''ഞങ്ങള്‍ ഒന്നാണ്''; ഭാരത് ജോഡോ യാത്രയ്ക്കായി ഒന്നിച്ച് സച്ചിനും ​ഗെഹ്‍ലോട്ടും

''ഞങ്ങള്‍ ഒന്നാണ്''; ഭാരത് ജോഡോ യാത്രയ്ക്കായി ഒന്നിച്ച് സച്ചിനും ​ഗെഹ്‍ലോട്ടും

ഡിസംബര്‍ 4ന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും

രാജസ്ഥാൻ കോൺഗ്രസില്‍ അനുനയ നീക്കങ്ങൾ ഫലം കാണുന്നുവെന്നതിന് സൂചന നല്‍കി മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഒരേ വേദിയില്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുന്നതിന് മുന്നോടിയായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. ഡിസംബർ 4ന് രാജസ്ഥാനിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് വൻ വിജയമാകുമെന്ന് ഇരുവരും ജയ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അശോക് ഗെഹ്‍ലോട്ട് സച്ചിന്‍ പൈലറ്റിനെ ഒറ്റുകാരനെന്നും രാജ്യദ്രോഹിയെന്നും പരാമർശിച്ചത് കോൺഗ്രസിനുള്ളില്‍ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ നടപടിയുണ്ടായേക്കുമെന്ന് എഐസിസി സൂചന നൽകുകയും ചെയ്തിരുന്നു. ഭിന്നത നിലനിൽക്കുന്നിതിനടെ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഇരുനേതാക്കളുമായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് അശോക് ​ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

''ഞങ്ങള്‍ ഒന്നാണ്''; ഭാരത് ജോഡോ യാത്രയ്ക്കായി ഒന്നിച്ച് സച്ചിനും ​ഗെഹ്‍ലോട്ടും
സച്ചിന്‍ പൈലറ്റ് ഒറ്റുകാരന്‍; ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല: തുറന്നടിച്ച് അശോക് ഗെഹ്ലോട്ട്

''അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പാർട്ടിയുടെ അവിഭാജ്യഘടകമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞാൽ ഞങ്ങൾ അങ്ങനെ തന്നെയാണ്. പിന്നെ എന്തിനാണ് ചർച്ചയുടെ ആവശ്യം? പാർട്ടിയാണ് ഞങ്ങൾക്ക് പ്രധാനം. പാർട്ടി മുന്നേറാനും അതിന്റെ പ്രതാപം വീണ്ടെടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു''- ഗെഹ്‍ലോട്ട് പറഞ്ഞു. രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയെ പരമാവധി ആവേശത്തോടെയും ഊർജത്തോടെയും സ്വാഗതം ചെയ്യുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.

''ഞങ്ങൾ ഒറ്റക്കെട്ടാണ്. ഇവിടെ അശോക് ജിയും സച്ചിൻ പൈലറ്റും പറഞ്ഞത് രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണെന്നാണ്''. അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും പാർട്ടിയുടെ സ്വത്താണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും ഗെഹ്‍ലോട്ടിനും പൈലറ്റിനും ഒപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെ കെ സി വേണുഗോപാൽ പറഞ്ഞു.

ഡിസംബര്‍ 4ന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും. രാഹുല്‍ ഗാന്ധിയുടെ യാത്ര വിജയിപ്പിക്കുക എന്നത് കോണ്‍ഗ്രസിന്റെ കടമയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും പറഞ്ഞു.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പൈലറ്റ് രാജ്യദ്രോഹിയാണെന്നും പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നുമാണ് ഗെഹ്ലോട്ട് പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ട്ടിയെ വഞ്ചിച്ചയാളാണ് സച്ചിനെന്നും ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍, സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്നും ഗെഹ്ലോട്ട് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഐക്യം പ്രകടമാക്കേണ്ട സമയത്ത് ഒരു മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ നടത്തുന്നത് അനുയോജ്യമല്ലെന്ന് പൈലറ്റ് മറുപടി നല്‍കിയത്.

അതേസമയം പാര്‍ട്ടിക്ക് രണ്ട് നേതാക്കളേയും ആവശ്യമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. അശോക് ഗെഹ്ലോട്ടിന്റെ പരിചയ സമ്പത്തും സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജ്ജസ്വലതയും പാര്‍ട്ടിക്ക് ആവശ്യമാണെന്നും ഇന്‍ഡോറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടുമായി നില നില്‍ക്കുന്ന പോര് രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന യാത്രയെ പ്രതികൂലമായി ബാധിക്കില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സത്യമാണെന്നും ഞങ്ങള്‍ തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി.

logo
The Fourth
www.thefourthnews.in