ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ ഇനി  തമിഴ്നാട് സർക്കാരിന്; 6 പെട്ടികളുമായി ബെംഗളുരുവിലെത്താൻ കോടതി നിർദേശം

ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ ഇനി തമിഴ്നാട് സർക്കാരിന്; 6 പെട്ടികളുമായി ബെംഗളുരുവിലെത്താൻ കോടതി നിർദേശം

സാരികൾ, സ്വർണ-വജ്ര-വെള്ളി ആഭരണങ്ങൾ, ചെരിപ്പുകൾ, വാച്ചുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ കൊണ്ടുപോകാൻ ആറ് വലിയ പെട്ടികൾ എത്തിക്കാനാണ് കോടതി നിർദേശം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ളവരിൽനിന്ന് പിടിച്ചെടുത്ത കോടികൾ വില വരുന്ന ജംഗമവസ്തുക്കൾ വൈകാതെ തമിഴ്‌നാട് സർക്കാരിന് സ്വന്തമാകും. ബെംഗളുരുവിൽ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരം എത്താൻ തമിഴ്നാട് സർക്കാരിന് കോടതി നിർദേശം നൽകി.

സ്വർണ-വജ്ര-വെള്ളി ആഭരണങ്ങൾ, സ്വർണ-വെള്ളി-പാത്രങ്ങൾ, സാരികൾ, ചെരുപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കോടികൾ വിലവരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടുനൽകുന്നത്. ഇവ കൈപ്പറ്റാൻ പെട്ടികളുമായി മാർച്ച് ആറ്, ഏഴ് തിയ്യതികളിൽ എത്താനാണ് ബെംഗളുരു 32-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.

ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ ഇനി  തമിഴ്നാട് സർക്കാരിന്; 6 പെട്ടികളുമായി ബെംഗളുരുവിലെത്താൻ കോടതി നിർദേശം
എംജിആര്‍ കെെപിടിച്ചുകൊണ്ടുവന്ന പുരട്ച്ചി തലെെവി; മരണത്തിലും തുടര്‍ന്ന ദുരൂഹത

കോടതി നിർദേശപ്രകാരം തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയും വിജിലൻസ് ഐ ജിയും നേരിട്ടെത്തി വേണം തൊണ്ടിമുതൽ കൈപ്പറ്റാൻ. രണ്ടു ദിവസമെടുത്ത് വസ്തുക്കൾ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകാനാണ് നിർദേശിച്ചിരിക്കുന്നത്. മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു.

കേസ് നടത്തിപ്പിന് കർണാടകയ്ക്ക് ചെലവായ അഞ്ച് കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി തമിഴ്‌നാട് നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കിരൺ ജവുളി പറഞ്ഞു. മാർച്ച് ആറിന് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പതിനായിരത്തോളം പട്ട് സാരികൾ, 250 ഷാൾ, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തിൽനിന്ന് പിടിച്ചെടുത്തത്. 1996 ൽ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടൽ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതൽ ചെന്നൈ ആർ ബി ഐയിൽനിന്ന് ബെംഗളുരുവിലെത്തിച്ചത്.

മൂന്നു ദിവസമെടുത്തായിരുന്നു അന്ന് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ എണ്ണിത്തിട്ടപ്പെടുത്തിയതും മതിപ്പുവില നിശ്ചയിച്ചതും. 2003 മുതൽ ഇതുവരെ കർണാടക ഹൈക്കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിപ്പ് കേന്ദ്രത്തിൽ അതീവ സുരക്ഷാ വലയത്തിൽ സൂക്ഷിച്ചുപോരുകയായിരുന്നു ഇവ.

കേസിലെ പ്രതികളായ ജയലളിത ഒഴികെയുള്ളവർ കോടതി വിധിച്ച ശിക്ഷ അനുഭവിച്ചു തീർന്ന സാഹചര്യത്തിലായിരുന്നു കേസിലെ തൊണ്ടിമുതൽ എന്ത് ചെയ്യുമെന്ന ചോദ്യമുയർന്നത്. തൊണ്ടി മുതൽ ലേലം ചെയ്യണമെന്ന നിർദേശം പൊതുതാല്പര്യ ഹർജിയായി വന്നിരുന്നെങ്കിലും തമിഴ് നാടിനു തിരിച്ചുനൽകാനായിരുന്നു പ്രത്യേക സിബിഐ കോടതി തീരുമാനിച്ചത്. ഇതിനിടയിൽ തൊണ്ടി മുതലിൽ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്ന സ്ഥാവര - ജംഗമ വസ്തുക്കളിൽ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജയലളിതയുടെ കോടികൾ വിലവരുന്ന വസ്തുക്കൾ ഇനി  തമിഴ്നാട് സർക്കാരിന്; 6 പെട്ടികളുമായി ബെംഗളുരുവിലെത്താൻ കോടതി നിർദേശം
പിടിച്ചെടുത്ത സ്വത്തുവകകൾ ജയലളിതയുടെ അനന്തരാവകാശികൾക്ക് കിട്ടില്ല; ഹർജി തള്ളി കോടതി

2003 ൽ ബെംഗളുരുവിലേക്കു മാറ്റിയ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ 2016 ൽ പൂർത്തിയാവുകയും ജയലളിതയ്ക്കും കൂട്ട് പ്രതികൾക്കും ബെംഗളുരുവിലെ പ്രത്യേക കോടതി തടവും പിഴയും വിധിക്കുകയും ചെയ്തു. ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും നാല് വർഷം തടവുമായിരുന്നു ശിക്ഷ. ശശികല, ഇളവരശി, സുധാകരൻ എന്നിവർക്ക് 10 കോടി രൂപ വീതം പിഴയും നാല് വർഷം തടവും ശിക്ഷ വിധിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനു മുൻപേയായിയിരുന്നു ജയലളിതയുടെ അന്ത്യം. എന്നാൽ പിഴയായി വിധിച്ച 100 കോടി രൂപ അവരുടെ ആസ്തിയിൽനിന്ന് കോടതി ഈടാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in