃത് ഭാരത് ട്രെയിനുകളിൽ ഓരോ സീറ്റിനും അടുത്തായി അനുയോജ്യമായ ഹോൾഡറുള്ള മൊബൈൽ ചാർജറും ഉണ്ട്. ലോഹത്തിന് പകരം പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച മടക്കാവുന്ന ബോട്ടിൽ ഹോൾഡറും ഉണ്ട്.

റേഡിയം ഇല്യൂമിനേഷൻ ഫ്ലോറിംഗ് സ്ട്രിപ്പ്: ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി, അമൃത് ഭാരത് ട്രെയിനുകളിൽ റേഡിയം ഇല്യൂമിനേഷൻ ഫ്ലോറിംഗ് സ്ട്രിപ്പ് ഉണ്ടായിരിക്കും, ഇത് രാത്രിയിൽ ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ യാത്രക്കാർക്ക് പ്രയോജനകരമാകും.

കുലുക്കമില്ലാത്ത യാത്ര : അമൃത് ഭാരത് ട്രെയിൻ ജെർക്ക് ഫ്രീ റൈഡുകൾ വാഗ്ദാനം ചെയ്യുന്നു. അമൃത് ഭാരത് ട്രെയിനുകളുടെ മറ്റൊരു പ്രധാന സവിശേഷത വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായ സെമി പെർമനന്റ് കപ്ലറുകൾ ആണ്. ഒരു ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ ഉണ്ടാകുന്ന കുലുക്കങ്ങൾ ഈ കപ്ലറുകൾ ഇല്ലാതാക്കുന്നു. അതിനാൽ, അമൃത് ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം പ്രതീക്ഷിക്കാം.

വേഗത : അനുവദനീയമായ പരമാവധി വേഗതയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ ഓടാൻ അമൃത് ഭാരത് ട്രെയിനുകൾക്ക് കഴിയും. അയോധ്യ, ബംഗളൂരു, മാൾഡ ടൗൺ വഴി ഡൽഹിക്കും ദർബംഗയ്ക്കുമിടയിലുള്ള ആദ്യ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

ഡിസൈൻ : ഓറഞ്ച്, ചാര നിറങ്ങളിലാണ് അമൃത് ഭാരത് എക്‌സ്‌പ്രെസ് അവതരിപ്പിച്ചിട്ടുള്ളത്. മെച്ചപ്പെട്ട ഡിസൈൻ ലൈറ്റ് വെയ്‌റ്റ് ഫോൾഡബിൾ സ്‌നാക്ക് ടേബിൾ, ടോയ്‌ലറ്റുകളിലും ഇലക്ട്രിക്കൽ ക്യൂബിക്കിളുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന സംവിധാനം എന്നിവയും അമൃത് ഭാരത് ട്രെയിനുകളുടെ മറ്റ് സവിശേഷതകളാണ്.

നിരക്കുകൾ : അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ നിരക്കുകൾ മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് അൺ റിസർവ്ഡ് കോച്ചുകളേക്കാളും സ്ലീപ്പർ കോച്ചുകളേക്കാളും ഏകദേശം 15-17% കൂടുതലാണ്. യാത്രക്കാരുടെ സൗകര്യങ്ങളും വേഗത്തിലുള്ള യാത്രാനുഭവവും കണക്കിലെടുത്ത് നിരക്കുകൾ കൂടും.

logo
The Fourth
www.thefourthnews.in