'തണ്ണിമത്തന്‍, ബലൂണ്‍, വള'; പുതിയ 193 സ്വതന്ത്ര ചിഹ്നങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

'തണ്ണിമത്തന്‍, ബലൂണ്‍, വള'; പുതിയ 193 സ്വതന്ത്ര ചിഹ്നങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷൻ സ്വതന്ത്ര ചിഹ്നങ്ങള്‍ പുറത്തുവിട്ടത്

രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടിക പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാക്കിങ് സ്റ്റിക്ക്, ബലൂണ്‍, വള, വയലിന്‍ തുടങ്ങി 193 ചിഹ്നങ്ങളുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്. ഇത് സ്വതന്ത്രർക്കും അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥികൾക്കും ഉപയോഗിക്കാം.

ബേബി വാക്കര്‍, എയര്‍ കണ്ടീഷണര്‍, വിസില്‍, ജനല്‍, കമ്പിളി, സൂചി, തണ്ണിമത്തന്‍, വാക്വം ക്ലീനര്‍, വാൽനട്ട്, വയലിൻ തുടങ്ങി നിരവധി ചിഹ്നങ്ങളാണ് പട്ടികയിലുള്ളത്. അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾ അവരുടെ രജിസ്റ്റർ ചെയ്ത പാർട്ടി ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, സ്വതന്ത്രരും അംഗീകൃതമല്ലാത്ത പാർട്ടികളുടെ സ്ഥാനാർഥികളും കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷൻ പാനൽ നൽകുന്ന പട്ടികയിൽ നിന്നാണ് ചിഹ്നങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.

മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്

നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 17 നും ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 3 നും ജനുവരി 6 നും അവസാനിക്കും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളുടെ കാലാവധി തീരുന്നത് ജനുവരി 14 നും ജനുവരി 16 നുമാണ്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജൂണിലാണ് അവസാനിക്കുക. സാധാരണയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്നതിനാല്‍, മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in