നിതീഷ് കുമാറും തേജസ്വി യാദവും
നിതീഷ് കുമാറും തേജസ്വി യാദവും

മഹാസഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; പുതിയ 36 മന്ത്രിമാരെന്ന് സൂചന; കൂടുതല്‍ മന്ത്രിമാര്‍ ആര്‍ജെഡിക്ക്

ജെഡിയുവിന് 11 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കും

ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭാ ഇന്ന് വിപുലീകരിക്കും. മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ 36 ഓളം പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഭൂരിഭാഗം മന്ത്രിസ്ഥാനങ്ങളും സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിന് ലഭിക്കും.

നിതീഷ് കുമാര്‍ സര്‍ക്കാരിലെ മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു. ഇതു പ്രകാരം ആര്‍ജെഡിക്ക് 16 ഉം ജെഡിയുവിന് 11ഉം മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്ന് ഒരാളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഒരു എംഎല്‍എയും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. ആഭ്യന്തരം, ധനകാര്യം തുടങ്ങി പ്രധാന വകുപ്പുകളെല്ലാം ആരാണ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെയും വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ആര്‍ജെഡിക്ക് 16ഉം ജെഡിയുവിന് 11ഉം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് വിവരം

കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നത് നിതീഷ് കുമാറായിരുന്നു. മുന്‍ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന വിജയ് കുമാര്‍ ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, ലെഷി സിങ് എന്നിവരെ ഇത്തവണയും ഉള്‍പ്പെടുത്തിയേക്കും.

ബിജെപിയുമായി അടുപ്പമുള്ള ജെഡിയു എംഎല്‍മാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കിയേക്കും

ആര്‍ജെഡി ക്യാമ്പില്‍ നിന്ന് തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, രാമാനന്ദ് യാദവ്, ഭായ് വീരേന്ദ്ര, ലളിത് യാദവ്, അനിതാ ദേവി, കുമാര്‍ സര്‍വ്ജീത്, അലോക് മേത്ത, മുഹമ്മദ് ഷമി, ഷാനവാസ് ആലം, സുധാകര്‍ സിംഗ്, സമീര്‍ മഹാസേത് എന്നിവരാണ് മന്ത്രിമാരുടെ സാധ്യത പട്ടികയിലുള്ളത്. ലാലുപ്രസാദിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാദവ സമുദായത്തില്‍ നിന്നു തന്നെ ഒരുപാട് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന.

നിലവില്‍ 164 എംഎല്‍മാരുടെ പിന്തുണ സര്‍ക്കാരിനുണ്ട്

11.30 ന് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഓഗസ്റ്റ് 10 നാണ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ചുമതലയേറ്റത്. നിലവില്‍ 164 എംഎല്‍മാരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. മന്ത്രിസഭ വികസന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം തേജസ്വി യാദവ് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഈ മാസം ആദ്യമാണ് ബിജെപിയില്‍ നിന്ന് പിരിഞ്ഞ് ആര്‍ജെഡിയുമായി ജെഡിയു മഹാഗഡ്ബന്ധന്‍ സഖ്യം രൂപീകരിച്ചത്.

logo
The Fourth
www.thefourthnews.in