രാഹുൽ ഗാന്ധിയുടെ ഉയർത്തെഴുന്നേൽപ്പ്

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുവാൻ വന്നവനാണെന്ന പഞ്ച് ഡയലോഗ് മാത്രം മതി അയാളുടെ താടി മാത്രമല്ല വളർന്നതെന്ന് ഉൾക്കൊള്ളാൻ.

അക്കൂട്ടത്തില്‍ പ്രായം വകവെയ്ക്കാത്ത മുഖ്യമന്ത്രിമാരുണ്ട്. കോണ്‍ഗ്രസല്ലാത്ത രാഷ്ട്രീയക്കാരുണ്ട്. സിനിമാ താരങ്ങളുണ്ട്, ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ കായിക താരങ്ങളുണ്ട്, രാജ്യത്തെ കാത്ത സൈനികരുണ്ട്, കര്‍ഷകരുണ്ട്. കുറി തൊട്ട് അമ്പലത്തില്‍ കയറി, തൊപ്പിവെച്ച് പള്ളിയിലൂടെ നടന്ന്, ബിഷപ്പുമാരെ ആലിംഗനം ചെയ്ത് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചുവടുവെച്ചു എന്നത് ചില്ലറക്കാര്യമല്ല.

നടപ്പിലും എടുപ്പിലും മാത്രമല്ല കളത്തിലിറങ്ങി കളിക്കാനറിയാവുന്ന രാഷ്ട്രീയക്കാരനായും രാഹുല്‍ഗാന്ധി പരുവപ്പെട്ട് കഴിഞ്ഞു. 3570 കി.മി നീണ്ട റോഡ് യാത്ര രാഹുലിനെ മാറ്റുന്നത് ഗൗരവമുള്ള രാഷ്ട്രീയ നേതാവിലേക്കാണ്. ആര്‍എസ് എസിനേയും സവര്‍ക്കറെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന രാഹുല്‍ എ ബി വാജ്പേയിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തിയതിനെ അങ്ങനെ വേണം വിലയിരുത്താന്‍. കര്‍ണ്ണാടകയില്‍ കൂടെ നടന്ന അമ്മ സോണിയാ ഗാന്ധിയുടെ ഷൂവിന്റെ ലേസ് കെട്ടികൊടുക്കുന്ന മകനായും, ഉത്തര്‍പ്രദേശില്‍ സ്വീകരിക്കാന്‍ നിന്ന പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് കവിളിലൊരു ഉമ്മ കൊടുക്കുന്ന സഹോദരനായുമെല്ലാം രാഹുല്‍ഗാന്ധിയെ നമ്മള്‍ കണ്ടു. എല്ലാ റോളും ഗംഭീരമാക്കുന്ന രാഹുലിനെയാണ് അതില്‍ നിന്നെല്ലാം നമുക്ക് കാണാനാവുക

പദയാത്രയിലൂടെ ലക്ഷ്യം നേടിയ അനേകം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമുണ്ട്. 1983ല്‍ എന്‍ടി രാമറാവു ആന്ധ്രയില്‍ അധികാരം പിടിച്ചത് ചൈതന്യരഥം യാത്രയിലൂടെയാണ്. വര്‍ഗീയത നിറച്ച് എല്‍കെ അദ്വാനി നടത്തിയ രഥയാത്രയുടെ ഗുണഫലമാണ് ബിജെപി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും അനുഭവിക്കുന്നത്. ആന്ധ്രാപ്രദേശിലൂടെ വൈ എസ് രാജശേഖര റെഡ്ഡി നടന്ന് നടന്നാണ് 2004ല്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചത്. അവരെ പോലെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ പ്രതാപകാലത്തേക്ക് തിരിച്ച് നടത്തുമോയെന്ന് രാഷ്ടീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്നുണ്ട്.

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ വന്നവൻ ആണെന്ന പഞ്ച് ഡയലോഗ് മാത്രം മതി അയാളുടെ താടി മാത്രമല്ല വളർന്നതെന്നു ഉൾക്കൊള്ളാൻ.ഇനി ഈ ആശയങ്ങളുടെ, സംവാദങ്ങളുടെ, പ്രവൃത്തികളുടെ തുടർച്ച ഉണ്ടാകുമോ എന്നതാണ് രാജ്യത്തിനു അറിയേണ്ടത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ച് കൊണ്ടുവരാനുള്ള എന്ത് മാജിക് വടിയാണ് രാഹുലിന്‍റെ കയ്യിലുള്ളതെന്ന് അറിയാന്‍ കാത്തിരിക്കാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in