കള്ളപ്പണം വെളുപ്പിക്കൽ:   ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും, ലഹരി ഇടപാടിനെക്കുറിച്ച്  അറിയാമായിരുന്നുവെന്ന് കോടതി

കള്ളപ്പണം വെളുപ്പിക്കൽ: ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും, ലഹരി ഇടപാടിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി

ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം ചെയ്തത് എല്ലാം അറിഞ്ഞുകൊണ്ടെന്ന് കോടതി

ലഹരി ഇടപാടിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പടെയുള്ള പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസിൽ നാലാം പ്രതിയായ തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജി മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി തള്ളി.

ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്‌തെന്ന കണ്ടെത്തലിൽ 2020ൽ ആണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവർത്തിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി നൽകിയത്. എന്നാൽ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളോടെയാണ് ഹർജി കോടതി തള്ളിയത്.

ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് കോടതി നിരീക്ഷണം. അനൂപും ബിനീഷും കൊക്കൈൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ട് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കുന്നത്. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയൽ സ്യൂട്ട് അപ്പാർട്മെന്റിൽ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും മറ്റുള്ളവരും പിടിയിലാകുന്നത്. ഇതെല്ലാം അർത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവിൽനിന്ന്
കോടതി ഉത്തരവിൽനിന്ന്

നാൽപത് ലക്ഷത്തോളം രൂപ മുഹമ്മദ് അനൂപിന് നൽകുകയും മതിയയായ രേഖകൾ വാങ്ങാതിരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണ്. അനൂപിന് നൽകിയെന്ന് പറയുന്ന പണമിടപാടിന്റെ മുഴുവൻ രേഖകളും ഹാജരാക്കുന്നതിൽ ബിനീഷ് പരാജയപ്പെട്ടു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴും ഇക്കാര്യങ്ങൾ മറച്ചുവച്ചതായുള്ള ഇ ഡിയുടെ കണ്ടെത്തൽ കോടതി ശരിവച്ചു. ലഹരിക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടില്ല എന്ന കാരണം പറഞ്ഞ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ബിനീഷിനെ ഒഴിവാക്കാനാവില്ല.

ലഹരിക്കടത്ത് കേസിലെ ഒന്നാം പ്രതിക്ക് കണക്കിൽ കവിഞ്ഞ സാമ്പത്തിക സഹായം ചെയ്‌തെന്ന കേസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നാലാം വകുപ്പ് പ്രകാരം നിലനിൽക്കുമെന്ന് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് എച്ച് എ മോഹൻ വിശദീകരിച്ചു. ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന്‌ നാലാം പ്രതിയായ ബിനീഷ് സഹായിച്ചതിന് മതിയായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം. ഒന്നാം പ്രതി അനൂപിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെട്ട ബിനീഷ് ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിലാവുകയായിരുന്നു. ഒരു വർഷ കാലം ജാമ്യമില്ലാതെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് 2021ൽ ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്.

logo
The Fourth
www.thefourthnews.in