ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 9 സൈനികർ മരിച്ചു

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 9 സൈനികർ മരിച്ചു

ക്യാരി പട്ടണത്തിന് ഏഴ് കിലോമീറ്റർ അകലെയാണ് അപകടം.

ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനികരുമായി ക്യാരിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പത്ത് സൈനികരായിരുന്നു അപകടത്തിൽ പെട്ട ട്രക്കിൽ ഉണ്ടായത്. ഇതിൽ ഒൻപത് പേർ മരിച്ചെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എട്ട് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് (ജെസിഒ) കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

34 സൈനികർ ഉൾപ്പെട്ട സംഘമാണ് അഞ്ചോളം വാഹനങ്ങളിൽ ക്യാരിയിലേക്ക് പോയത്. ക്യാരി പട്ടണത്തിന് ഏഴ് കിലോമീറ്റർ അകലെയാണ് അപകടം. വാഹനം റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലൂടെ പുഴയിലേക്ക് വീഴുകയായിരുന്നു.

logo
The Fourth
www.thefourthnews.in