ബൈഭവിന് ജാമ്യം നല്‍കുന്നത് തനിക്കും കുടുംബത്തിനും ഭീഷണി; സ്വാതി മലിവാള്‍ കോടതിയില്‍

ബൈഭവിന് ജാമ്യം നല്‍കുന്നത് തനിക്കും കുടുംബത്തിനും ഭീഷണി; സ്വാതി മലിവാള്‍ കോടതിയില്‍

കോടതിയില്‍ നേരിട്ടെത്തിയാണ് ബൈഭവിന് ജാമ്യം നല്‍കരുതെന്ന് സ്വാതി ആവശ്യപ്പെട്ടത്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിന് ജാമ്യം നല്‍കിയാല്‍ തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയാണെന്ന് എഎപി എംപി സ്വാതി മലിവാള്‍ കോടതിയില്‍. സ്വാതിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച്‌ മര്‍ദിച്ച കേസില്‍ ബൈഭവിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് സ്വാതി ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. കോടതിയില്‍ നേരിട്ടെത്തിയാണ് സ്വാതി ബൈഭവിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. കേസില്‍ ഇന്ന് വൈകിട്ട് നാലിന് വിധിപറയും.

''അവര്‍ക്ക് (എഎപിക്ക്) വലിയ ട്രോള്‍ സംവിധാനങ്ങളുണ്ട്. പ്രതിയെ മുംബൈയിലേക്ക് മാറ്റിയത് പാര്‍ട്ടിയിലെ നേതാക്കളാണ്. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ എനിക്കും എന്റെ കുടുംബത്തിനും ഭീഷണിയുണ്ടാകും''- സ്വാതി കോടതിയില്‍ പറഞ്ഞു. ''ബൈഭവ് കുമാര്‍ സാധാരണക്കാരനല്ല. മന്ത്രിമാര്‍ ഉപയോഗിക്കുന്ന സൗകര്യങ്ങളാണ് ബൈഭവും ഉപയോഗിക്കുന്നത്. എന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം എഎപി നേതാക്കള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഞാന്‍ ബിജെപി ഏജന്റ് ആണെന്ന് അവര്‍ ആരോപിച്ചു''- സ്വാതി കോടതിയില്‍ പറഞ്ഞു.

ബൈഭവിന് ജാമ്യം നല്‍കുന്നത് തനിക്കും കുടുംബത്തിനും ഭീഷണി; സ്വാതി മലിവാള്‍ കോടതിയില്‍
'അപകീര്‍ത്തികരം'; ടിഎംസിക്കെതിരായ ബിജെപിയുടെ പരസ്യത്തിന് വിലക്ക് തുടരും, ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതി ഇടപെട്ടില്ല

''ഒരു സ്ത്രീയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പ്രതി അവരുടെ തല ഹാളിലെ സെന്‍ട്രല്‍ ടേബിളില്‍ ഇടിച്ചു. ഇത് മരണത്തിന് കാരണമാകില്ലായിരുന്നോ?''- ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ ചോദിച്ചു. ഒരു സ്ത്രീയെ പൊതുമധ്യത്തില്‍ മര്‍ദിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ഹനിക്കുന്നതാണെന്നും ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, സ്വാതിയുടെ ശരീരത്തിലെ മുറിവുകള്‍ സ്വയം ഉണ്ടാക്കിയതാകാം എന്ന് ബൈഭവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ വാദിച്ചു. സ്വാതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളില്ല. അങ്ങനെയാണെങ്കില്‍, കൊലപാതകത്തിന് ശ്രമിച്ചു എന്ന വാദം നില്‍ക്കുന്നത് എങ്ങനെയാണെന്ന് ഹരിഹരന്‍ ചോദിച്ചു.

അതേസമയം, താന്‍ ബിജെപിയില്‍ ചേരുമെന്ന എഎപി ആരോപണങ്ങള്‍ സ്വാതി മലിവാള്‍ നിഷേധിച്ചു. താന്‍ പാര്‍ട്ടി വിടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സ്വാതി പറഞ്ഞു. ക്രൂരമര്‍ദനമേറ്റിട്ടും ഒരു പ്രധാന തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ഈ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ സാധ്യതയുള്ളതിനാലാണ് താന്‍ സ്വയം വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് സ്വാതി പറഞ്ഞു. ഇരയെ അപമാനിക്കുന്നതിലൂടെ സ്ത്രീ മുന്നേറ്റങ്ങളെ മുഴുവനും എഎപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സ്വാതി ആരോപിച്ചു. എഎപി ഒന്നോ രണ്ടോ ആളുകളുടെ മാത്രമല്ലാത്തതുകൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ തുടരുന്നതെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. തന്റെ രക്തവും വിയര്‍പ്പും കൂടി നല്‍കിയാണ് പാര്‍ട്ടിയെ വളര്‍ത്തിയതെന്നും അവര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in