വീട്ടുജോലികൾ 'പെർഫെക്ട്' ആയി ചെയ്യാൻ മരുമകളോട് ആവശ്യപ്പെടുന്നത് ക്രൂരതയല്ല: ആന്ധ്രാ ഹൈക്കോടതി

വീട്ടുജോലികൾ 'പെർഫെക്ട്' ആയി ചെയ്യാൻ മരുമകളോട് ആവശ്യപ്പെടുന്നത് ക്രൂരതയല്ല: ആന്ധ്രാ ഹൈക്കോടതി

സ്ത്രീധനം ആവശ്യപ്പെടുന്നത് തന്നെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു

വിവാഹിതയായ ഒരു സ്ത്രീക്ക് വീട്ടുജോലികളില്‍ വൈദഗ്ധ്യം വേണമെന്ന് ഭർതൃമാതാവ് പറയുന്നതും സ്ത്രീധനം ആവശ്യപ്പെടുന്നതും ഒരിക്കലും ക്രൂരതയല്ലെന്ന വിചിത്ര വാദവുമായി ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ പ്രകാരമുള്ള ക്രൂരതയായി ഇതിനെ കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധന മരണത്തിന് ശിക്ഷിക്കപ്പെട്ട അമ്മയും മകനും നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ഡോ വി ആർ കെ കൃപ സാഗർ ഉൾപ്പെട്ട ഏകാംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഐപിസി സെക്ഷൻ 304 ബി (സ്ത്രീധന മരണം) പ്രകാരം പത്ത് വർഷത്തെ കഠിനതടവ് ശിക്ഷയ്ക്കായിരുന്നു കീഴ്കോടതി വിധിച്ചത്.

2008 ഏപ്രിലിൽ വിവാഹം കഴിഞ്ഞ യുവതി എട്ട് മാസത്തിനുള്ളിൽ ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതായാണ് കേസ്. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ മകൾ ക്രൂരതയ്ക്ക് ഇരയായെന്ന് മരിച്ച യുവതിയുടെ വീട്ടുകാർ ആരോപിച്ചു. വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ ചടങ്ങുകളും ക്രമീകരണങ്ങളും കുടുംബത്തിലെ മറ്റ് ആൺമക്കളുടെ വിവാഹ ആഘോഷങ്ങളുമായി പ്രതികൾ താരതമ്യം ചെയ്യുമായിരുന്നുവെന്നും ആരോപണമുണ്ട്.

''സെക്ഷൻ 304-ബി ഇന്ത്യൻ ശിക്ഷാനിയമത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, വിവാഹ ആഘോഷങ്ങളുടെ താരതമ്യപ്പെടുത്തൽ അല്ലെങ്കിൽ വീട്ടുജോലികളിൽ കൂടുതൽ കാര്യക്ഷമമായി പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രായമായവർ പുതുതായി വിവാഹിതയായ പെൺകുട്ടിയോട് പറയുന്നത് സ്ത്രീധനവും സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരതയുമായി യാതൊരു ബന്ധവുമില്ല''-കോടതി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെടുന്നത് തന്നെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു

വീട്ടുജോലികള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള പ്രശംസയോ അഭിപ്രായങ്ങളോ ഒക്കെ ഏത് വീട്ടിലും സാധാരണമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം

വീട്ടുജോലികളിൽ കുറച്ചുകൂടി മികവ് പുലർത്തണമെന്ന് ആവശ്യപ്പെട്ടാണ് കുറ്റാരോപിതരായ ഭർത്താവും അമ്മയും മരിച്ച യുവതിയെ ക്രൂരതയ്ക്ക് വിധേയയാക്കിയത് എന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ വീട്ടുജോലികള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള പ്രശംസയോ അഭിപ്രായങ്ങളോ ഒക്കെ ഏത് വീട്ടിലും സാധാരണമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. വീട്ടുജോലികൾ ചെയ്യുന്നതിലെ അപാകതയുടെ പേരിൽ യുവതിയെ മർദിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തതിന്റെ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവതിയുടേത് ഐപിസി സെക്ഷൻ 304-ബി പ്രകാരമുള്ള സ്ത്രീധന മരണമാണെന്ന് സംശയാതീതമായി തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ആവശ്യപ്പെടുന്നതിനൊപ്പം മറ്റ് ക്രൂരതകള്‍ കൂടി നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അത് കുറ്റകൃത്യമാവൂ എന്നും കോടതി പറയുന്നു.

പ്രതികളാരും തന്നെ മരിച്ച യുവതിയെ വീട്ടിൽ നിന്ന് പറഞ്ഞയയ്ക്കുകയോ, അവർ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഓടിപ്പോവുകയോ, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അമ്മയോടോ സഹോദരനോടോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി

മരിച്ച യുവതി യഥാർത്ഥത്തില്‍ ക്രൂരതകള്‍ക്ക് വിധേയയായിരുന്നുവെങ്കിൽ അടുപ്പമുള്ള ആരോടെങ്കിലും അത് പങ്കുവയ്ക്കുമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. പ്രതികളാരും തന്നെ മരിച്ച യുവതിയെ വീട്ടിൽ നിന്ന് പറഞ്ഞയയ്ക്കുകയോ, അവർ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഓടിപ്പോവുകയോ, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അമ്മയോടോ സഹോദരനോടോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. യുവതിയുടേത് ഒരു സാധാരണ കുടുംബജീവിതമായിരുന്നു എന്നതിന്റെ സൂചനയാണിതെന്നും കോടതി പറഞ്ഞു.

സാധാരണ കുടുംബജീവിതത്തിൽ വേദനകളും സന്തോഷങ്ങളും ഉണ്ടാവും. മരിച്ച യുവതിയുടെ അവസ്ഥയെ കുറിച്ച് മാതാപിതാക്കള്‍ ഒരിക്കല്‍ പോലും അയൽക്കാർ വഴിയോ മറ്റോ അന്വേഷണം നടത്തിയിട്ടില്ല. അതിനർഥം അവർക്ക് സംശയാസ്പദമായി ഒന്നും തോന്നിയില്ല എന്നാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹ ചടങ്ങ് അവളുടെ സഹോദരിയുടേതുമായി ഹർജിക്കാർ താരതമ്യം ചെയ്തതിനേയും ബെഞ്ച് ന്യായീകരിച്ചു. വിവാഹ ആഘോഷങ്ങൾ താരതമ്യപ്പെടുത്തുന്നതും കൂടുതൽ കാര്യക്ഷമമായി വീട്ടുജോലികളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പുതുതായി വിവാഹിതയായ പെൺകുട്ടിയോട് മുതിർന്നവർ പറയുന്നതുമൊക്കെ സ്വഭാവികമാണെന്നാണ് കോടതി നിരീക്ഷിച്ചത്.

ഇതിന് ഐപിസി സെക്ഷൻ 304-ബിയില്‍ പരാമർശിക്കുന്ന സ്ത്രീധന മരണവുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി കണ്ടെത്തി. ഈ കണ്ടെത്തല്‍ പരിഗണിച്ച് കോടതി ഹർജിക്കാർക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in