ലക്ഷ്യം വനിതാ വോട്ട്; പ്രാതിനിധ്യം പേരിന്

ലക്ഷ്യം വനിതാ വോട്ട്; പ്രാതിനിധ്യം പേരിന്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ 679 സീറ്റുകളിൽ 666 എണ്ണത്തിൽ ജനവിധി തേടുന്ന കോൺഗ്രസ് മത്സരിപ്പിക്കുന്നത് 74 വനിതകളെ. 643 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർഥികൾ 80

പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ പ്രത്യേകസമ്മേളനം ചേർന്നാണ് 'നാരി ശക്തി വന്ദൻ അഭിയാൻ' എന്ന് പേരിട്ട വനിത സംവരണ ബിൽ പാർലമെൻറ് പാസാക്കിയത്. സെപ്തംബർ 23 ന് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയതോടെ വനിത സംവരണം നയമമായി. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുകയെന്നതാണ് നിയമത്തിന്റെ ലക്ഷ്യം. എന്നാൽ നിയമം നിലവിൽവന്നതിന് പിന്നാലെ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബില്ലിന്റെ പിതൃത്വം ഒരുപോലെ അവകാശപ്പെടുന്ന കോൺഗ്രസും ബിജെപിയും എത്ര വനിതകളെയാണ് ഇത്തവണ മത്സരരംഗത്തിറക്കിയത്?  

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‍‌ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിലെ തിരഞ്ഞെടുപ്പും ചത്തീസ്‍ഗഢിലെ ആദ്യഘട്ട തിരഞ്ഞെടുപ്പും നവംബർ ഏഴിന് നടന്നു. ചത്തീസ്‍ഗഢിലെ രണ്ടാംഘട്ടവും മധ്യപ്രദേശ് തിരഞ്ഞെടുപ്പും 17 നും രാജസ്ഥാനിലേത് 25 നുമാണ് നടക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി മൊത്തം 679 സീറ്റുകളിലേക്കാണ് ജനം വിധിയെഴുതുന്നത്.

വനിത സംവരണ നിയമം ഈ തിരഞ്ഞെടുപ്പിൽ നടപ്പാക്കിയിരുന്നുവെങ്കിൽ 224 സീറ്റിലാണ്  ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി വനിത പ്രാതിനിധ്യം വരേണ്ടത്. എന്നാൽ അടുത്ത സെൻസെസ് പൂർത്തിയായശേഷം നടത്തുന്ന മണ്ഡലപുനർനിർണയത്തിന് ശേഷമേ വനിത സംവരണം നടപ്പിൽ വരൂ. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ഉയർത്തിയത്. വനിതകളെ രാഷ്ട്രീയമായും സാമൂഹികമായും ശക്തരാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുന്ന മുഖ്യ രാഷ്ട്രീയപാർട്ടികൾ പക്ഷെ ഈ അഞ്ച് സംസ്ഥാനങ്ങളിൽ സീറ്റ് നൽകിയ വനിതകളുടെ എണ്ണം പരിശോധിച്ചാൽ വാദങ്ങളിയ വലിയ കഴമ്പ് ഇല്ലെന്ന് തെളിയും.  

ലക്ഷ്യം വനിതാ വോട്ട്; പ്രാതിനിധ്യം പേരിന്
നവകേരള സദസിന് ശേഷം മന്ത്രിസഭ പുന:സംഘടന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും

679 സീറ്റുകളിൽ 666 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ 74 ഇടത്ത് മാത്രമാണ് കോൺഗ്രസ് വനിതകളെ മത്സരരംഗത്തിറക്കിയിരിക്കുന്നത്. അതായത് വെറും 11.11 ശതമാനം മാത്രം. ഇക്കാര്യത്തിൽ കോൺഗ്രസിനേക്കാൾ അൽപ്പം ഭേദം ബിജെപിയാണ്. മൊത്തം മത്സരിക്കുന്ന 643 മണ്ഡലങ്ങളിൽ 80 ഇടത്താണ് വനിതകളെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 12.44 ശതമാനം മാണ് ബിജെപിയുടെ വനിത പ്രാതിനിധ്യം. 33 ശതമാനം പോയിട്ട് അതിന്റെ പകുതിപോലും എത്തിയിട്ടില്ല പ്രമുഖ പാർട്ടി സ്ഥാനാർത്ഥികളിലെ വനിത പ്രാതിനിധ്യം.

