ബിബിസിക്ക് ശേഷം അല്‍ജസീറ: ഇന്ത്യയിലെ മുസ്ലിങ്ങള്‍ മോദിക്ക് കീഴില്‍ അരക്ഷിതരെന്ന് പറഞ്ഞ ഡോക്യുമെന്ററിക്ക് വിലക്ക്

ബിബിസിക്ക് ശേഷം അല്‍ജസീറ: ഇന്ത്യയിലെ മുസ്ലിങ്ങള്‍ മോദിക്ക് കീഴില്‍ അരക്ഷിതരെന്ന് പറഞ്ഞ ഡോക്യുമെന്ററിക്ക് വിലക്ക്

'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്നത് രാജ്യത്തെ 172 ദശലക്ഷം മുസ്ലിങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ അരക്ഷിതരായാണ് ജീവിക്കുന്നത് എന്ന് സൂചിപ്പിച്ചുള്ളതാണ് ഡോക്യുമെന്ററി എന്നാണ് ആരോപണം

ബിബിസി ഡോക്യുമെന്ററിക്ക് വിലര്‍ക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. രാജ്യത്തെ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ജസീറ നിര്‍മിച്ച 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യമെന്ററിയുടെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്.

'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്നത് രാജ്യത്തെ 172 ദശലക്ഷം മുസ്ലിങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ അരക്ഷിതരായാണ് ജീവിക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുധീര്‍ കുമാര്‍ എന്ന ആക്ടിവിസ്റ്റ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. രാജ്യത്തെ മുസ്ലിങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് അല്‍ജസീറ ഡോക്യുമെന്ററി സംസാരിക്കുന്നതെന്നും, ഡോക്യമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ അത് സാമൂഹിക ഐക്യത്തെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ നടപടി.

ഡോക്യുമെന്ററി സംപ്രേഷണം ചെയ്താല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ പ്രദര്‍ശനം മാറ്റിവയ്ക്കുന്നുവെന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് വരെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സാമൂഹിക ഐക്യം ഉറപ്പാക്കാനും ഇന്ത്യയുടെ സുരക്ഷയും താത്പര്യവും സംരക്ഷിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ളതെന്നും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വ്യക്തമാക്കി. കൂടാതെ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് കോടതിയുടെ മുന്‍കൂര്‍ വിലക്ക് നിയമവിരുദ്ധമാണെന്ന് ഗോണ്‍സാല്‍വസ് പറഞ്ഞു.

''രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുകയോ അയല്‍രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തെ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാനത്തിന് ഒരു സംപ്രേഷണം നിയന്ത്രിക്കാന്‍ കഴിയൂ,'' അദ്ദേഹം പറഞ്ഞു. ''ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുകഴിഞ്ഞാല്‍ മാത്രമേ സംസ്ഥാനത്തിന് അത് നിരോധിക്കാന്‍ കഴിയൂ. പ്രദര്‍ശിപ്പിച്ചതിന് ശേഷം കലാപമുണ്ടായാല്‍, അത് നിരോധിക്കാം, പക്ഷേ ഇത്തരത്തില്‍ തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്''- അദ്ദേഹം വ്യക്തമാക്കി.

2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കും നേരത്തെ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, വിവിധ സംഘടനകള്‍ ഇതിന്റെ പരസ്യ പ്രദര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in