'2017 മറക്കാം, ഇനി പുതിയ അധ്യായം'; ബീഹാറില്‍ നിതീഷും തേജസ്വിയും, സത്യപ്രതിജ്ഞ നാളെ?

'2017 മറക്കാം, ഇനി പുതിയ അധ്യായം'; ബീഹാറില്‍ നിതീഷും തേജസ്വിയും, സത്യപ്രതിജ്ഞ നാളെ?

160 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ജെഡിയു

ബീഹാറില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ആര്‍ജെഡി ഉള്‍പ്പെട്ട മഹാഗഡ്ബന്ധന്‍ സംഖ്യത്തിന്റെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും. ജെഡിയുവിന് ഇതിനോടകം തന്നെ ആര്‍ജെഡിയും, കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജിക്ക് പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ചാഗു ചൗഹാനെ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 160 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം. പുതിയ സര്‍ക്കാര്‍ ബുധാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാകും ബീഹാറില്‍ ഇനിയുണ്ടാവുക. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. പുതിയ സര്‍ക്കാറില്‍ മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്. ജെഡിയു ബിജെപി സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു 32 കാരനായ തേജസ്വി യാദവ്.

'2017ല്‍ സംഭവിച്ചത് മറക്കാം, ഒരു പുതിയ അധ്യായം ആരംഭിക്കാം' എന്നായിരുന്നു ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ തേജസ്വി യാദവിന് നല്‍കിയ വാഗ്ദാനം എന്ന് ആര്‍ജെഡി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

243 അംഗ ബീഹാര്‍ നിയമ സഭയില്‍ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി പിന്തുണ ഉപേക്ഷിക്കുമ്പോളും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് 160 പേരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ വാദം. 79 അംഗങ്ങളാണ് നിലവില്‍ ആര്‍ജെഡിക്ക് ഉള്ളത്. ജെഡിയുവിന് 45 അംഗങ്ങളുമുണ്ട്. കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ 12, സിപിഎം 2, സിപിഐ 2, എച്ച്എഎം 4, സ്വതന്ത്രന്‍ 1, എഐഎംഐഎം 1. എന്നിങ്ങനെയാണ് ബിജെപി വിരുദ്ധ ചേരിയിലെ കക്ഷി നില. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

ബിജെപിക്ക് മാത്രമായി 77 സീറ്റുകളാണ് ബീഹാറിലുള്ളത്.

അതേസമയം, ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായത് ജനങ്ങളോടും ബിജെപിയോടുമുള്ള വഞ്ചനയാണെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ കുറ്റപ്പെടുത്തി. 2020 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയത്. ഈ സഖ്യമാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ജന വിധിക്ക് എതിരാണ് എന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in