സംസ്ഥാനങ്ങൾ തിരിച്ച് നോക്കുകയാണെങ്കിൽ, 230 മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ ബിജെപിക്ക് 28 ഉം കോൺഗ്രസിന് 30 ഉം വനിത സ്ഥാനാർത്ഥികളാണുള്ളത്. 2018 ൽ ഇത് യഥാക്രമം 24 ഉം 27 ഉം ആയിരുന്നു. 200 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ ഇരുപാർട്ടികളിലുമായി 48 വനിത സ്ഥാനാർത്ഥികളാണ് ഇത്തവണ രംഗത്തുള്ളത്. ഇതിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയടക്കം ബിജെപി 20 പേരെയും കോൺഗ്രസ് 28 വനിതകളെയുമാണ് രംഗത്തിറക്കിയത്. കഴിഞ്ഞ തവണ ബിജെപി 24, കോൺഗ്രസ് 27 എന്നിങ്ങനെയായിരുന്നു.

രാജസ്ഥാനിൽ ഇക്കുറി മത്സരിക്കുന്ന 2605 സ്ഥാനാർത്ഥികളിൽ 299 പേർ വനിതകളാണ്. 90 മണ്ഡലങ്ങളുള്ള ഛത്തീസ്‌ഗഢിൽ നിലവിലെ സഭയിൽ പത്ത് വനിത എംഎൽഎമാരുള്ള കോൺഗ്രസ് ഇത്തവണ 12 വനിതകളെ മത്സരരംഗത്തിറക്കിയിട്ടുണ്ട്. അതേസമയം ഒരു വനിത എംഎൽഎ മാത്രമുള്ള ബിജെപി ഒൻപത് വനിതകൾക്ക് ഇത്തവണ സീറ്റ് നൽകി. മൊത്തം 117 വനിത സ്ഥാനാർത്ഥികളാണ് സ്വതന്ത്രരായും ചെറുകക്ഷികളുടെ പ്രതിനിധികളായും ഛത്തീസ്‍ഗഢിൽ മത്സരരംഗത്തുള്ളത്. തെലങ്കാനയിൽ ഇരുപാർട്ടികളും കൂടി 25 വനിതകൾക്കും സീറ്റ് നൽകി (ബിജെപി 14, കോൺഗ്രസ് 11). അതേസമയം ഭരണകക്ഷിയായ ബി ആർ എസ് ആകട്ടെ എട്ടിടത്താണ് വനിതകളെ നിർത്തിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ മിസോറാമിൽ ബിജെപി നാലും കോൺഗ്രസ് രണ്ടും വനിതകളെയാണ് ഇത്തവണ മത്സരിപ്പിച്ചത്.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീവോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പികളിൽ വനിത വോട്ടർമാരുടെ ടേൺ ഔട്ട് 10 ശതമാനമാണ് വർധിച്ചത്. 2013 ൽ 64.21 ശതമാനമായിരുന്നത് 2018 ൽ 74.68 ശതമാനമായാണ് ഉയർന്നത്. മധ്യപ്രദേശിൽ 1962 ൽ വെറും 29.01 ശതമാനം വനിതകളാണ് ബൂത്തിലെത്തിയത് എങ്കിൽ കഴിഞ്ഞ തവണ അത് 74.01 ശതമാനായി. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പാർട്ടി കമ്മിറ്റികളിലെ ഭാരവാഹിത്വത്തിൽ 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കോൺഗ്രസും ബിജെപിയും അവകാശപ്പെടുന്നത്. എന്നാൽ അത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ വിജയ സാധ്യതമാത്രമാണ് രാഷ്ട്രീയ പാർട്ടികൾ മാനദണ്ഡമാക്കുന്നത്. വനിത സ്ഥാനാർഥികളുടെ എണ്ണം കുറയുന്നതിന് കാരണമായി പാർട്ടികൾ നൽകുന്ന ന്യായീകരണവും ഇതാണ്. വനിതകൾക്കായി സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുകളും നടപ്പാക്കിയ ക്ഷേമപദ്ധതികൾ ഉയർത്തിയാണ് ഇരുപാർട്ടികളും വോട്ട് തേടുന്നത്.അതായത് വനിതകളുടെ വോട്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും വിജയത്തിനായി ഇരുപാർട്ടികളും പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പക്ഷേ അപ്പോഴും അർഹമായ പ്രാതിനിധ്യം വനിതകൾക്ക് അകലെയാണ്.

logo
The Fourth
www.thefourthnews.in