അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി;  ജാമ്യമില്ല, മാർച്ച്  28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യമില്ല, മാർച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

ആറു ദിവസത്തേക്കാണ് ഡൽഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. വിധി മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവില്‍

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച് 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്.

കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായിരുന്നു ഹാജരായത്.

അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ വിടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ കെജ്‌രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യൽ സമയത്ത് അദ്ദേഹം വേണ്ട രീതിയിൽ സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും എസ് വി രാജു കോടതിയിൽ വ്യക്തമാക്കി.

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി;  ജാമ്യമില്ല, മാർച്ച്  28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്; മന്ത്രി അതിഷി സിങ് അറസ്റ്റില്‍, രാജ്യതലസ്ഥാനത്ത് സംഘര്‍ഷം

അറസ്റ്റ് ഒരു ആവശ്യകത അല്ലാതിരിക്കെയാണ് ഇ ഡിയുടെ നടപടിയെന്നായിരുന്നു അഭിഷേക് സിങ് വിയുടെ പ്രധാന വാദം. അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ട് എന്നതിനർത്ഥം അത് ചെയ്തേ തീരൂ എന്നല്ല. ഇ ഡി ആരോപിക്കുന്നതുപോലെ പണത്തിന്റെ സ്രോതസ് കണ്ടെത്തണമെന്നത് മാത്രം വച്ച് അറസ്റ്റിന് സാധിക്കില്ല. വേണമെങ്കിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാം. അന്വേഷണ വകുപ്പിന്റെ പക്കൽ കേസ് തെളിയിക്കാനുള്ള അടിസ്ഥാന വിവരങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ പിന്നെ എന്തിനാണ് കസ്റ്റഡിയെന്നും സിങ്‌വി ചോദിച്ചു.

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി;  ജാമ്യമില്ല, മാർച്ച്  28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന്? എന്താണ് ഡല്‍ഹി മദ്യനയക്കേസ്?

കനത്ത സുരക്ഷയിലാണ് കെജ്‌രിവാളിനെ കോടതിയിലെത്തിച്ചത്. വാദം നടക്കുന്നതിനിടെ കെജ്‌രിവാളിന് രക്തസമ്മർദം കുറയുകയും വിശ്രമമുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡൽഹി ധനകാര്യ മന്ത്രി അതിഷി സിങ്ങിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം അനുവദിക്കാന്‍ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച വിസമ്മതിച്ചതിരുന്നു. പിന്നാലെയാണ് രാത്രി 9 മണിയോടെ ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട പരിശോധനകൾക്കും ചോദ്യം ചെയ്യലിനുമൊടുവിലായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in