ജയലളിതയുടെ മരണം: ശശികല കുറ്റക്കാരി;മുൻ ആരോഗ്യമന്ത്രിക്കെതിരെയും അന്വേഷണത്തിന് ശുപാർശ

ജയലളിതയുടെ മരണം: ശശികല കുറ്റക്കാരി;മുൻ ആരോഗ്യമന്ത്രിക്കെതിരെയും അന്വേഷണത്തിന് ശുപാർശ

500 പേജുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ചു

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ വി കെ ശശികല കുറ്റക്കാരിയെന്ന് അറുമുഖസാമി കമ്മീഷൻ റിപ്പോർട്ട്. 500 പേജുള്ള റിപ്പോർട്ടിൽ മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിനും ശശികലയ്ക്കുമെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു. ഇവരെ കൂടാതെ ജയലളിതയുടെ പേഴ്‌സണൽ ഫിസിഷ്യനും ശശികലയുടെ ബന്ധുവുമായ ഡോ. ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരും കുറ്റക്കാരാണെന്നും കമ്മീഷൻ കണ്ടെത്തി.

2016 സെപ്റ്റംബർ 22ന് ജയലളിതയെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങളും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അവർക്ക് നൽകിയ ചികിത്സയും കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഡോക്‌ടർമാർ നിർദേശിച്ചിട്ടും ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി നടത്താത്തത് എന്തുകൊണ്ടാണെന്നും യുകെയിൽ നിന്നുള്ള ഡോ. റിച്ചാർഡ് ബീൽ നിർദേശിച്ചതുപോലെ ജയലളിതയെ തുടർ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും റിപ്പോർട്ടിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്.

തമിഴ്നാട് മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറും മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണനും
തമിഴ്നാട് മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറും മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണനും

അന്നത്തെ ആരോഗ്യമന്ത്രി വിജയ ബാസ്‌കറിനെതിരെയും റിപ്പോർട്ടിൽ ശക്തമായ പരാമർശമുണ്ട്. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2012ന് ശേഷം ജയലളിതയും ശശികലയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും കമ്മീഷൻ പറയുന്നു. ജയലളിത മരിക്കുന്ന സമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹ റാവുവിനെതിരെയും കടുത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.

2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ഇതിന് മുമ്പ് 75 ദിവസം വരെ അവർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയലളിത മരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മരണത്തെക്കുറിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റിപ്പോർട്ട് നൽകിയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എഐഎഡിഎംകെ നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യൻ ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചത്. എഐഎഡിഎംകെ സർക്കാർ രൂപീകരിച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ 2017 നവംബർ 22നാണ് കേസിൽ വാദം തുടങ്ങിയത്. ജസ്റ്റിസ് അറുമുഖസ്വാമി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണ്.

logo
The Fourth
www.thefourthnews.in