മെഹബൂബ് മുഫ്തി
മെഹബൂബ് മുഫ്തി

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കപ്പെടും ; ഗുലാം നബി ആസാദിന് മറുപടിയായി മെഹബൂബ മുഫ്തി

കശ്മീര്‍ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് മെഹബൂബ മുഫ്തി

കശ്മീരിൻ്റെ പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കപ്പെടില്ലെന്നത് ഗുലാം നബി ആസാദിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പിഡിപി അധ്യക്ഷ കുറ്റപ്പെടുത്തി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ധാരാളമാളുകള്‍ കശ്മീരിലുണ്ടെന്നും മെഹബൂബ അഭിപ്രായപ്പെട്ടു.

ഗുലാം നബി ആസാദിന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം . ബിജെപിയുടെ അഭിപ്രായവും വേറെയാകാം. പക്ഷെ, നീതി ലഭിക്കും വരെ ഞങ്ങള്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കും
മെഹബൂബ് മുഫ്തി

ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് എങ്ങിനെ പ്രവര്‍ത്തിച്ചോ, അതേ തരത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഇടപെടലുകള്‍ നടത്തുന്നവരുണ്ട്. കശ്മീര്‍ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസമെന്നും അവര്‍ വ്യക്തമാക്കി.

''ഗുലാംനബി ആസാദിനും ബിജെപിക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാകും ഈ വിഷയത്തിലുണ്ടാകുക. പക്ഷെ, അനീതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും'' - മെഹബൂബ പറഞ്ഞു.

കശ്മീരിൻ്റെ പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടത്. പാർട്ടി വിട്ടതിന് ശേഷം സംഘടിപ്പിച്ച റാലിയിലായിരുന്നു ആസാദിൻ്റെ പരാമര്‍ശം. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ താൻ തയ്യാറല്ലെന്നും, ലോക്സഭയിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പ്രത്യേക പദവി അനുവദിക്കുന്ന വകുപ്പ് പുനഃസ്ഥാപിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഭൂരിപക്ഷം ഉറപ്പാക്കി കശ്മീരിന്റെ പ്രത്യേക പദവി തിരികെ നേടുകയെന്നത് പ്രായോഗികമല്ലെന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിശദീകരണം.

logo
The Fourth
www.thefourthnews.in