പീഡനക്കേസ്; സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

പീഡനക്കേസ്; സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

നിലവിൽ ആശാറാം ബാപ്പു 2018ലെ ബലാത്സംഗ കേസിൽ ജോധ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്

2013ലെ ബലാത്സംഗ കേസിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന്‌ കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷ സെഷൻസ് കോടതി ജ‍ഡ്ജി ഡി കെ സോണി ചൊവ്വാഴ്ച പ്രഖ്യാപിക്കും. നിലവിൽ ആശാറാം ബാപ്പു 2018ലെ ബലാത്സംഗ കേസിൽ ജോധ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

ആശ്രമത്തിലെ അന്തേവാസിയായിരുന്ന സൂറത്ത് സ്വദേശിനിയെ 2001 മുതൽ 2006 വരെയുള്ള കാലയളവിൽ ആശാറാം ബാപ്പു പലയിടങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. 2013 ൽ ചന്ദ്‌ഖേഡ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 2014 ജൂലൈയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആശാറാം ബാപ്പുവിന്റെ ഭാര്യ അടക്കം എട്ട് പേർക്കെതിരെയായിരുന്നു സ്ത്രീയുടെ പരാതി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ആശാറാമിന്റെ ഭാര്യയടക്കം മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഒരാൾ വിചാരണ സമയത്ത്‌ മരിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342, 354 എ (ലൈംഗിക പീഡനം), 370 (4) (കടത്ത്), 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 (ബി) (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ആശാറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്.

2013 ഓഗസ്റ്റിൽ ഇന്‍ഡോറിൽ വച്ച് അറസ്റ്റിലായ ആശാറാമിനെ ആ വർഷം സെപ്റ്റംബറിലാണ് ജോധ്പുരിലേക്ക് എത്തിച്ചത്. 2013ൽ ജോധ്പുർ ആശ്രമത്തിൽ വച്ച് 16കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ, 2018ൽ ജോധ്പുരിലെ ഒരു വിചാരണ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ഐപിസി 376 പോക്‌സോ ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയായിരുന്നു ശിക്ഷ.

logo
The Fourth
www.thefourthnews.in