പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്?; കോണ്‍ഗ്രസിലെ അഴിച്ചുപണി കളമൊരുക്കലോ?

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്?; കോണ്‍ഗ്രസിലെ അഴിച്ചുപണി കളമൊരുക്കലോ?

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമില്ലാത്ത ആരാധകക്കൂട്ടം സജീവ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പുതന്നെ പ്രിയങ്കയ്ക്കുണ്ടായിരുന്നു.

2019ല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍, പ്രിയങ്ക ഗാന്ധിയുടെ വരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഒരു 'രണ്ടാം ഇന്ദിരാ ഗാന്ധിയെ' അണികള്‍ ആഗ്രഹിച്ചു. എന്നാല്‍, യോഗിയും മോദിയും രാമനും പൂണ്ടുവിളയാടിയ യുപി രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പ്രിയങ്കയുടെ വരവിനായില്ല. പല ജനകീയ വിഷയങ്ങളും ഉയര്‍ത്തി പയറ്റി നോക്കിയിട്ടും 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും 2022 ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയ പതനത്തിന് പാത്രമായി.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചുമതലകളൊന്നുമില്ലാത്ത ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക തുടരും. മുന്‍ രാജ്യസഭ എംപി അവിനാശ് പാണ്ഡെയ്ക്കാണ് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ, പ്രിയങ്ക ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യം ശക്തമായി. എഐസിസി ചുമതലകളില്‍ അഴിച്ചുപണിയിലൂടെ പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള കളമൊരുക്കലാണോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്ന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മോദിയെ നേരിടാന്‍ പ്രിയങ്ക എന്ന പോസ്റ്ററുകളും മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നിലപാട്. ഇത്തവണയും സമാനമായ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇത്തവണ ഈ ആവശ്യം മുന്നോട്ടുവച്ചത്.

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്?; കോണ്‍ഗ്രസിലെ അഴിച്ചുപണി കളമൊരുക്കലോ?
സച്ചിന്‍ പൈലറ്റിന് ഛത്തീസ്ഗഡിന്റെ ചുമതല; ചെന്നിത്തലയ്ക്ക് മഹാരാഷ്ട്ര, താരിഖ് അന്‍വറിനെ മാറ്റി, കോണ്‍ഗ്രസില്‍ അഴിച്ചുപണി

ഹാഥ്‌റസ് കൂട്ട ബലാത്സംഗ കൊലപാതകം അടക്കമുള്ള വിഷയങ്ങളില്‍ പ്രിയങ്ക സജീവമായാണ് യുപിയില്‍ ഇടപെട്ടത്. ഉത്തര്‍പ്രദേശിലെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ക്യാമ്പയിന്‍. പ്രചാരണ റാലികളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. 2019ല്‍ കോണ്‍ഗ്രസിന് ആകെക്കിട്ടിയത് സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രം. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ 399 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ്. തോല്‍വിയുടെ നിരാശ പ്രിയങ്കയ്ക്കുമുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രക്കിടെ
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രക്കിടെ

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമില്ലാത്ത ആരാധകക്കൂട്ടം സജീവ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പുതന്നെ പ്രിയങ്കയ്ക്കുണ്ടായിരുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് അവരുടേത്. സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങളാണ് പ്രിയങ്ക പ്രധാനമായും ഉയര്‍ത്തുന്നത്. ഇതെല്ലാം യുപിയില്‍ നിലമെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍, ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണ ശാലയായി മാറിയ ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങള്‍ വിലപ്പോയില്ല.

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്?; കോണ്‍ഗ്രസിലെ അഴിച്ചുപണി കളമൊരുക്കലോ?
'രാമൻ v/s സീത;' തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്കൊപ്പമെത്താനുള്ള നിതീഷിന്റെ തന്ത്രങ്ങൾ

ഉത്തര്‍പ്രദേശില്‍ തോറ്റത് ശരിതന്നെ, പക്ഷേ, ഹിമാചല്‍ പ്രദേശില്‍ പ്രിയങ്കയ്ക്ക് ആശ്വാസത്തിന്റെ വകയുണ്ടായിരുന്നു. 2022 ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ആയിരുന്നു. അഞ്ച് റാലികള്‍ പ്രിയങ്ക ഹിമാചലില്‍ നടത്തി. കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വേദികളില്‍ അവര്‍ സജീവമായിരുന്നു. പിന്നീടുവന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലും പ്രിയങ്ക ഗാന്ധി സജീവമായി. തെലങ്കാനയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തിരഞ്ഞെടുപ്പു റാലികളില്‍ സ്ഥിര സാന്നിധ്യമായി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍, രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമൊപ്പം കോണ്‍ഗ്രസ് ക്യാമ്പിന് ശക്തിപകരാന്‍ പ്രിയങ്കയും രംഗത്തുണ്ടാകുമെന്ന കാര്യത്തില്‍ സംശമില്ല. മത്സര രംഗത്തിറങ്ങിയാലും മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാനുള്ള സാധ്യത തീരെക്കുറവാണ്. അമ്മ സോണിയ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തില്‍ പ്രിയങ്ക ഇറങ്ങിയേക്കുമെന്ന ചര്‍ച്ചയും സജീവമാണ്.

രാഹുല്‍ ഗാന്ധിക്കൊപ്പം അവിനാശ് പാണ്ഡെ
രാഹുല്‍ ഗാന്ധിക്കൊപ്പം അവിനാശ് പാണ്ഡെ

പകരക്കാരന്‍ അവിനാശ് പാണ്ഡെ

എഐസിസി യുപിയുടെ ചുമതല നല്‍കിയിരിക്കുന്ന ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെക്കൂടി പരിചയപ്പെടാം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് അവിനാശ്. ജാര്‍ഖണ്ഡിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. എന്‍എസ്‌യുഐയിലൂടെയാണ് അവിനാശ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.

2010ല്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അവിനാശ് അംഗമായിരുന്നു. 2018 രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല അവിനാശിനായിരുന്നു. എന്നാല്‍, സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള വടംവലിയെ അതിജീവിക്കാന്‍ അവിനാശിനായില്ല. തുടര്‍ന്ന് അദ്ദേഹത്തെ രാജസ്ഥാനിലെ ചുമതലയില്‍ നിന്ന് നീക്കി.

logo
The Fourth
www.thefourthnews.in