വിശ്വാസം നിതീഷിനുതന്നെ; ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എന്‍ഡിഎ സർക്കാർ

വിശ്വാസം നിതീഷിനുതന്നെ; ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എന്‍ഡിഎ സർക്കാർ

തിങ്കളാഴ്ച സഭ ആരംഭിച്ചതിന് പിന്നാലെ മൂന്ന് ആർജെഡി നേതാക്കൾ എൻഡിഎയ്‌ക്കൊപ്പം ചേർന്നിരുന്നു

ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ആർ ജെ ഡിക്കൊപ്പമുള്ള മഹാസഖ്യ സർക്കാർ ഉപേക്ഷിച്ച് എൻ ഡി എയ്ക്കൊപ്പം ചേർന്നതിന് പിന്നാലെ രൂപീകരിച്ച സർക്കാരാണ് തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിച്ചത്. 130 പേർ ജെഡിയുവിന് അനുകൂലമായി വോട്ട് ചെയ്തു. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 122 പേരുടെ പിന്തുണയായിരുന്നു ആവശ്യം.

ആർജെഡി നേതാക്കള്‍ സഭയിൽനിന്ന് ഇറങ്ങിപ്പോയി. അതിനാടകീയമായി സഭ ആരംഭിച്ചതിന് പിന്നാലെ അഞ്ച് ആർജെഡി നേതാക്കൾ എൻഡിഎയ്‌ക്കൊപ്പം നിന്നു.

താൻ ആരംഭിച്ച സംരംഭങ്ങളുടെ ക്രെഡിറ്റ് ആർജെഡി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. 15 വർഷമായി ലാലു പ്രസാദ്-റാബ്‌റി ദേവി സർക്കാരുകൾ ബിഹാറിൻ്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുൻപ് നിയമസഭാ സ്‌പീക്കറും ആർ ജെഡി നേതാവുമായ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി ഞായറാഴ്ച ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ വിജയ് കുമാർ ചൗധരിയുടെ വീട്ടിൽ യോഗം വിളിച്ചിരുന്നു. അതിൽ വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാനാകുമെന്ന് നിതീഷ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പിനായി തൻ്റെ പാർട്ടിയുടെ എല്ലാ എംഎൽഎമാരും സഭയിൽ ഹാജരാകാനും നിയമസഭാ നടപടികൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വിശ്വാസം നിതീഷിനുതന്നെ; ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എന്‍ഡിഎ സർക്കാർ
നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം തെളിയിക്കും മുൻപ് സ്‌പീക്കർ പുറത്ത്; അവിശ്വാസ പ്രമേയം പാസാക്കി ബിഹാർ നിയമസഭ

243 അംഗ നിയമസഭയിൽ 122 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായിരുന്നത്. നിർണായകമായ വിശ്വാസ വോട്ടെടുപ്പിനെ 128 എംഎൽഎമാരുടെ പിന്തുണയുള്ള എൻഡിഎ സഖ്യം സുഗമായി മറികടക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു.

നിതീഷ് കുമാർ ഒഴികെ ജെഡിയുവിന് 45 എംഎൽഎമാരാണുള്ളത്. എൻഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎൽഎമാരാണുള്ളത്. കൂടാതെ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എംഎൽഎമാരും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യത്തിൽ ഉൾപ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ മന്ത്രി കൂടിയായ സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ്ങും പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in