ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി വിധി നാലു മണിക്ക്

ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി വിധി നാലു മണിക്ക്

ഇ ഡി കസ്റ്റഡി അവസാനിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്

മദ്യനയക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാലു മണിക്ക് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമയാണ് ഉത്തരവ് പുറപ്പെടുവിക്കുക.

കേസില്‍ അറസ്റ്റിലായ അരബിന്ദോ ഫാർമ ഉടമ ശരത് ചന്ദ്ര റെഡ്ഡിയെയാണ് കേസിൽ ഇ ഡി മാപ്പുസാക്ഷിയാക്കിയതെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി വാദത്തിനിടെ ചൂണ്ടിക്കാട്ടി. 2022 നവംബറിൽ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിക്ക് 2023 ജൂണിൽ ജാമ്യം നൽകി. ജാമ്യ അപേക്ഷയെ ഇ ഡി പിന്തുണച്ചു. ഇത് കേട്ടിട്ട് ഞെട്ടൽ തോന്നുന്നില്ലേയെന്നും സിങ്‌വി ചോദിച്ചു.

എന്നാല്‍ കേസില്‍ മറുപടി നൽകാൻ സാവകാശം വേണമെന്ന് ഇ ഡി ആവര്‍ത്തിച്ചു. എല്ലാ കക്ഷികളെയും കേട്ട് മാത്രമേ തീരുമാനം എടുക്കാവൂയെന്ന സുപ്രീംകോടതി വിധിയുണ്ടെന്ന് ഇ ഡി ചൂണ്ടിക്കാട്ടി.

ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി വിധി നാലു മണിക്ക്
അരവിന്ദ് പനഗാരിയ ചെയര്‍മാനായി സ്ഥാനമേല്‍ക്കും; എന്താണ് ധനകാര്യ കമ്മീഷന്‍, എന്താണ് റോള്‍?

ഇടക്കാല ആശ്വാസം വേണമെങ്കിൽ പോലും എതിർകക്ഷിയെ കേൾക്കണം. മറുപടി നൽകാൻ അവകാശമില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭാഗം കേൾക്കുന്നതെന്ന് ഇ ഡി കോടതിയില്‍ ചോദിച്ചു. തുടര്‍ന്ന് മറുപടി നൽകാൻ ഇ ഡിക്ക് സമയം നൽകാമെന്ന് കോടതി വ്യക്തമാക്കി. ഹർജിയുടെ പകർപ്പ് എപ്പോഴാണ് കിട്ടിയതെന്ന് ഇ ഡിയോട് കോടതി ചോദിച്ചു.

തങ്ങള്‍ക്ക് കേസിലെ ഹര്‍ജിയുടെ പകര്‍പ്പ് സമയത്തിന് നല്‍കിയില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. മാര്‍ച്ച് 25നും 26നും ഇതിനായി ഇമെയിൽ അയക്കേണ്ടി വന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പകർപ്പ് കൈമാറിയതെന്നും ഇ ഡി കോടതിയെ അറിയിച്ചു.

എന്നാല്‍ ഹർജിയിലെ സാങ്കേതികപ്പിഴവുകൾ പരിഹരിക്കാതെ എങ്ങനെയാണ് എതിർകക്ഷിക്ക് നൽകുകയെന്ന് സിങ്‌വി ചോദിച്ചു. ഇതോടെ ഇ ഡി നോട്ടീസ് അയയ്ക്കാമെന്ന് കോടതി ഉറപ്പുനല്‍കി.

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ മാര്‍ച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിച്ചിരുന്നില്ല. ഹോളി അവധിക്കുശേഷം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി കസ്റ്റഡി അവസാനിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് ഹര്‍ജി പരിഗണിച്ചത്.

അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയില്‍നിന്ന് ഉടന്‍ മോചിതനാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായതിനു പിന്നാലെ, സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അധികം വൈകാതെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതേ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയതിനുപിന്നാലെയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്. തുടര്‍ന്നാണ് വിചാരണക്കോടതിയെ സമീപിച്ചത്.

ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി വിധി നാലു മണിക്ക്
അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?

ഒരു തെളിവുമില്ലാതെയാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും എന്നാല്‍ അറസ്റ്റ് ചെയ്ത സമയം പ്രസക്തമാണെന്നും സിങ്‌വി പറഞ്ഞു.

മൂന്നാഴ്ചത്തെ സമയാണ് കേസില്‍ മറുപടി നല്‍കാന്‍ ഇ ഡി ആവശ്യപ്പെടുന്നത് അത് അംഗീകരിക്കാനാകില്ല. നിയമവിരുദ്ധമായ അറസ്റ്റില്‍ ഒരു ദിവസത്തെ സാവകാശം പോലും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ കക്ഷികളെയും ഒരുപോലെ കേട്ട് മാത്രമേ തീരുമാനം എടുക്കാനാവുയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സ്വർണ കാന്ത ശര്‍മ പറഞ്ഞു.

തുടര്‍ന്ന് ഇഡിയുടെ അഭിഭാഷകന്‍ എസ് വി രാജു കോടതിയില്‍ ഇല്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് കുറച്ചുസമയത്തേക്ക് മാറ്റിവെച്ചു.

ഇതിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധ ആഹ്വാനം നടത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ സെല്ലിന് ഡല്‍ഹി ഹൈക്കോടതി താക്കീത് നല്‍കി. കോടതിയെ സമീപിക്കാനുള്ള ഒരാളുടെ മൗലികാവകാശം തടയാന്‍ കഴിയില്ല. കോടതി തടസപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയാല്‍ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും ജസ്റ്റിസ് സ്വർണ കാന്ത ശര്‍മ വ്യക്തമാക്കി.

ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി: ഡല്‍ഹി ഹൈക്കോടതി വിധി നാലു മണിക്ക്
കസ്റ്റഡിയിലും ഭരണം നടത്തി കെജ്‌രിവാള്‍; ലോക്കപ്പില്‍ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കോടതികളിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഭിഭാഷകര്‍ ഒത്തുകൂടുമെന്ന് എഎപി ലീഗല്‍ സെല്‍ സംസ്ഥാന പ്രസിഡന്റ് അഭിഭാഷകന്‍ സഞ്ജീവ് നസിയാര്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹി കോടതി മാര്‍ച്ച് 28 വരെ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹോളിക്ക് അവധിക്കുശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, ഇ ഡി കസ്റ്റഡിയിലിരിക്കെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച കെജ്‌രിവാളിന്റെ നടപടിക്കെതിരെ ബി ജെ പി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും പോലീസിനും പരാതി നല്‍കി.

ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാള്‍ ആദ്യം പുറപ്പെടുവിച്ചത്. മൊഹല്ല ക്ലിനിക്കുകളിൽ നടത്തിയ പരിശോധനകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകുന്നതായിരുന്നു രണ്ടാമത്തെ ഉത്തരവ്.

കസ്റ്റഡിയില്‍ സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കുന്ന പതിവില്ല. കെജ്രിവാളിന് ഇ ഡി കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഒപ്പുവെച്ച ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്നത് അന്വേഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സി.

logo
The Fourth
www.thefourthnews.in