ബാബരി മസ്ജിദ് മുതൽ രാമക്ഷേത്രം വരെ; ഇന്ത്യൻ പത്ര മാധ്യമങ്ങൾ അന്നും ഇന്നും

ബാബരി മസ്ജിദ് മുതൽ രാമക്ഷേത്രം വരെ; ഇന്ത്യൻ പത്ര മാധ്യമങ്ങൾ അന്നും ഇന്നും

1992 ഡിസംബര്‍ ആറിന് പള്ളി പൊളിച്ചതിന് ശേഷം ഏഴാം തീയതി ഇറങ്ങിയ പ്രധാനപ്പെട്ട പത്രങ്ങളുടെ സമീപനവും ഇന്ന് അവര്‍ സ്വീകരിക്കുന്ന നയത്തിലുള്ള മാറ്റങ്ങളെന്താണ്?

അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചിടത്ത് സുപ്രീംകോടതി ഉത്തരവ് പ്രകാരം പണി പൂര്‍ത്തിയാക്കിയ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങാണ് ഇന്ന്, ജനുവരി 22ലെ പ്രധാന വാര്‍ത്താ തലക്കെട്ട്. പ്രാദേശിക- ദേശീയ മാധ്യമങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. രാമക്ഷേത്രം അവിടെതന്നെ പണിതു എന്ന ബാനറില്‍ ടെലിവിഷന്‍ ചാനലുകളുടെ വണ്ടികള്‍ അയോധ്യയിലുടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.

എന്നാല്‍ അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്നപ്പോഴും അത് തകര്‍ക്കാന്‍ വേണ്ടി ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ മാധ്യമങ്ങളുടെ പൊതുവിലുള്ള സമീപനമെന്തായിരുന്നു? 1992 ഡിസംബര്‍ ആറിന് പള്ളി പൊളിച്ചതിന് ശേഷം ഏഴാം തീയതി ഇറങ്ങിയ പ്രധാനപ്പെട്ട പത്രങ്ങളുടെ സമീപനവും ഇന്ന് അവര്‍ സ്വീകരിക്കുന്ന നയത്തിലുള്ള മാറ്റങ്ങളെന്താണ്? അതിന് 1992 ഡിസംബര്‍ ഏഴിന്റെയും 2024 ജനുവരി 22 ന്റെയും പത്രങ്ങള്‍ നോക്കിയാല്‍ മതി.

ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രമുഖരായ ടൈംസ് ഓഫ് ഇന്ത്യയുടെ നിലപാടില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി ബാബരി മസ്ജിദ് പൊളിക്കപ്പെട്ട ദിവസത്തെയും ഇന്നത്തെയും തലക്കെട്ടുകളില്‍നിന്ന് വ്യക്തമാണ്. 1992 ഡിസംബര്‍ ആറിന് അവര്‍ നല്‍കിയ തലക്കെട്ട്, 'ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു' എന്നാണെങ്കില്‍ 34 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 'നീണ്ട കാത്തിരിപ്പിന് വിട, പുതിയ പുലരിയില്‍ അയോധ്യ ആവേശത്തിലാണ്'ഇ എന്നായി മാറിയിട്ടുണ്ട്. പള്ളിതകര്‍ക്കപ്പെട്ടപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ എഡിറ്റോറിയല്‍ റിപ്പബ്ലിക്ക് തകര്‍പ്പെട്ടു ( A republic besmirched ) എന്നായിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്യവും ഏറെക്കുറെ സമാനമാണ്. ബാബരി ധ്വംസനത്തിന്റെ തൊട്ടടുത്ത ദിവസം 'ഒരു രാഷ്ട്രം ഒറ്റിക്കൊടുക്കപ്പെട്ടു' എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പത്രം മുഖപ്രസംഗം എഴുതിയിരുന്നു. കൂടാതെ 'തര്‍ക്കമന്ദിരം പൊളിക്കപ്പെട്ടു' എന്ന ഹെഡ്‌ലൈനും പത്രം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ അയോധ്യ പ്രാണ പ്രതിഷ്ഠ ദിനത്തിലെ പത്രം, 'ഉത്സവ ലഹരിയില്‍ അയോധ്യ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ഇന്ന്' എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലെ പോലെ തന്നെ ഒന്നാം പേജില്‍ രാഷ്ട്രത്തിന് നാണക്കേട് എന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ മുഖപ്രസംഗം എഴുതിയ പത്രമായിരുന്നു ഡല്‍ഹിയില്‍നിന്ന് പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ടൈംസ്. അതേസമയം 'രാമക്ഷേത്രം ഗംഭീരമായ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു' എന്നാണ് തിങ്കളാഴ്ചത്തെ തലക്കെട്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി അന്നും ഇന്നും വളരെ വാര്‍ത്താ കേന്ദ്രീകൃതമായി ഒന്നാം പേജ് ഡിസൈന്‍ ചെയ്ത പത്രമാണ് ദ ഹിന്ദു. 'മാപ്പര്‍ഹിക്കാത്ത തെറ്റ്' എന്ന തലക്കെട്ടോടെ അന്ന് മുഖപ്രസംഗം ദ ഹിന്ദു എഴുതിയിരുന്നെങ്കിലും ഒന്നാം പേജില്‍ 'അയോധ്യ തകര്‍ക്കപ്പെട്ടു' എന്ന വാര്‍ത്ത മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇന്ന് മുഖപ്രസംഗം ഒന്നുമില്ലെങ്കിലും സാധാരണ പോലെ പ്രാണപ്രതിഷ്ഠ ഇന്ന്, ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും എന്ന തലക്കെട്ട് മാത്രമാണ് 'ദ ഹിന്ദു' നല്‍കിയിട്ടുള്ളത്.

മലയാളത്തില്‍ മലയാള മനോരമയുടെ കാര്യം പരിശോധിച്ചാല്‍ 'താഴികക്കുടങ്ങള്‍ തകര്‍ത്തു' എന്നായിരുന്നു അന്നത്തെ തലക്കെട്ട് അതിന്ന് 'രാമമന്ത്രം ചൊല്ലി അയോധ്യ' എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in