രാകേഷ് ടികായത്ത്
രാകേഷ് ടികായത്ത്

'ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിരിക്കണം'; കേന്ദ്രത്തിന് ഖാപ് പഞ്ചായത്തിന്റെ അന്ത്യശാസനം

ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന ഖാപ് പഞ്ചായത്തിലാണ് തീരുമാനം

ലൈംഗികാരോപണ കേസിൽ പ്രതിസ്ഥാനത്തുള്ള ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കർഷക നേതാക്കളുടെ പ്രഖ്യാപനം. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിന് ശേഷമാണ് കേന്ദ്ര സർക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത്.

'ഗുസ്തി താരങ്ങളുടെ പരാതികൾ സർക്കാർ പരിഹരിക്കുകയും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയും വേണമെന്നാണ് തീരുമാനം. അല്ലാത്തപക്ഷം ജൂൺ 9ന് ഡൽഹിയിലെ ജന്തർമന്തറിൽ ഗുസ്തിക്കാർക്കൊപ്പം സമരത്തിൽ പങ്കെടുക്കുകയും രാജ്യത്തുടനീളം പഞ്ചായത്തുകൾ സംഘടിപ്പിക്കുകയും ചെയ്യും.' ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വെള്ളിയാഴ്ച വ്യക്തമാക്കി. താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.

ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്

കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന പ്രതിഷേധ പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് കുരുക്ഷേത്രയില്‍ മഹാ ഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം, മുസാഫർനഗറിലെ സോറം ഗ്രാമത്തിൽ കർഷക സംഘടനകൾ മണിക്കൂറുകളോളം നീണ്ടുനിന്ന ഖാപ് പഞ്ചായത്തും ചേർന്നിരുന്നു.

അതേസമയം, ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ അതിന് നിയമ നടപടികൾ മറികടക്കേണ്ടതുണ്ടെന്നും താക്കൂർ വ്യക്തമാക്കി. ബ്രിജ് ഭൂഷൺ ശരൺ സിങ്, ബിജെപി എംപിയാണെന്നത് സത്യം തന്നെയാണ്. പക്ഷേ പക്ഷപാതത്തിന്റെ പ്രശ്‌നം ഇക്കാര്യത്തിൽ ഉദിക്കുന്നില്ല. കേസിൽ ഡൽഹി പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാകേഷ് ടികായത്ത്
നിയമം നടപ്പാകട്ടെ, ഗുസ്തി താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് അസ്വസ്ഥരാക്കി; പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍

ഒരു കായികതാരമോ സ്ത്രീയോ ആകട്ടെ, എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടെങ്കിൽ അവർക്ക് വേഗത്തിൽ നീതി ലഭിക്കണമെന്നും ഠാക്കൂർ വ്യക്തമാക്കി. "കേസിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഗുസ്തിക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു കഴിഞ്ഞു". ഗുസ്തിതാരങ്ങൾ ഉന്നയിച്ച കുറ്റങ്ങൾ അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിക്കുകയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും ഠാക്കൂർ പറഞ്ഞു.

പന്ത്രണ്ട് വർഷമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരിക്കുന്ന ഗൊണ്ടയിൽ നിന്നുള്ള ബിജെപി എംപിയായ ബ്രിജ് ഭൂഷൺ, പ്രായപൂർത്തിയാകാത്ത വനിതാ കായിക താരത്തെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയാണ്. രണ്ട് പീഡന കേസുകളാണ് നിലവിൽ ബിജെപി എംപിക്കെതിരെ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവരെയും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in