സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും; ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിൻ

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും; ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിൻ

മന്ത്രിയെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും മെഡിക്കൽ ബുള്ളറ്റിൻ

എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. അതിനിടെ, സെന്തിൽ ബാലാജിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹർജി മദ്രാസ് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും.

സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി- എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. 17 മണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കും ചോദ്യംചെയ്യലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

മെഡിക്കൽ ബുള്ളറ്റിൻ
മെഡിക്കൽ ബുള്ളറ്റിൻ

സെന്തിൽ ബാലാജിയുടെ അറസ്റ്റിന്റെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉയർത്തിയിരിക്കുന്നത്. ബിജെപിയുടെ ഇത്തരം സമ്മര്‍ദത്തിന് ഡിഎംകെ വഴങ്ങില്ലെന്നും 2024ല്‍ ജനങ്ങള്‍ ഇതിന് പാഠംപഠിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഒമന്‍ദുറാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രിയെ സന്ദര്‍ശിച്ചശേഷമാണ് സ്റ്റാലിന്റെ പ്രതികരണം.

''പുലര്‍ച്ചെ രണ്ടുവരെ അവർ അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കി. പിന്നീടാണ് ആശുപത്രിയിലെത്തിച്ചത്. ഇപ്പോള്‍ സെന്തില്‍ ബാലാജി ഐസിയുവിലാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാമെന്ന് പറഞ്ഞിട്ടും ഇ ഡി അദ്ദേഹത്തെ പിഡിപ്പിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥരെ അയച്ചവരുടെ ദുരുദ്ദേശ്യം സ്പഷ്ടമാണ്. മനുഷ്യത്വരഹിതമായാണ് അവര്‍ മന്ത്രിയോട് പെരുമാറിയത്,'' സ്റ്റാലിന്‍ പറഞ്ഞു.

മന്ത്രിയുടെ വസതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലെ ഓഫീസിലുമെത്തി ഇ ഡി നടത്തിയ പരിശോധന വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ നടപടിക്കെതിരെ രംഗത്തെത്തി. ഇ ഡി യെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതികരിച്ച ഡിഎംകെ, നിയപരമായി നേരിടുമെന്നും വ്യക്തമാക്കി.

അതേസമയം, സെന്തിൽ ബാലാജി മന്ത്രിസ്ഥാനം ഒഴിയണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. സെന്തിലിന്‌റെത് നാടകമാണെന്നും പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസാമി പറഞ്ഞു.

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും; ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിൻ
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ലോക്‍സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിലെ ഇഡി നീക്കം ഈ ആരോപണത്തിന് ശക്തിപകരുന്നതാണ്.

തെക്കേ ഇന്ത്യയിലെ ബിജെപി വിരുദ്ധ പോരാട്ടത്തിന്‌റെ ശക്തമായ മുഖമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അദ്ദേഹത്തിന്റെ വിശ്വസ്തനും ഡിഎംകെയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തതിന്, ഒരു കള്ളപ്പണകേസിലെ നടപടിക്കപ്പുറം മാനങ്ങള്‍ വരുന്നതും അതുകൊണ്ടാണ്. കര്‍ണാടക കൈവിട്ടതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേട്ടത്തിന് തന്ത്രങ്ങള്‍ മെനയുന്ന ബിജെപി ഇ ഡിയെ ആയുധമാക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടക്കം ആരോപിച്ചുകഴിഞ്ഞു. മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ജൂൺ 16ന് കോയമ്പത്തൂരിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം സംഗമം നടക്കും.

logo
The Fourth
www.thefourthnews.in