അയോധ്യയിൽ രാമ വിഗ്രഹ പ്രതിഷ്ഠക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ച് റാം മന്ദിര്‍ ട്രസ്റ്റ്

അയോധ്യയിൽ രാമ വിഗ്രഹ പ്രതിഷ്ഠക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ച് റാം മന്ദിര്‍ ട്രസ്റ്റ്

2024 ജനുവരിയില്‍ ക്ഷേത്രം ഉദ്ഘാടനത്തിനു മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വേഗത്തിലാക്കുകയാണ് യു പി സര്‍ക്കാര്‍

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠ ചടങ്ങ് നിര്‍വഹിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അയോധ്യയിൽ പുരോഗമിക്കുകയാണ്. പ്രധാന മന്ത്രി ആ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് ശ്രീരാമ ജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്.

ട്രസ്റ്റിന്റെ ചെയര്‍മാനായ മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ വിഗ്രഹ പ്രതിഷ്ഠക്കായി വിളിക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പരിപാടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതുകൂടാതെ അയോധ്യയില്‍ ഏഴു ദിവസം നീളുന്ന ഉത്സവവും വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ടാകും.

പ്രധാന മന്ത്രിയെ ചടങ്ങിനു ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് കത്തിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കുകയാണ് ശ്രീരാമ ജന്മ ഭൂമി ട്രസ്റ്റ്. 2024 ജനുവരിയില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാനിരിക്കുന്നതിനു മുന്നോടിയായി വിമാനത്താവളവും ട്രെയിന്‍ സര്‍വീസുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലാക്കുകയാണ് യുപി സര്‍ക്കാര്‍. ശ്രീ രാമ ജന്മ ഭൂമിയിലേക്കും ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലേക്കുമുള്ള ഭക്തരുടെ സഞ്ചാരം സുഗമമാക്കാനായി നിരവധി റോഡുകളും ഇടനാഴികളും ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതെന്നും ഇന്ത്യ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമ വിഗ്രഹം ഡിസംബറോടെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമെന്നും 2024 ജനുവരിയോടെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നും രാമ ജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി. ''ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല എന്നാല്‍ ക്ഷേത്രത്തിന്റെ പണികള്‍ പുരോഗമിച്ചു വരികയാണ്. ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രതീക്ഷിക്കാം '' റായ് പറഞ്ഞു

2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വർഷമാദ്യം പറഞ്ഞത്.  ​171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ് . അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുന്നതാണ് അയോധ്യയിലെ പുതിയ രാമക്ഷേത്രം.

logo
The Fourth
www.thefourthnews.in