'ജീൻസും ലെഗ്ഗിങ്ങ്സും ധരിക്കരുത്': അധ്യാപകർക്ക് പ്രത്യേക ഡ്രസ് കോഡുമായി അസം സർക്കാർ

'ജീൻസും ലെഗ്ഗിങ്ങ്സും ധരിക്കരുത്': അധ്യാപകർക്ക് പ്രത്യേക ഡ്രസ് കോഡുമായി അസം സർക്കാർ

പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത വസ്ത്രം അധ്യാപകർ ഒഴിവാക്കണമെന്നാണ് ഉത്തരവ്

അസമിലെ ഗവൺമെന്റ് സ്‌കൂളുകളിൽ അധ്യാപകർക്ക് ജീൻസിനും ലെഗ്ഗിംഗ്‌സും വിലക്ക്. പുതിയ ഡ്രസ്സ് കോഡ് സംബന്ധിച്ച വിജ്ഞാപനം സർക്കാർ ശനിയാഴ്ച പുറത്തിറക്കി. സ്‌കൂളുകളിലെ പുരുഷ സ്ത്രീ അധ്യാപകർ ഇനി മുതൽ ടീ ഷർട്ട്, ജീൻസ്, ലെഗ്ഗിംഗ്‌സ് തുടങ്ങിയവ ധരിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

'അധ്യാപകർ മാന്യതയുടെ മാതൃകയായിരിക്കണമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ചുമതലകൾ നിർവഹിക്കുന്ന സമയങ്ങളിൽ. അതിനാൽ ഡ്രസ് കോഡ് പാലിക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപകർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ചിലപ്പോൾ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരിക്കും. അതിനാൽ ജോലിസ്ഥലത്തെ മാന്യത, പ്രൊഫഷണലിസം, ജോലിയുടെ ഗൗരവം എന്നിവ പ്രകടമാക്കാൻ സാധിക്കുന്ന ഒരു ഡ്രസ് കോഡ് പാലിക്കേണ്ടത് അത്യാവശ്യമാണ്', സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

പുരുഷ സ്ത്രീ അധ്യാപകർ വൃത്തിയുള്ളതും എളിമയുള്ളതുമായ ഇളം നിറത്തിലുള്ള മാന്യമായ വസ്ത്രങ്ങൾ ധരിക്കണമെന്നും, എന്നാൽ അത് ആഡംബരമുള്ളത് ആയിരിക്കരുതെന്നും, കാഷ്വൽ, പാർട്ടി വസ്ത്രങ്ങൾ കർശനമായി ഒഴിവാക്കണമെന്നും അധ്യാപകർക്ക് നൽകിയ നിർദ്ദേശങ്ങളിൽ പറയുന്നു. ആയതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പുരുഷ അധ്യാപകർ പാന്റും ഷർട്ടും ധരിച്ചും, വനിതാ അധ്യാപകർ സൽവാർ, സാരി, അസാമീസ് വേഷമായ മെഖേല ചാദർ തുടങ്ങിയ മാന്യമായ വസ്ത്രങ്ങൾ ധരിച്ചും ജോലിക്കെത്തണമെന്നും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാരായൺ കൊൻവാർ, പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ഒപ്പം ടീ-ഷർട്ട്, ജീൻസ്, ലെഗ്ഗിംഗ്‌സ് തുടങ്ങിയ വസ്ത്രങ്ങൾ ഒഴിവാക്കണമെന്നതും നിർദ്ദേശത്തിൽപ്പെടുന്നു.നിയമങ്ങൾ ബന്ധപ്പെട്ട എല്ലാവരും കർശനമായി പാലിക്കണമെന്നും എന്തെങ്കിലും മാറ്റമുണ്ടായാൽ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

സ്‌കൂൾ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം, ക്ലാസുകൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് വിശദമായ കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന 'സ്‌കൂൾ റൂൾ ബുക്ക്' കാലതാമസമില്ലാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും കൊണ്ട് വരുമെന്ന് അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ റനോജ് പെഗു പറഞ്ഞു. "മാന്യമായും ശരിയായ രീതിയിലും അധ്യാപകർ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സ്കൂൾ റൂൾ ബുക്കിൽ അടങ്ങിയിട്ടുണ്ടാകും. വിദ്യാർഥികൾക്ക് യൂണിഫോം ഉണ്ട്. അതുകൊണ്ട് അധ്യാപകർ ഔപചാരികമായ വസ്ത്രത്തിൽ സ്കൂളിൽ വരണം," ഡോ റനോജ് പെഗു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in