'രാഷ്ട്രീയം' ജാതി പറയുമ്പോൾ; ബിഹാറിലെ ജാതി സെൻസസിന് പിന്നിലെന്ത് ?

ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിനെതിരെ കേന്ദ്രവും ബിജെപിയും രംഗത്തുവന്നിരുന്നു

ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ജാതി സെന്‍സസ് രാജ്യവ്യാപകമായി നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ ശക്തമാക്കുന്നതിനിടെയാണ് സെന്‍സസിന്റെ വിവരങ്ങള്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയങ്ങളിലൊന്ന്‌ ജാതി സെന്‍സസ് ആകുമെന്ന് ഉറപ്പായി.

സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നോക്ക വിഭാഗത്തിലുള്ളവരാണെന്നാണ് സെന്‍സസിലെ കണ്ടെത്തല്‍

2021 ല്‍ സെന്‍സസ് നടത്തുക സാധ്യമല്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് ജാതി സെന്‍സസ് നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2011 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചെങ്കിലും അതിലെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിനെതിരെ കേന്ദ്രവും ബിജെപിയും രംഗത്തുവന്നിരുന്നു. സെന്‍സസ് നടത്താനുള്ള അധികാരം കേന്ദ്ര ത്തിന് മാത്രമായിരുന്നുവെന്നായിരുന്നു വാദം. എന്നാല്‍ ഇത് തള്ളിയാണ് സുപ്രീം കോടതി ജാതി സെന്‍സസ് നടത്താന്‍ അനുവദിച്ചത്.

എന്താണ് സെന്‍സസിലുള്ളത്

സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നോക്ക വിഭാഗത്തിലുള്ളവരാണെന്നാണ് സെന്‍സസിലെ കണ്ടെത്തല്‍. 27.13 ശതമാനം പേര്‍ പിന്നോക്ക വിഭാഗക്കാരും 36.01 ശതമാനം പേര്‍ അതീവ പിന്നോക്ക വിഭാഗക്കാരുമാണ്. 15.52 ശതമാനം പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്. 13.07 കോടിയിലധികമാണ് ബീഹാറിലെ ജനസംഖ്യ.

ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേകള്‍ ജാതിയെക്കുറിച്ച് മാത്രമല്ല സമൂഹത്തിലെ എല്ലാവരുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രാഷ്ട്രീയം' ജാതി പറയുമ്പോൾ; ബിഹാറിലെ ജാതി സെൻസസിന് പിന്നിലെന്ത് ?
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

ബിഹാറില്‍ ഇതിനകം യാദവ് കൂര്‍മി, മുസ്ലീം വോട്ടുകളെ ഒരു പരിധിവരെ ഏകീകരിക്കാന്‍ നിതീഷ് ലാലു സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്

എന്താണ് രാഷ്ട്രീയ പ്രസക്തി

സമൂഹത്തിലെ ബഹുഭൂരിപക്ഷവും പിന്നാക്ക ജാതി വിഭാഗക്കാരാണെന്ന് കണ്ടെത്തിയതോടെ അധികാരത്തിലും സര്‍ക്കാര്‍ സര്‍വീസിലുമുള്ള അവരുടെ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാനാണ് സാധ്യത. ഇത് പിന്നാക്ക വിഭാഗത്തെയും അതീവ പിന്നാക്ക വിഭാഗത്തെയും തങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് നിതീഷ് കുമാറിന്റെയും മറ്റും കണക്കുകൂട്ടല്‍. ബിജെപി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ നിരന്തരം നിലനിര്‍ത്തി പോന്ന ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ മേല്‍ക്കൈയില്‍ വിള്ളല്‍ വീഴ്ത്താനും ഇതുമൂലം കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ബിഹാറില്‍ ഇതിനകം യാദവ് കൂര്‍മി, മുസ്ലീം വോട്ടുകളെ ഒരു പരിധിവരെ ഏകീകരിക്കാന്‍ നിതീഷ് ലാലു സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഒബിസി വിഭാഗത്തെ ഒന്നടങ്കം ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാതി സെന്‍സസിലൂടെ ഇത് കഴിയുമെന്നാണ് പ്രതീക്ഷ

ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യപ്പെടുകയാണ്. ഒബിസി സമൂദായങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചതാണ് ബിജെപിയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന കണക്കുകൂട്ടലില്‍ ഈ പാര്‍ട്ടികള്‍ എത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാതി സെന്‍സസ് എന്ന ആവശ്യം ഉന്നയിക്കുന്നത്. എന്നുമാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വ പ്രൊജക്ടിനെ ഉള്ളില്‍നിന്ന് ദുര്‍ബലപ്പെടുത്താന്‍ ഈ സെന്‍സസ് കൊണ്ട് കഴിയുമെന്നും ഇന്ത്യ മുന്നണി കണക്കൂകൂട്ടുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in