62 എംഎല്‍എമാരില്‍ 54 പേര്‍ നിയമസഭയിലെത്തി; ഡല്‍ഹിയില്‍ 'വിശ്വാസം' നേടി കെജ്‌രിവാള്‍

62 എംഎല്‍എമാരില്‍ 54 പേര്‍ നിയമസഭയിലെത്തി; ഡല്‍ഹിയില്‍ 'വിശ്വാസം' നേടി കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് കാണിച്ച് ഇഡി നല്‍കിയ ഹര്‍ജിയില്‍, കെജ്‌രിവാള്‍ ഇന്ന് റോസ് അവന്യു കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരായിരുന്നു

ഡല്‍ഹി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍. 70 അംഗ നിയമസഭയില്‍ 54 എഎപി എംഎല്‍എമാരുടെ പിന്തുണയോടെയാണ് എഎപി വിശ്വാസ വോട്ടെടുപ്പ് വിജയിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് കാണിച്ച് ഇഡി നല്‍കിയ ഹര്‍ജിയില്‍, കെജ്‌രിവാള്‍ ഇന്ന് റോസ് അവന്യു കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരായിരുന്നു. വിശ്വാസ വോട്ടെടുപ്പ് തേടുന്നതിനാല്‍, നേരിട്ട് ഹാജരാകാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് കെജ്‌രിവാള്‍ ഓണ്‍ലൈന്‍ ആയി ഹാജരായത്.

62 എംഎല്‍എമാരാണ് എഎപിക്കുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 54 പേരാണ് നിയമസഭയില്‍ എത്തിയത്. സഭയില്‍ എത്താത്ത എംഎല്‍എമാരില്‍ രണ്ടുപേര്‍ക്ക് അസുഖമാണെന്നും രണ്ടുപേര്‍ യാത്രയിലാണെന്നും ബാക്കിയുള്ളവര്‍ ജയിലില്‍ ആണെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ബിജെപിയുടെ ഓപ്പറേഷന്‍ താമര ഡല്‍ഹിയില്‍ പരാജയപ്പെട്ടെന്ന് തെളിയിക്കാനാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഇന്നലെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. തങ്ങളുടെ എംഎല്‍എമാരാരും കൂറുമാറിയിട്ടില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.

2024-ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹി നിയമസഭ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ എല്ലാ കോണുകളിലും പോയി ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കണമെന്നും എഎപി എംഎല്‍എമാരോട് കെജ്‌രിവാള്‍ വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും, ഈ നിലപാട് മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

62 എംഎല്‍എമാരില്‍ 54 പേര്‍ നിയമസഭയിലെത്തി; ഡല്‍ഹിയില്‍ 'വിശ്വാസം' നേടി കെജ്‌രിവാള്‍
കോൺഗ്രസിനെ 'വെട്ടി'യോ കമൽ നാഥും മകനും? സമൂഹമാധ്യമങ്ങളിലെ ബയോയിൽ നിന്ന് പാർട്ടിയുടെ പേരുകളഞ്ഞ് നകുൽ നാഥ്

''കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും ഈ പാര്‍ട്ടി ഇല്ലാതാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍, കെജ്‌രിവാളിന് പിന്നിലെ ആശയത്തെ നിങ്ങള്‍ എങ്ങനെ അറസ്റ്റ് ചെയ്യും?'', അദ്ദേഹം ചോദിച്ചു. കേവലം 12 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടി, പത്തു വര്‍ഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായി. 2029-ല്‍ എഎപി ആയിരിക്കും രാജ്യം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ എഎപി 62 എംഎല്‍എമാരും ബിജെപിക്ക് 8 എംഎല്‍എമാരുമാണുള്ളത്.

logo
The Fourth
www.thefourthnews.in