തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, നരഭോജനം; രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര, കാണാതായത്‌ 19 കുട്ടികളെ

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, നരഭോജനം; രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര, കാണാതായത്‌ 19 കുട്ടികളെ

2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറംലോകമറിഞ്ഞത്. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി

2006 ഡിസംബര്‍ 29... ഉത്തർപ്രദേശ് നോയിഡ സെക്‌ടര്‍ 31 ലെ ഫൈവ് ഡി എന്ന ബംഗ്ലാവിന്റെ പുറകുവശത്തുനിന്ന് കണ്ടെത്തിയത് 17 തലയോട്ടികൾ. ഒപ്പം കുറേ എല്ലുകൾ ഉൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങളും. രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വിവരങ്ങളാണ് അതോടെ പുറത്തുവന്നത്. കൊല്ലപ്പെട്ടവർ ആരാണ്?

അക്കഥ അറിയാൻ ഒരു വർഷം കൂടി പുറകോട്ട് സഞ്ചരിക്കാം. നോയിഡയിലെ നിഥാരിയെന്ന സ്ഥലത്തുനിന്ന് നിരവധി കുട്ടികളെ കാണാതായെന്ന് 2005ൽ പരാതി ഉയർന്നിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് നിഥാരിയിൽനിന്ന് തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്.

രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല

എട്ടിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികളെയാണ് നിഥാരിയിൽനിന്ന് കാണാതായത്. കാണാതായവരുടെ എണ്ണം കൂടുന്നതനുസരിച്ച് നിഥാരി പോലീസ് സ്റ്റേഷനിൽ പരാതികളും കൂടിയെന്നല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല. പത്തൊൻപതോളം കുട്ടികളെയാണ് പല തവണയായി കാണാതായത്.

2006 ഒക്ടോബറിൽ ഇരുപത്തിയാറുകാരിയെ കാണാതായതോടെയാണ് കേസിൽ പ്രതികളിലേക്ക് സംശയത്തിന്റെ നിഴലുകളെത്തിയത്. പാന്ഥര്‍ ബംഗ്ലാവിലേക്കുപോയ മകളെ കാണാനില്ലെന്നായിരുന്നു യുവതിയുടെ പിതാവിന്റെ മൊഴി. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിരൽ ചൂണ്ടിയത് ഇതേ സ്ഥലത്തേക്ക്. ഒടുവിൽ 2006 ഡിസംബര്‍ 29ന് 17 തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും പാന്ഥേഴ്സ് ബംഗ്ലാവിന്റെ പുറകുവശത്തുനിന്ന് കണ്ടെത്തിയതോടെ യുവതിക്ക് മാത്രമല്ല, കാണാതായ മറ്റുള്ളവർക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരമായി.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് അഴുക്കുചാലിൽ

പാന്ഥേഴ്സ് ബംഗ്ലാവിന്റെ പുറകുവശത്തെ അഴുക്കുചാലില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് സഞ്ചികളിൽ പൊതിഞ്ഞനിലയിലായിരുന്നു ഇവ.

പാന്ഥര്‍ ബംഗ്ലാവിന്റെ ഉടമസ്ഥനായ മൊനീന്ദര്‍ സിങ് പാന്ഥര്‍, വീട്ടുജോലിക്കാരൻ സുരേന്ദ്ര കോലി എന്നിവരെ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം സുരേന്ദ്ര കോലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മതം നടത്തിയ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി അഴുക്കുചാലിൽ കളഞ്ഞുവെന്ന് മൊഴി നൽകി. തുടരന്വേഷണത്തിലാണ് മൊനീന്ദർ സിങ്ങിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

കാണാതായ മുഴുവൻ കുട്ടികളുടെ ചിത്രങ്ങളുമായി മരിച്ച കുട്ടികളുടെ മാതാപിതാക്കളടക്കം മൊനീന്ദർ സിങ്ങിന്റെ വീടിന് മുൻപിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് അന്ന് ഉയർത്തിയത്. യുദ്ധസമാനമായിരുന്നു അന്നത്തെ നിഥാരി നഗരത്തിലെ സ്ഥിതി.

അരുംകൊലകൾ അവയവ വ്യാപാരത്തിന് വേണ്ടി?

മൊനീന്ദര്‍ സിങ് പാന്ഥറിനെയും വീട്ടുജോലിക്കാരൻ സുരേന്ദ്ര കോലിയെയും ചോദ്യം ചെയ്ത പോലീസ് അവകാശപ്പെട്ടത് കൊലപാതകങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയെന്നായിരുന്നു.

