ആശംസിച്ചു, പക്ഷേ പങ്കെടുക്കില്ല, അഖിലേഷും, മായാവതിയും ജോഡോ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിൻ്റെ രാഷ്ട്രീയം

ആശംസിച്ചു, പക്ഷേ പങ്കെടുക്കില്ല, അഖിലേഷും, മായാവതിയും ജോഡോ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിൻ്റെ രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ചെങ്കിലും ഇരുവരും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലേക്ക് കടക്കുമ്പോള്‍ ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഭാവി വീണ്ടും ചര്‍ച്ചയാകുന്നു. ഒന്‍പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര പുനരാരംഭിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് യാത്ര കടന്നുപോകുന്ന സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ മൗനമാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നാണ് ഇതുവരെയുള്ള സൂചനകൾ. എന്നാൽ ഇരുവരും യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു. കോൺഗ്രസിൻ്റെ പ്രതിപക്ഷ ഐക്യ ശ്രമത്തോട് ഇരുപാർട്ടികൾക്കുമുളള സന്ദേഹമാണ് ഇതിന് കാരണമെന്നാണ് സൂചന.

30 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള യുപിയിലെ ഷാംലി, ബാഗ്പത് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതെന്നത് ഇരുനേതാക്കളെയും അകറ്റുന്ന ഘടകങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്

യുപിയിലെ മുഖ്യ പ്രതിപക്ഷമായ അഖിലേഷും മായാവതിയും പങ്കെടുത്തില്ലെങ്കില്‍ യാത്രയുടെ ലക്ഷ്യങ്ങള്‍ക്ക് കനത്ത പ്രഹരമായിരിക്കും. കാരണം ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യനിര യാഥാർത്ഥ്യമാകണമെങ്കിൽ അതിൽ ഉത്തർപ്രദേശിൽനിന്നുള്ള പാർട്ടികളുടെ സാന്നിധ്യം അനിവാര്യമാണ്.

'സ്‌നേഹം, അഹിംസ, അനുകമ്പ, സഹകരണം, ഐക്യം എന്നിവയാല്‍ ഏകീകരിക്കപ്പെട്ടതാണ് ഇന്ത്യ. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന യാത്രയുടെ ലക്ഷ്യം കൈവരിക്കാന്‍ യാത്രയ്ക്ക് കഴിയട്ടെ എന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. സമാനമായിരുന്നു മായാവതിയുടെയും ട്വീറ്റ്.

ഭാരത് ജോഡോ യാത്ര യു പിയിലേക്ക് കടക്കുമ്പോള്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ക്ഷണം ലഭിച്ചിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെ അഖിലേഷിന്റെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസ് ഔപചാരികമായി തന്നെ ക്ഷണിച്ചതോടെ കാര്യങ്ങള്‍ മാറി. അപ്പോഴും വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ ഇരു നേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല.

30 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ഷാംലി, ബാഗ്പത് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര യുപിയില്‍ കടന്നു പോകുന്നു എന്നത്, ഇരുനേതാക്കളെയും യാത്രിയില്‍ നിന്ന് അകറ്റുന്ന ഘടകങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സമാജ്‌വാദി- ആര്‍എല്‍ഡി പാര്‍ട്ടികളുടെ പ്രധാന വോട്ട് ബാങ്കാണ് യുപിയിലെ മുസ്ലീം വോട്ടുകള്‍. യാത്രയിലൂടെ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരുകളുറപ്പിച്ചേക്കുമോ എന്ന ആശങ്ക യു പിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ പിടികൂടിയിട്ടുള്ളതായും കണക്കാക്കപ്പെടുന്നു. പടിഞ്ഞാറന്‍ യു പിയിലെ മുസ്ലീം വോട്ടുകളെ ഉന്നം വെയ്ക്കുന്ന ബിഎസ്പിക്കും ഇതേ ആശങ്കയുണ്ട്. തങ്ങളുടെ ചെലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപെടുന്നതില്‍ താത്പര്യമില്ലാത്തതിനാലാണ് അഖിലേഷും മായാവതിയുമെല്ലാം വിട്ട് നില്‍ക്കുന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് അഖിലേഷ് യാദവും കോൺഗ്രസുമായുള്ള രാഷ്ട്രീയ ബന്ധത്തിൽ വിള്ളലുണ്ടാകുന്നത്. അന്ന് കോൺഗ്രസുമായി ചേർന്ന് ബിജെപിയെ നേരിട്ട എസ്പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പിന്നീട് മധ്യപ്രദേശിൽ എസ്പിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച കോൺഗ്രസ്, മന്ത്രിസ്ഥാനം നൽകാത്തതും അകൽച്ചയുടെ വ്യാപ്തി വർധിപ്പിച്ചു. ഇതിന് പിന്നാലെയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതും കോൺഗ്രസുമായി ചേരാതെ ബിഎസ്പിയുമായി സഖ്യമുണ്ടക്കിയതും. രാഹുലും പ്രിയങ്കാ ഗാന്ധിയും അഖിലേഷുമായി നല്ല ബന്ധം പുലർത്തുന്നു എന്നത് ഒരു വസ്തുതയായി നിലനിൽക്കെ തന്നെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഇരു തട്ടിലാണ് രണ്ടുപേരും. ഈ കാര്യങ്ങൾ കൂടിയാണ് ഭാരത് ജോഡോ യാത്രയിൽ നിന്നും അഖിലേഷിനെ വിട്ട് നിർത്തുന്നത് എന്ന് വേണം കരുതാൻ.

logo
The Fourth
www.thefourthnews.in