ഇന്ത്യന്‍ തീരത്ത് കപ്പലിനെ ആക്രമിച്ചതാര്?; ഇറാനെന്ന് അമേരിക്ക, ഹൂതികള്‍ ചെയ്തതെന്ന് മറുപടി

ഇന്ത്യന്‍ തീരത്ത് കപ്പലിനെ ആക്രമിച്ചതാര്?; ഇറാനെന്ന് അമേരിക്ക, ഹൂതികള്‍ ചെയ്തതെന്ന് മറുപടി

കപ്പലില്‍ 21 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്

അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തിന് സമീപം കപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക.'ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ആക്രമിക്കപ്പെട്ടു. ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ വെച്ചാണ് ആക്രമണം നടന്നത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നത്' പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അതേസമയം അമേരിക്കയുടെ ആരോപണം തള്ളി ഇറാന്‍ രംഗത്തെത്തി. ഹൂതികള്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഘേരി പറഞ്ഞു.

ഹൂതികളെ രാഷ്ട്രീയമായി പിന്തുണക്കുന്നുവെന്ന് സമ്മതിച്ച ഇറാന്‍ ഭരണകൂടം, ആയുധങ്ങള്‍ അയക്കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. 'ഹൂതികള്‍ക്ക് അവരുടേതായ ഉപകരണങ്ങളുണ്ട്. അവര്‍ സ്വന്തം തീരുമാനങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു'- അലി ബഘേരി പറഞ്ഞു.

കപ്പലില്‍ 21 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, നാവികസേന കപ്പല്‍ ഐസിജിഎസ് വിക്രം എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് പുറപ്പെട്ടു. നാവികസേനയുടെ ഒരു വിമാനം കപ്പലിന് സമീപത്തെത്തി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചെന്നും കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും നാവികസേന അറിയിച്ചു.

ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത് എന്ന് വെസ്സല്‍ ഫൈന്റര്‍ വെബ്സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കപ്പലിന് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ തീരത്ത് കപ്പലിനെ ആക്രമിച്ചതാര്?; ഇറാനെന്ന് അമേരിക്ക, ഹൂതികള്‍ ചെയ്തതെന്ന് മറുപടി
ഗുജറാത്തില്‍ ഇനി മദ്യം ലഭിക്കും; സര്‍ക്കാരിന്റെ 'ഗിഫ്റ്റ്' ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിക്കായി

കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു.

മഡിറ്ററേനിയന്‍ കടലിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in