അവയവ വ്യാപാരത്തിനു വേണ്ടിയായിരുന്നു ഈ അരുംകൊലയെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. കാരണം, അഴുക്കുചാലിൽനിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളിൽ ഒന്നിലും തലയും കൈകാലുകളും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ ഉണ്ടായിരുന്നില്ല. മറ്റുള്ള ശരീരഭാഗങ്ങൾ എവിടെയാണെന്നോ അതെല്ലാം എന്തിന് ഉപപയോഗിച്ചെന്നോ ഇനിയും വ്യക്തമല്ല.

പതിനേഴോളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ ടെസ്റ്റിലൂടെ പോലീസ് തിരിച്ചറിഞ്ഞു. അതിൽ പത്തു പേരും പെൺകുട്ടികളായിരുന്നു. ഒരാൾ മാത്രമാണ് പ്രായപൂർത്തിയായ ഇര.

കുട്ടികളെ കൂട്ടിക്കൊണ്ടുവന്നത് കോലി, ആകർഷിച്ചത് മിഠായി നൽകി

കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ നൽകാൻ പൊലീസിന് സാധിച്ചില്ല.

കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വെട്ടി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിൽ പൊതിഞ്ഞ് വീടിന് പിറകിലെ കുഴിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു.

പാന്ഥർ കുറ്റവിമുക്തൻ, കേസിൽ സംഭവിച്ചത്

രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയിൽ മൊനീന്ദര്‍ സിങ് പാന്ഥറിനും സുരേന്ദ്ര കോലിക്കും വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. എന്നാൽ ഇരുവരെയും തെളിവുകളുടെ അഭാവത്തിൽ ഇന്ന് കുറ്റവിമുക്തരാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി 17 വർഷത്തിനുശേഷമാണ് ഇരു പ്രതികളും കുറ്റവിമുക്തരാക്കപ്പെടുന്നത്.

വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് മുഖ്യ പ്രതിയായ സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുമ്പായിരുന്നു ഇത്.

മറ്റൊരു പ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിൽനിന്നും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി.വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള ധനികനായ പഞ്ചാബി വ്യവസായിയാരുന്നു മൊനീന്ദര്‍ സിങ്.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, നരഭോജനം; രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര, കാണാതായത്‌ 19 കുട്ടികളെ
അടിയന്തരമായി വാദം കേള്‍ക്കണം; യു എ പി എ കേസില്‍ അറസ്റ്റിനെതിരെ പ്രബീര്‍ പുരകായസ്ത സുപ്രീം കോടതിയില്‍

നേരത്തെ പോലീസ് അന്വേഷിച്ചിരുന്ന കേസിൽ വൻ വീഴ്ച സംഭവിച്ചതായി തുടക്കം മുതൽ തന്നെ ആരോപണമുയർന്നിരുന്നു. പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന ആരോപണമുയർന്നു.

കസ്റ്റഡിയിലെടുത്ത ഇവരുടെ വീട് പരിശോധിക്കാനോ മറ്റ് തെളിവുകൾ കണ്ടെത്താനോ പോലീസ് ശ്രമിച്ചില്ലെന്നതായിരുന്നു ഈ ആരോപണത്തിന് പിന്നിൽ. നടപടികൾ വൈകുന്നതിനെതിരെ വലിയ ജനരോഷമാണ് പോലീസിനെതിരെ അക്കാലത്തുയർന്നത്.

കേസിൽ പോലീസിന് കാര്യമായി മുന്നോട്ടുപോകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ജനരോഷം ശമിപ്പിക്കാൻ അന്നത്തെ യു പി സർക്കാരിന് മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, കേസ് സിബിഐക്ക് വിടുക. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തെങ്കിലും കാര്യമായ തെളിവുകൾ ശേഖരിക്കാൻ അവർക്കും സാധിച്ചില്ല. തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിലാണ് പ്രതികളെ അലഹബാദ് ഹൈക്കോടതി ഇപ്പോൾ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, നരഭോജനം; രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര, കാണാതായത്‌ 19 കുട്ടികളെ
ഡി കെ ശിവകുമാറിന് ആശ്വാസം, അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേണത്തിനുള്ള സ്റ്റേ തുടരും

കണക്കുപ്രകാരം 2021ൽ 77, 535 കുട്ടികളെയാണ് ഇന്ത്യയിൽ കാണാതായത്. ഇതിനർഥം, ഓരോ എട്ട് മിനുട്ടിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ടെന്നാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണുള്ളത്. ഈ കേസുകളിൽ പലതും അവസാനം ചെന്നുനിൽക്കുന്നത് മനുഷ്യക്കടത്തിലും ബാലവേലയിലുമാണ്. വർഷങ്ങൾ കഴിയുംതോറും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നതാണ് പേടിപ്പിക്കുന്ന വസ്തുത.

logo
The Fourth
www.thefourthnews.in