യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി ഉന്നയിച്ച അങ്കിത ദത്തയെ പുറത്താക്കി കോൺഗ്രസ്

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി ഉന്നയിച്ച അങ്കിത ദത്തയെ പുറത്താക്കി കോൺഗ്രസ്

ആരോപണത്തിന് പിന്നിൽ ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമെന്ന് കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് അസം അധ്യക്ഷ അങ്കിത ദത്തയ്‌ക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അതേസമയം അങ്കിതയുടെ പരാതിയില്‍ ശ്രീനിവാസിനെതിരെ ദിസ്പൂര്‍ പോലീസ് കേസെടുത്തു.

കോൺഗ്രസ് വാർത്താ കുറിപ്പ്
കോൺഗ്രസ് വാർത്താ കുറിപ്പ്

ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ, ഡോ. അങ്കിത ദത്ത പരാതി ഉന്നയിച്ചത്. ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലിംഗ വിവേചനം കാണിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അങ്കിത ഉയര്‍ത്തിയത്. ആറ് മാസത്തോളമായി തന്നെ നിരന്തരം ഉപദ്രവിക്കുകയാണ് ശ്രീനിവാസെന്നാണ് അങ്കിതയുടെ പരാതി. ദിസ്പൂര്‍ പോലീസിന് ബുധനാഴ്ച അങ്കിത നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

നേരത്തെ അങ്കിതയുടെ ആരോപണം തള്ളിയ അസം കോണ്‍ഗ്രസ്, അച്ചടക്ക നടപടിയുണ്ടാകാതിരിക്കാന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണ് തനിക്കെതിരായ പാരാതിക്ക് പിന്നിലെന്നാണ് ശ്രീനിവാസിന്‌റെ ആരോപണം. ഹിമന്തയ്ക്കൊപ്പമുള്ള അങ്കിതയുടെ ചിത്രങ്ങളും കോൺഗ്രസ് പ്രചരിപ്പിച്ചിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാട്ടി ശ്രീനിവാസ് അങ്കിതയ്‌ക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചു.

അസമിലെ മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകള്‍ കൂടിയാണ് അങ്കിത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മംഗൂരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയിരുന്നു. മാസങ്ങളായി തന്‌റെ പരാതിയില്‍ അന്വേഷണം നടത്താന്‍ പോലും തയ്യാറാകാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് അങ്കിത പറയുന്നത്. അതേസമയം പരാതിക്കാരിക്കെതിരെ നടപടിയെടുക്കുന്നതാണോ കോണ്‍ഗ്രസിന്‌റെ സ്ത്രീ സുരക്ഷാ നയമെന്ന, ബിജെപി പരിഹസിച്ചു.

logo
The Fourth
www.thefourthnews.in