ഔറംഗബാദ് ഇനി 'ഛത്രപതി സംബാജി നഗര്‍', ഒസ്മാനാബാദ് ‘ധാരാശിവ്’; പുനർനാമകരണത്തിന് അംഗീകാരം നൽകി കേന്ദ്രം

ഔറംഗബാദ് ഇനി 'ഛത്രപതി സംബാജി നഗര്‍', ഒസ്മാനാബാദ് ‘ധാരാശിവ്’; പുനർനാമകരണത്തിന് അംഗീകാരം നൽകി കേന്ദ്രം

യഥാർഥത്തിൽ പുനർനാമകരണം ചെയ്യുന്ന തീരുമാനം കൈക്കൊള്ളുന്നത് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന്റെ അവസാന ക്യാബിനറ്റ് മീറ്റിങ്ങിലാണ്

മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പുനർനാമകരണത്തിന് അനുമതി നൽകി കേന്ദ്രം സർക്കാർ. ഔറംഗബാദ് ഇനി മുതൽ 'ഛത്രപതി സംബാജി നഗർ', ഒസ്മാനാബാദ് 'ധാരാശിവ്' എന്ന പേരിലുമാണ് അറിയപ്പെടുക. മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശത്തിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകുന്നതും രണ്ട് ജില്ലകളുടെയും പേരുകൾ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തത്.

ഇരുപതാം നൂറ്റാണ്ടിലെ ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയുടെ പേരിലാണ് ഒസ്മാനാബാദ് അറിയപ്പെട്ടിരുന്നത്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. "സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും വളരെ നന്ദി" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി പത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടായി ശിവസേന ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമായിരുന്നു ഈ പേരുമാറ്റം. യഥാർഥത്തിൽ പുനർനാമകരണം ചെയ്യുന്ന തീരുമാനം കൈക്കൊള്ളുന്നത് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന്റെ അവസാന ക്യാബിനറ്റ് മീറ്റിങ്ങിലാണ്. എന്നാൽ ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കി, ആദ്യം മുതലേ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയുടെ പേരിലാണ് ഒസ്മാനാബാദ് അറിയപ്പെട്ടിരുന്നത്. അതിനെ എട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒസ്മാനാബാദിനടുത്ത് തന്നെയുള്ള ഗുഹാ സമുച്ചയമായ 'ധാരാശിവ്' എന്ന പേരിലേക്കാണ് മാറ്റുന്നത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദെന്ന പേര് ലഭിക്കുന്നത്. അതിനെ മറാത്താ രാജാവായ ഛത്രപതി ശിവജി മഹാരാജിന്റെ മൂത്ത മകൻ ഛത്രപതി സംബാജിയുടെ പേരിലേക്കും പുനർനാമകരണം ചെയ്യും. 1689-ൽ ഔറംഗസേബിന്റെ ഉത്തരവനുസിച്ചായിരുന്നു സംബാജി മഹാരാജ് വധിക്കപ്പെടുന്നത്.

അതേസമയം തീരുമാനത്തെ അപലപിച്ച് ഔറംഗബാദിൽ നിന്നുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി ഇംതിയാസ് ജലീൽ രംഗത്ത് വന്നു. "ഔറംഗാബാദ് അന്നും ഇന്നും ഞങ്ങളുടെ നഗരമാണ്. ഔറംഗബാദിന്റെ ശക്തിപ്രകടനത്തിനായി കാത്തിരിക്കുക. നമ്മുടെ നഗരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താൻ തയ്യാറാകൂ" -അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ്, അംബാദാസ് ദൻവെ പറഞ്ഞു. ശിവ സേന ഉദ്ധവ് പക്ഷത്തിന്റെ നേതാവാണ് അംബാദാസ്. ഔറംഗബാദ് നഗരത്തെ ഛത്രപതി സംബാജിനഗർ എന്ന് ബാൽ താക്കറെ 1988 മെയ് 9 ന് പുനർനാമകരണം ചെയ്തതായി അംബാദാസ് ദൻവെ ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in