സിആർപിസി, ഐപിസി ഭേദഗതികൾ സജീവ പരിഗണനയിൽ: അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ

സിആർപിസി, ഐപിസി ഭേദഗതികൾ സജീവ പരിഗണനയിൽ: അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ

ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്

ഇന്ത്യൻ ശിക്ഷാനിയമത്തിലും (സിആർപിസി) ക്രിമിനൽ നടപടി ചട്ടത്തിലും ഭേദഗതികൾ വരുത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്. എന്നാൽ, ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ഹിയറിംഗിൽ ബെഞ്ചിനെ അറിയിച്ചു.

സമൻസ് ലഭിച്ച വ്യക്തിക്ക് സമൻസ് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിനുള്ളിൽ ഉള്ള സ്ത്രീകളോട് മാത്രം പ്രസ്തുത വകുപ്പ് വിവേചനം കാണിക്കുന്നുവെന്ന അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 64 ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി. സമൻസ് ലഭിച്ച വ്യക്തിക്ക് ഹാജരാകാൻ കഴിയില്ലെങ്കിൽ കുടുംബത്തിൽ ഒപ്പം താമസിക്കുന്ന പ്രായപൂർത്തിയായ ഒരു പുരുഷ അംഗത്തിന് സമൻസിന്റെ പകർപ്പ് വിട്ട് നൽകണമെന്നതാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 പറയുന്നത്.

'ഭേദഗതി സംബന്ധിച്ച വിഷയത്തിൽ കൂടിയാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സജീവ പങ്ക് വഹിക്കാൻ വ്യക്തിപരമായി ഞാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചിലത് രാജ്യദ്രോഹ നിയമങ്ങളുമായി ബന്ധപ്പെട്ടത് കൂടിയാണ്' എജി വ്യക്തമാക്കി. ഐപിസിയും സിആർപിസിയും പൂർണമായും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ എജി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷം വിഷയം ലിസ്റ്റ് ചെയ്യണമെന്നും ബെഞ്ചിനോട് അഭ്യർഥിച്ചു. കേസ് 2023 ജൂലൈയിൽ പരിഗണിക്കും.

ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവ ബഹിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 2020 ൽ ഒരു ക്രിമിനൽ നിയമ പരിഷ്കരണ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയിരുന്നു. നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോ. രൺബീർ സിംഗ് അധ്യക്ഷനായ സമിതിയിലെ മറ്റ് അംഗങ്ങൾ എൻ എൽ യു ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജി എസ് ബാജ്പേയ്, ഡി എൻ എൽ യു വൈസ് ചാൻസലർ ഡോ. ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ അഡ്വ. മഹേഷ് ജേത് മലാനി, ഡൽഹി മുൻ ജില്ലാ സെഷൻസ് ജഡ്ജി ജിപി തരേജ എന്നിവരായിരുന്നു.

പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച കമ്മിറ്റി 2022 ഫെബ്രുവരിയിൽ സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. 2022 ഏപ്രിലിൽ ക്രിമിനൽ നിയമങ്ങളുടെ സമഗ്രമായ അവലോകന പ്രക്രിയ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇക്കാര്യം വ്യക്തിപരമായി പരിശോധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2022 ഒക്ടോബറിൽ പറഞ്ഞിരുന്നു. പുതിയ സിആർപിസി, ഐപിസി ഡ്രാഫ്റ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പാർലമെന്റിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുടർന്നുള്ള ശീതകാല സമ്മേളനത്തിലോ പാർലമെന്റിന്റെ സമീപകാല ബജറ്റ് സമ്മേളനത്തിലോ ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും കേന്ദ്ര സർക്കാർ അവതരിപ്പിച്ചില്ല.

ഹർജി സംബന്ധിച്ച്

പ്രതിയുടെ കുടുംബത്തിലുള്ള പ്രായപൂർത്തിയായ ഏതൊരു അംഗത്തിനും ലിംഗഭേദമന്യേ സമൻസ് നൽകണമെന്ന് 1908 ൽ പ്രാബല്യത്തിൽ വന്ന സിവിൽ പ്രൊസീജിയർ കോഡിൽ പറയുന്നുണ്ടെങ്കിലും സിപിസിക്ക് 65 വർഷത്തിന് ശേഷം വന്ന സിആർപിസി അരാജകത്വപരവും പിടിവാശി നിറഞ്ഞതുമാണ്. കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു സ്ത്രീ അംഗത്തെ സമൻസ് സ്വീകരിക്കാൻ കഴിവും, പ്രാപ്തിയുള്ളവളുമായി സിആർപിസി പരിഗണിക്കുന്നില്ല എന്നുമാണ് ഹർജിയിൽ പറയുന്നത്.

സമൻസ് സ്വീകരിക്കുന്നതിൽ നിന്നും വനിതാ കുടുംബാംഗങ്ങളെ ഒഴിവാക്കിയത് ഇന്ത്യന് ഭരണഘടനയുടെ അനുച്ഛേദം 14, 15 പ്രകാരം സ്ത്രീകൾക്ക് ഉറപ്പ് നൽകുന്ന സമത്വത്തിനുള്ള അവകാശം, അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള അറിയാനുള്ള അവകാശം, അനുച്ഛേദം 21 പ്രകാരമുള്ള അന്തസ്സിനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്. മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ജി കവിത എന്ന വ്യക്തിയാണ് ഹർജിക്കാരി. സി ആർ പി സി സെക്ഷൻ 64 പ്രകാരം സ്ത്രീകൾക്കെതിരായ വിവേചനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തെയാണ് എതിർകക്ഷിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in